| Saturday, 9th July 2022, 9:31 am

ഇടത്, കോണ്‍ഗ്രസ്, മുസ്‌ലിം സംഘടനകളുടെ മാധ്യമങ്ങളെ ഒഴിവാക്കി കേന്ദ്ര മന്ത്രിയുടെ യോഗം; മതേതര കുപ്പായമിട്ട് അഭിനയിക്കുന്നവരുടെ തനിനിറം വെളിപ്പെട്ടെന്ന് കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വിളിച്ചുചേര്‍ത്ത മീഡിയാ നടത്തിപ്പുകാരുടെ യോഗത്തില്‍ നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതുവിരുദ്ധ മീഡിയകളെയും മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴുവാക്കിയതായി ആരോപണം. മുന്‍ മന്ത്രി കെ.ടി. ജലീലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.

മാതൃഭുമി, 24 ന്യൂസ്, ഏഷ്യാനെറ്റ്, കേരള കൗമുദി, ദീപിക, മംഗളം, മെട്രോ വാര്‍ത്ത, ന്യൂസ് 18, ജന്മഭൂമി, അമൃത ടി.വി, മനോരമ എന്നീ ചാനലുകള്‍ക്ക് മാത്രമാണ് കേന്ദ്രമന്ത്രിയുടെ യോഗത്തില്‍ ക്ഷണമുണ്ടായിരുള്ളു എന്ന് ജലീല്‍ ആരോപിച്ചു.

‘കുനിയാന്‍ പറഞ്ഞപ്പോള്‍ കാല് നക്കിയവര്‍!
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട്ട് വിളിച്ച് ചേര്‍ത്ത മീഡിയാ നടത്തിപ്പുകാരുടെ യോഗത്തില്‍ നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതു വിരുദ്ധ മീഡിയകളേയും മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കിയ കാര്യം മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ തമസ്‌കരിച്ചത് ഫാസിസം എത്രമാത്രം മീഡിയാ റൂമുകളിലേക്ക് കടന്നു കയറി എന്നതിന്റെ മികച്ച ഉദാഹരണമാണ്.

വര്‍ഗ സ്വഭാവം ഇല്ലാത്ത അതി സങ്കുചിതന്‍മാരാണ് തങ്ങളെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘമിത്ര മാധ്യമങ്ങള്‍ സംശയലേശമന്യേ തെളിയിച്ചു.
‘ഠാക്കൂര്‍ജി, മാധ്യമങ്ങളെ വിളിക്കുമ്പോള്‍ താങ്കള്‍ കാണിച്ച വിവേചനത്തില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു,’ എന്ന് ഒരാള്‍ പറഞ്ഞിരുന്നെങ്കില്‍ കേരളം സാമൂഹ്യ-ഭരണ രംഗങ്ങളില്‍ മാത്രമല്ല ജേര്‍ണലിസ മേഖലയിലും ഇന്ത്യക്ക് വഴിക്കാട്ടിയാണെന്ന വലിയൊരു സന്ദേശം നല്‍കാന്‍ സാധിക്കുമായിരുന്നു,’ കെ.ടി. ജലീല്‍ എഴുതി.

മീഡിയാ റൂമുകളിലിരുന്ന് മതേതര കുപ്പായമിട്ട് അഭിനയിച്ച് തകര്‍ക്കുന്നവരുടെ ‘തനിനിറം’ വെളിപ്പെടാന്‍ അവരുടെ അടിമ മനോഭാവം സഹായകമായി. അടിയന്തിരാവസ്ഥക്കാലത്ത് മുട്ടുകുത്താന്‍ പറഞ്ഞപ്പോള്‍ നിലത്തിഴഞ്ഞ മാധ്യമങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ മോദി കാലത്ത് കുനിയാന്‍ പറഞ്ഞപ്പോള്‍ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം കാണുന്നത്.

ബോംബെയിലെ മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകരായ ടീസ്റ്റ സെത്തല്‍വാദും ആര്‍.ബി ശ്രീകുമാറും കല്‍തുറുങ്കില്‍ അടക്കപ്പെട്ടപ്പോഴും വലതു മാധ്യമങ്ങള്‍ പുലര്‍ത്തിയ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ നയം’ അത്യന്തം ഭീതിതമാണ്.
ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായ പോരാട്ടങ്ങളില്‍ വലതുപക്ഷ മാധ്യമപ്പടയെ പച്ചവെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ജലീല്‍ പറഞ്ഞു.

പണത്തിനും പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും മീതെ മാധ്യമങ്ങളും പറക്കില്ലെന്ന് തെളിഞ്ഞിരിക്കുന്നു.
ഇവര്‍ നല്‍കുന്ന വാര്‍ത്തകള്‍ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിട്ടേക്കുക. സത്യമറിയാന്‍ മറ്റു വഴികള്‍ തേടുക. അതുമാത്രമാണ് പുതിയ കാലത്ത് കരണീയമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: KT Jaleel alleged that the anti-rightist media were expelled from the meeting of media executives convened by Union Minister Anurag Thakur

We use cookies to give you the best possible experience. Learn more