കോഴിക്കോട്: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വിളിച്ചുചേര്‍ത്ത മീഡിയാ നടത്തിപ്പുകാരുടെ യോഗത്തില്‍ നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതുവിരുദ്ധ മീഡിയകളെയും മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴുവാക്കിയതായി ആരോപണം. മുന്‍ മന്ത്രി കെ.ടി. ജലീലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
മാതൃഭുമി, 24 ന്യൂസ്, ഏഷ്യാനെറ്റ്, കേരള കൗമുദി, ദീപിക, മംഗളം, മെട്രോ വാര്‍ത്ത, ന്യൂസ് 18, ജന്മഭൂമി, അമൃത ടി.വി, മനോരമ എന്നീ ചാനലുകള്‍ക്ക് മാത്രമാണ് കേന്ദ്രമന്ത്രിയുടെ യോഗത്തില്‍ ക്ഷണമുണ്ടായിരുള്ളു എന്ന് ജലീല്‍ ആരോപിച്ചു.
‘കുനിയാന്‍ പറഞ്ഞപ്പോള്‍ കാല് നക്കിയവര്‍!
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട്ട് വിളിച്ച് ചേര്‍ത്ത മീഡിയാ നടത്തിപ്പുകാരുടെ യോഗത്തില്‍ നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതു വിരുദ്ധ മീഡിയകളേയും മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കിയ കാര്യം മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ തമസ്‌കരിച്ചത് ഫാസിസം എത്രമാത്രം മീഡിയാ റൂമുകളിലേക്ക് കടന്നു കയറി എന്നതിന്റെ മികച്ച ഉദാഹരണമാണ്.
വര്‍ഗ സ്വഭാവം ഇല്ലാത്ത അതി സങ്കുചിതന്‍മാരാണ് തങ്ങളെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘമിത്ര മാധ്യമങ്ങള്‍ സംശയലേശമന്യേ തെളിയിച്ചു.
‘ഠാക്കൂര്‍ജി, മാധ്യമങ്ങളെ വിളിക്കുമ്പോള്‍ താങ്കള്‍ കാണിച്ച വിവേചനത്തില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു,’ എന്ന് ഒരാള്‍ പറഞ്ഞിരുന്നെങ്കില്‍ കേരളം സാമൂഹ്യ-ഭരണ രംഗങ്ങളില്‍ മാത്രമല്ല ജേര്‍ണലിസ മേഖലയിലും ഇന്ത്യക്ക് വഴിക്കാട്ടിയാണെന്ന വലിയൊരു സന്ദേശം നല്‍കാന്‍ സാധിക്കുമായിരുന്നു,’ കെ.ടി. ജലീല്‍ എഴുതി.