| Tuesday, 13th April 2021, 1:43 pm

ജലീല്‍ രാജിവെച്ചത് സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചത് സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന്. ലോകായുക്ത വിധി വന്നതോടെ ജലീല്‍ രാജിവെക്കണമെന്നായിരുന്നു പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

സി.പി.ഐ.എം മന്ത്രിയായ ഇ.പി ജയരാജനെതിരെ സമാന ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവെച്ചിരുന്നു. എന്നാല്‍ സ്വതന്ത്രനായ ജലീല്‍ രാജിവെക്കാനും മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങാനും തയ്യാറായിരുന്നില്ല.

അതേസമയം ലോകായുക്ത വിധി വന്നതിന് ശേഷം ജലീലിന് മേലുള്ള എല്ലാ പ്രതിരോധവും നഷ്ടമാകുകയും കേന്ദ്രനേതൃത്വം നിലപാട് കര്‍ക്കശമാക്കുകയും ചെയ്തു.

മന്ത്രി എ.കെ ബാലന്‍ ജലീലിനെ പിന്തുണച്ചെങ്കിലും പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ബാലനെ തള്ളിയിരുന്നു.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കെ.ടി.ജലീല്‍ ഉടന്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നുമായിരുന്നു ബാലന്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. ബാലന്റേത് നിയമമന്ത്രി എന്ന നിലയില്‍ നടത്തിയ അഭിപ്രായപ്രകടനമാണ്. പാര്‍ട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു കഴിഞ്ഞുവെന്നായിരുന്നു എം.എ ബേബി പറഞ്ഞത്.

ലോകായുക്ത പറഞ്ഞത് അസാധാരണമായ കാര്യമാണെന്നും ബേബി പറഞ്ഞിരുന്നു. എന്നാല്‍ ജലീല്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു ബാലന്‍ ഇന്നും ആവര്‍ത്തിച്ചത്.

എന്നാല്‍ പാര്‍ട്ടി നിലപാട് രാജിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിക്കുകയായിരുന്നു. ഇതോടെ ജലീല്‍ രാജിവെക്കട്ടേ എന്ന നിലപാട് മുഖ്യമന്ത്രിയും സ്വീകരിക്കുകയായിരുന്നു.

ജലീലിനോട് രാജിവെക്കണമെന്ന് കോടിയേരി എ.കെ.ജി സെന്ററിലേക്ക് വിളിപ്പിച്ച് ആവശ്യപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KT Jaleel CPIM PB Kodiyeri Balakrishnan MA Baby AK Balan

We use cookies to give you the best possible experience. Learn more