തിരുവനന്തപുരം: മാതൃഭൂമി ദിനപത്രത്തില്‍ വന്ന വിവാദ കാര്‍ട്ടൂണില്‍ മറുപടിയുമായി മുന്‍മന്ത്രി കെ.ടി ജലീല്‍. ശ്രേയാംസ് കുമാറിന് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നുവെന്നും സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കുന്നതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്നും കെ.ടി ജലീല്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മിസ്റ്റര്‍ ശ്രേയംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നതെന്താണ്?,’ കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രേയാംസ് കുമാര്‍ ആണ് നിലവില്‍ മാതൃഭൂമിയുടെ ചെയര്‍മാന്‍.
ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് മന്ത്രി സജി ചെറിയാന്‍ രാജിവെച്ചത്. മുഖ്യമന്ത്രിയോട് താന്‍ രാജിവെക്കുകയാണെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയാണെന്നും മാധ്യമങ്ങള്‍ തന്റെ പ്രസംഗത്തെ തെറ്റായി അവതരിപ്പിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സി.പി.ഐ.എം പരിപാടിയിലായിരുന്നു മന്ത്രി ഭരണഘടനയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു രാജി. രാജി പ്രഖ്യാപനം വൈകുംതോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കോട്ടമുണ്ടാകും എന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് രാജി പ്രഖ്യാപനം പെട്ടെന്നുണ്ടായത്.