| Saturday, 29th April 2023, 3:14 pm

അതിരൂപത പറഞ്ഞ തീവ്രവാദ വേരുകള്‍ അന്വേഷിക്കാം; എന്ത് 'പട്ടം' ചാര്‍ത്തിത്തന്നാലും അനീതിക്കെതിരെ പോരാടും: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തീവ്രവാദ ബന്ധമുണ്ടെന്ന ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രത്തിലെ പരാമര്‍ശത്തില്‍ മറുപടിയുമായി മുന്‍ മന്ത്രി കെ.ടി.ജലീല്‍ എം.എല്‍.എ. ചെറുപ്പം മുതല്‍ ക്രൈസ്തവ പുരോഹിതന്‍മാരെ എനിക്ക് ഇഷ്ടമാണെന്നും കുറച്ചു കാലമായി ചില പിതാക്കന്‍മാരില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പുരോഹിതര്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

‘ചെറുപ്പം മുതല്‍ ക്രൈസ്തവ പുരോഹിതന്‍മാരെ എനിക്ക് ഇഷ്ടമാണ്. സിനിമകളിലൂടെയാണ് അവരുടെ വിശുദ്ധ വേഷവും സ്‌നേഹമസൃണമായ ശാന്ത മുഖവും മനസ്സില്‍ പതിഞ്ഞത്. ജനങ്ങള്‍ക്കിടയില്‍ മൈത്രിയുടെ ദൂതന്‍മാരായാണ് തിരുമേനിമാര്‍ സമൂഹത്തില്‍ വര്‍ത്തിച്ചത്.

എന്നാല്‍ കുറച്ചു കാലമായി ചില പിതാക്കന്‍മാരില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചു. ഐക്യത്തിന്റെ സ്വരമല്ല വെറുപ്പിന്റെ ശബ്ദമാണ് അത്തരം പദപ്രയോഗങ്ങളിലൂടെ ശ്രവിച്ചത്. ആ പ്രസ്താവനകള്‍ താഴേ പറയും പ്രകാരം സംഗ്രഹിക്കാം.

‘ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനാണ് ഞങ്ങള്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയത്’, ‘ക്രൈസ്തവ പെണ്‍കുട്ടികളെ മുസ്‌ലിം ചെറുപ്പക്കാര്‍ ബോധപൂര്‍വം പ്രേമിച്ച് (ലവ് ജിഹാദ്) മതം മാറ്റി വിവാഹം കഴിക്കുന്നു’, ‘ഹലാല്‍ ഭക്ഷണം ക്രൈസ്തവര്‍ ഉപേക്ഷിക്കണം’, ‘മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ വര്‍ഗീയതയുണ്ട്’, ‘മയക്ക് മരുന്ന് നല്‍കി ക്രൈസ്തവ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്ന ‘നാര്‍കോട്ടിക് ജിഹാദ്’ കേരളത്തില്‍ സജീവമാണ്’, ‘റബറിന് 300 രൂപ കിട്ടിയാല്‍ ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് എം.പിമാരില്ലാത്ത കുറവ് പരിഹരിക്കാം’, ‘നരേന്ദ്രമോദി മാതൃകാ ഭരണകര്‍ത്താവാണ്’,’ അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രസ്താവനകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണം ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ നടത്തിയിട്ടുണ്ടെന്നും അതിലെവിടെയും ക്രൈസ്തവ സമുദായത്തെ വേദനിപ്പിക്കുന്ന ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റബറിന് നല്‍കുന്ന 300 രൂപ വാങ്ങാന്‍ മതന്യൂനപക്ഷങ്ങളുടെ ഉടലില്‍ തല വേണ്ടേയെന്ന് വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തെ മുന്‍നിര്‍ത്തി പ്രതീകാത്മകമായി പറഞ്ഞ വാക്കുകള്‍ സുരേന്ദ്രനും കൂട്ടരും വളച്ചൊടിക്കുന്നത് മനസ്സിലാക്കാം.

ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രം എല്ലാം അറിഞ്ഞിട്ടും എന്റെ വാചകങ്ങളെ വികലമാക്കി അവതരിപ്പിച്ചതാണ് ആശ്ചര്യകരം!

‘എന്റെ ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളില്‍ ഒരു കുടുംബമാണ് വര്‍ഷങ്ങളായി വളാഞ്ചേരിയില്‍ മെഡിക്കല്‍ രംഗത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോ: ജിമ്മി ജോസഫിന്റേത്. (ഫോണ്‍: 9388107463). അദ്ദേഹത്തോട് ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രത്തിന്റെ ലേഖകന്‍ എന്റെ ‘തീവ്രവാദവേരുകളും” ക്രൈസ്തവ വിരുദ്ധതയും ചോദിച്ച് മനസ്സിലാക്കിയാല്‍ നന്നാകും,’ കെ.ടി. ജലീല്‍ പറഞ്ഞു.

ന്യായമായത് ആര്‍ക്കെങ്കിലും നിഷേധിച്ചാലും നോക്കി നില്‍ക്കില്ലെന്നും അത്തരം അനീതികള്‍ക്കെതിരെ അവസാന ശ്വാസം വരെ പടപൊരുതുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അതിരൂപത പറഞ്ഞ ‘തീവ്രവാദ വേരുകള്‍’
ചെറുപ്പം മുതല്‍ ക്രൈസ്തവ പുരോഹിതന്മാരെ എനിക്ക് ഇഷ്ടമാണ്. സിനിമകളിലൂടെയാണ് അവരുടെ വിശുദ്ധ വേഷവും സ്‌നേഹമസൃണമായ ശാന്ത മുഖവും മനസ്സില്‍ പതിഞ്ഞത്. ജനങ്ങള്‍ക്കിടയില്‍ മൈത്രിയുടെ ദൂതന്‍മാരായാണ് തിരുമേനിമാര്‍ സമൂഹത്തില്‍ വര്‍ത്തിച്ചത്.

എന്നാല്‍ കുറച്ചു കാലമായി ചില പിതാക്കന്മാരില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചു. ഐക്യത്തിന്റെ സ്വരമല്ല വെറുപ്പിന്റെ ശബ്ദമാണ് അത്തരം പദപ്രയോഗങ്ങളിലൂടെ ശ്രവിച്ചത്. ആ പ്രസ്താവനകള്‍ താഴേ പറയും പ്രകാരം സംഗ്രഹിക്കാം.

‘ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനാണ് ഞങ്ങള്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയത്’, ‘ക്രൈസ്തവ പെണ്‍കുട്ടികളെ മുസ്‌ലിം ചെറുപ്പക്കാര്‍ ബോധപൂര്‍വ്വം പ്രേമിച്ച് (ലവ് ജിഹാദ്) മതം മാറ്റി വിവാഹം കഴിക്കുന്നു’, ‘ഹലാല്‍ ഭക്ഷണം ക്രൈസ്തവര്‍ ഉപേക്ഷിക്കണം’, ‘മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ വര്‍ഗീയതയുണ്ട്’, ‘മയക്ക് മരുന്ന് നല്‍കി ക്രൈസ്തവ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്ന ‘നാര്‍കോട്ടിക് ജിഹാദ്’ കേരളത്തില്‍ സജീവമാണ്’, ‘റബ്ബറിന് 300 രൂപ കിട്ടിയാല്‍ ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് എം.പിമാരില്ലാത്ത കുറവ് പരിഹരിക്കാം’, ‘നരേന്ദ്രമോദി മാതൃകാ ഭരണകര്‍ത്താവാണ്’,

ഇത്തരം പ്രസ്താവനകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണം ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ നടത്തിയിട്ടുണ്ട്. അതിലെവിടെയും ക്രൈസ്തവ സമുദായത്തെ വേദനിപ്പിക്കുന്ന ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട വ്യക്തികളെ മാത്രമാണ് വിമര്‍ശിച്ചത്. ആരെയെങ്കിലും തല്ലാനോ കൊല്ലാനോ ആരുടെയെങ്കിലും തലയെടുക്കാനോ ആഹ്വാനം ചെയ്തിട്ടില്ല.

റബ്ബറിന് നല്‍കുന്ന 300 രൂപ വാങ്ങാന്‍ മതന്യൂനപക്ഷങ്ങളുടെ ഉടലില്‍ തല വേണ്ടേയെന്ന് വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തെ മുന്‍നിര്‍ത്തി പ്രതീകാത്മകമായി പറഞ്ഞ വാക്കുകള്‍ സുരേന്ദ്രനും കൂട്ടരും വളച്ചൊടിക്കുന്നത് മനസ്സിലാക്കാം.

ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രം എല്ലാം അറിഞ്ഞിട്ടും എന്റെ വാചകങ്ങളെ വികലമാക്കി അവതരിപ്പിച്ചതാണ് ആശ്ചര്യകരം!’ഹാഗിയ സോഫിയ’ വിവാദ കാലത്ത് ചില മുസ്‌ലിം സംഘടനകളുടെ നിലപാടുകളെ എതിര്‍ത്ത് ‘മലയാളം’വാരികയില്‍ ഞാനെഴുതിയ ലേഖനം വായനാശീലമുള്ളവരുടെ ഓര്‍മ്മപ്പുറത്തുണ്ടാകും.

എന്റെ ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളില്‍ ഒരു കുടുംബമാണ് വര്‍ഷങ്ങളായി വളാഞ്ചേരിയില്‍ മെഡിക്കല്‍ രംഗത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോ: ജിമ്മി ജോസഫിന്റേത്. (ഫോണ്‍: 9388107463). അദ്ദേഹത്തോട് ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രത്തിന്റെ ലേഖകന്‍ എന്റെ ‘തീവ്രവാദവേരുകളും” ക്രൈസ്തവ വിരുദ്ധതയും ചോദിച്ച് മനസ്സിലാക്കിയാല്‍ നന്നാകും.

ഈ വിനീതന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് കേരളത്തില്‍ ആദ്യമായി സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് ‘സ്വയംഭരണാവകാശം’കൊടുത്തത്. അന്ന്  ലഭിച്ച മൂന്ന് സ്ഥാപനങ്ങളാണ് സെന്റ് ഗിറ്റ്‌സും രാജഗിരിയും മാര്‍ ബസേലിയോസും.

അവരോട് തിരക്കിയാല്‍ എന്റെ ‘തീവ്രവാദവേര്’ എത്രത്തോളമുണ്ടെന്ന് ഇരിഞ്ഞാലക്കുട അതിരൂപതക്ക് ഗ്രഹിക്കാം. ഞാന്‍ തദ്ദേശമന്ത്രിയായപ്പോള്‍ തദ്ദേശവകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് ടി.കെ ജോസ് ഐ.എ.എസ്സാണ്. അദ്ദേഹത്തോടും എന്റെ ക്രൈസ്തവ വിരുദ്ധയെ സംബന്ധിച്ച് അതിരൂപത ‘മുഖപത്രത്തിന്റെ’ എഡിറ്റര്‍ക്ക് ചോദിക്കാം.

ഞാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ച സന്ദര്‍ഭത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ഉഷാ ടൈറ്റസായിരുന്നു. അവരോടും എന്റെ ‘തീവ്രവാദവേരുകളും ക്രൈസ്തവ വിരുദ്ധതയും” ലേഖകന് ചോദിച്ച് മനസ്സിലാക്കാം.

ആലപ്പുഴ എസ്.എന്‍. കോളേജില്‍ നിന്ന് തിരുവനന്തപുരം ഗവ: വനിതാ കോളേജിലേക്ക് ഞാന്‍ മുന്‍കയ്യെടുത്ത് കോളേജ് മാറ്റം നല്‍കിയ, അച്ഛനും അമ്മയും നഷ്ടപ്പെട്ട പാവപ്പെട്ട ക്രൈസ്തവ പെണ്‍കുട്ടിയോടും അവരുടെ മുത്തശ്ശിയോടും എന്നെ സംബന്ധിച്ച് ആരായാം. എന്റെ നിയോജക മണ്ഡലത്തിലെ കൊടക്കല്‍ മിഷന്‍ ഹോസ്പിറ്റലിന്റെ മാനേജ്‌മെന്റിനോടും അതോട് ചേര്‍ന്നുള്ള ചര്‍ച്ചിലെ അച്ഛന്‍മാരോടും ക്രൈസ്തവ വിശ്വാസികളായ തവനൂരിലെ വോട്ടര്‍മാരോടും എന്റെ ‘ക്രൈസ്തവ വിരുദ്ധതയെ’ സംബന്ധിച്ച് പത്രത്തിന്റെ എഡിറ്റര്‍ക്ക് ചോദിച്ചറിയാം.

വിവിധ ആവശ്യങ്ങള്‍ക്കായി എം.എല്‍.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും എന്നെ വന്ന് കണ്ട ഒരുപാട് ക്രൈസ്തവ സഹോദരങ്ങളുണ്ട്. അവരോടും എന്റെ ‘തീവ്രവാദവേരുകള്‍’ ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രത്തിന്റെ പത്രാധിപര്‍ക്ക് ചികയാം.

ബി.ജെ.പിക്കാരും ആര്‍.എസ്.എസുകാരും ഭീകരവാദിയെന്നോ, ഇരിഞ്ഞാലക്കുട അതിരൂപതാ മുഖപത്രം തീവ്രവാദിയെന്നോ സംഘടിതമായി ചാപ്പ കുത്തിയാലും വര്‍ഗീയ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്തിരിയുമെന്ന തെറ്റിദ്ധാരണ വേണ്ട.

ആര് എന്ത് വിളിച്ചാലും അതെനിക്കൊരു വിഷയമല്ല. വസ്തുതാ വിരുദ്ധമായി ”എവന്‍’ പറഞ്ഞാലും അതിനോട് വിയോജിക്കും. എതിര്‍പ്പ് പ്രകടിപ്പിക്കും. ഞാനാരാണെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട്. സംഘികളുടെയും കൃസംഘികളുടെയും മുസംഘികളുടെയും വര്‍ഗീയതകളെ ‘നിഷ്‌കരുണം’ ഇക്കാലമത്രയും തുറന്ന് കാട്ടിയിട്ടുണ്ട്.

ഒന്നിനോടും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. എല്ലാ മതസമുദായങ്ങളിലെയും വര്‍ഗീയ കോമരങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നതില്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. അതിന്റെ പേരില്‍ മുസ്‌ലിം തീവ്രന്‍മാരുടെ ഭീകരമായ എതിര്‍പ്പ് എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അവരെല്ലാവരും കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയുടെ കൂടെച്ചേര്‍ന്ന് ഒരു ചാരിറ്റി തലവനെ കളത്തിലിറക്കിയത് ആരും മറന്ന് കാണില്ല.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആളുകളെ വിഭാഗീകരിച്ച് തല്ലാനും കൊല്ലാനും പുറപ്പെട്ടാല്‍ നാവടക്കി നില്‍ക്കില്ല. ന്യായമായത് ആര്‍ക്കെങ്കിലും നിഷേധിച്ചാലും നോക്കി നില്‍ക്കില്ല. അത്തരം അനീതികള്‍ക്കെതിരെ അവസാന ശ്വാസം വരെ പടപൊരുതും. എന്ത് ‘പട്ടം’ ആരൊക്കെ ചാര്‍ത്തിത്തന്നാലും ശരി.

CONTENT HIGHLIGHT: KT JALEEL AGAINST STATEMENT OF IRINJALAKKUDA ARCHDIOCESE

Latest Stories

We use cookies to give you the best possible experience. Learn more