| Monday, 19th February 2024, 10:40 am

ജലീലിനെന്താ ശബരിമലയില്‍ കാര്യമെന്ന് ചോദിച്ച മുരളീധരനോട് താങ്കള്‍ക്കെന്താ മദീനയിൽ കാര്യമെന്ന് ആരും ചോദിച്ചിട്ടില്ല; വി.മുരളീധരനെതിരെ കെ.ടി ജലീൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദീന സന്ദര്‍ശിച്ച കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും വിദേശകാര്യ സഹമന്ത്രി വി.മുരളീധനുമെതിരെ ചോദ്യങ്ങളുമായി സി.പി.ഐ.എം നേതാവ് കെ.ടി ജലീല്‍. സൗദി അറേബ്യയിലെത്തിയ കേന്ദ്ര സംഘത്തോടൊപ്പം ഇരുവരും മസ്ജിദുന്നബവി പള്ളിയും ഖുബ മസ്ജിദും സന്ദര്‍ശിച്ചിരുന്നു.

ജലീലിനെന്താ ശബരിമലയില്‍ കാര്യമെന്ന് ചോദിച്ച വി.മുരളീധരനോട് താങ്കള്‍ക്കെന്താ മദീനയിൽ കാര്യമെന്ന് ആരും ചോദിച്ചിട്ടില്ലെന്ന് ജലീല്‍ പറഞ്ഞു. യാത്രകളും അനുഭവങ്ങളും മനുഷ്യന്റെ മനസ് മാറ്റുമെന്നാണ് പറയാറുള്ളത്. പക്ഷെ മോദിജിയുടെയും സ്മൃതി ഇറാനിയുടെയും മുരളീധരന്റെയും കാര്യത്തില്‍ അതെന്താണ് സംഭവിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

‘ജലീലിനെന്താ ശബരിമലയില്‍ കാര്യമെന്ന് ചോദിച്ച മുരളീധരനോട് താങ്കള്‍ക്കെന്താ മദീനത്തില്‍ കാര്യമെന്ന് ആരും ചോദിച്ചിട്ടില്ല. അതാണ് സംഘികളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.ലോകത്തിന്റെ പല ഭാഗത്ത് പോയപ്പോഴും നേരില്‍ കണ്ട യാഥാര്‍ഥ്യങ്ങള്‍ ഭാരതീയരോട് അവര്‍ പങ്കുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അതോടെ തീരുന്ന പ്രശ്‌നങ്ങളേ ഇന്ത്യയിലുള്ളൂ’, ജലീല്‍ പറഞ്ഞു. തദ്ദേശ വകുപ്പ് മന്ത്രിയായിരിക്കെ ശബരിമല സന്ദര്‍ശിച്ച ജലീലിന്റെ നടപടിയെ അന്ന് മുരളീധരനുള്‍പ്പടുയുള്ള ബി.ജെ.പി നേതാക്കള്‍ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു.

മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദുന്നബവിയിലേക്കും ലോകത്തിലെ ആദ്യ മസ്ജിദായ ഖുബാ പള്ളിയിലേക്കും ഉഹ്ദ് മലയിലേക്കുമെല്ലാം എത്രയോ കാലങ്ങളായി മുസ്‌ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. മതത്തിന്റേതല്ലാത്ത ആ മതനിയമം സൗദി ഗവണ്‍മെന്റ് പൊളിച്ചെഴുതി. എന്നാല്‍ ചരിത്രം മാറ്റിക്കുറിച്ച ആ തീരുമാനം നമ്മുടെ നാട്ടിലെ സംഘപരിവാറുകാര്‍ അറിഞ്ഞിട്ടില്ലേയെന്നും ജലീല്‍ ചോദിച്ചു.

അബുദാബിയിലെത്തിയ കെ.ടി ജലീല്‍ അടുത്തിടെ പണി പൂര്‍ത്തിയായ ബാപ്‌സ് ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രവും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഒരു പള്ളിയുടെ ചിത്രം കൊത്തിയുണ്ടാക്കിയ കല്ലുകള്‍ പതിച്ച് പണിത ലോകത്തിലെ തന്നെ ആദ്യ ക്ഷേത്രമാകും അബുദാബിയിലെ ബാപ്‌സ് ക്ഷേത്രമെന്ന് ജലീൽ പറ‍ഞ്ഞു.

‘അറേബ്യന്‍ സംസ്‌കാരത്തിന്റെ ഭൂതവും വര്‍ത്തമാനവും ദ്യോതിപ്പിക്കുന്ന കൊത്തുപണികള്‍ ഏകശിലാ സംസ്‌കാര വാദത്തിന്റെ മുനയൊടിക്കുന്നതാണ്. അബൂദാബിയിലെ ഗ്രാന്റ് മസ്ജിദിന്റെ ചിത്രവും അറബ് വേഷധാരികളായ മനുഷ്യരുടെ ചിത്രങ്ങളും അവര്‍ക്കരികെ സന്യാസിവര്യരുടെ രൂപങ്ങളും ക്ഷേത്ര കവാടത്തിന്റെ ഏറ്റവും മുന്നില്‍തന്നെ ചുമരില്‍ കൊത്തിവെച്ചത് നല്‍കുന്ന മതമൈത്രിയുടെ സന്ദേശം അതിരുകളില്ലാത്ത ലോകമാണ് നമുക്ക് കാണിച്ചു തരിക. ഒരുപക്ഷെ ലോകത്തിലെ തന്നെ ഒരു പള്ളിയുടെ ചിത്രം കൊത്തിയുണ്ടാക്കിയ കല്ലുകള്‍ പതിച്ച് പണിത ആദ്യ ക്ഷേത്രമാകും ബാപ്‌സ് ക്ഷേത്രം’, ജലീല്‍ പറഞ്ഞു.

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തോടെ സൗദി അറേബ്യ മത സഹിഷ്ണുതയുടെ പുതുചരിതമാണ് രചിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച് കൊണ്ട് ജനുവരി എട്ടിനാണ് സ്മൃതി ഇറാനിയുള്‍പ്പടെയുള്ള കേന്ദ്ര സംഘം മദീന സന്ദര്‍ശിച്ചത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാലില്‍ ഇരു രാജ്യങ്ങളും അന്ന് ഒപ്പ് വെച്ചിരുന്നു.

Contant Highlight: KT Jaleel against v muraleedharan on their Saudi visit

Latest Stories

We use cookies to give you the best possible experience. Learn more