മലപ്പുറം: പത്താം ക്ലാസുകാരിയെ പൊതുവേദിയില്‍ അപമാനിച്ചെന്ന വിവാദത്തില്‍ സമസ്ത നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എ. സമസ്തയുടെ നിലപാടുകളെ മുസ്‌ലിം മത വിശ്വാസികള്‍ പുച്ഛിച്ച് തള്ളുമെന്ന് ജലീല്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ വിദ്യ അഭ്യസിക്കുന്നതില്‍ അസഹിഷ്ണുതയുള്ളവരാണ് ഇത്തരം നിലപാട് എടുക്കുന്നതെന്നും ജലീല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ജലീലിന്റെ പ്രതികരണം.
അവകാശങ്ങള്‍ ലംഘിക്കുന്നത് വിശ്വാസപരമായി ശരിയല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവര്‍ നിലപാട് തിരുത്തിയത്. സൗദിയുടെ അമേരിക്കന്‍ അംബാസിഡറായി സ്ത്രീയെ നിയമിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതര മതസ്തരുടെ ആരാധാലയങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ യു.എ.ഇ അമ്പലം പണിയാന്‍ അനുമതി നല്‍കിയെന്നും ജലീല്‍ പറഞ്ഞു.
വിവാദം ഉണ്ടാക്കിയത് പുറത്തു നിന്നുള്ള ആരുമല്ലെന്നും സമസ്തയുടെ നിലപാടുകളോട് വിയോജിക്കാനും ഇന്ത്യന്‍ ഭരണഘടന പ്രകാരം അവകാശമുണ്ടെന്ന് ജലീല്‍ പ്രതികരിച്ചു.
സമസ്തയുടെ നിലപാടുകളില്‍ ആത്മാര്‍ത്ഥയില്ല. സമസ്തയുടെ നിലപാട് അറിയുന്നവരാണ് കുട്ടിയെ പരിപാടിക്ക് വിളിച്ചത്. അങ്ങനെ എന്തെങ്കിലും അരുതായ്മ ഉണ്ടായിരുന്നെങ്കില്‍ സംഘടനയെയാണ് അറിയിക്കണ്ടേത് അതിനുപകരം പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് ശരിയായ സമീപനമായിരുന്നില്ലെന്നും ജലീല്‍ വിമര്‍ശിച്ചു.
മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ അബാസ് അലി ഷിഹാബ് തങ്ങളും വേദിയില്‍ ഉണ്ടായിരുന്നു. അദ്ദേഹം സമസ്തയുടെ ഭാരവാഹത്വം ഉണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന് സമ്മാനം നല്‍കാന്‍ കുഴപ്പമുണ്ടായിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു.