കോഴിക്കോട്: സമസ്ത- ലീഗ് തര്‍ക്കവുമായി ബന്ധപ്പെട്ട് ‘തലയിരിക്കുമ്പോള്‍ വാലാടേണ്ട കാര്യമില്ല’ എന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്ഥാവനക്കെതിരെ സി.പി.ഐ.എം സ്വതന്ത്ര എം.എല്‍.എ കെ.ടി ജലീല്‍. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ സങ്കല്‍പ്പങ്ങളാണെന്നും സദിഖലി തങ്ങളുടെ പേര് എടുത്ത് പറയാതെയുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ പറഞ്ഞു.
സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാന്‍ ലീഗ് നേതൃത്വം പഠിക്കണമെന്നും ജലീല്‍ പറഞ്ഞു.
‘തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല! കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ സങ്കല്‍പ്പങ്ങളാണ്. ജന്‍മിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്. പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ പിന്‍മുറക്കാരാണ്.
അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്‍മാരുടെ ”മെക്കട്ട്’ കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ കുടിയാനായി കാണുന്ന ചില രാഷ്ട്രീയ ജന്മിമാരുടെ ”ആഢ്യത്വം” കയ്യില്‍ വെച്ചാല്‍ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചുവാങ്ങാന്‍ ലീഗ് നേതൃത്വം പഠിക്കണം,’ കെ.ടി. ജലീല്‍ പറഞ്ഞു.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പരാമര്‍ശത്തിന്റെ പേരില്‍ സമസ്തയിലെ പോഷക സംഘടനകളുടെ പ്രതിഷേധത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ‘തലയിരിക്കുമ്പോള്‍ വാലാടേണ്ട കാര്യമില്ലെ’ന്ന് സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നത്. സലാമിന്റെ പ്രസ്താവനയില്‍ സമസ്തയുടെ ഒരു നേതാവും പ്രതിഷേധമറിയിച്ചിട്ടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു.
Content Highlight: KT Jaleel against sadikali shihab thangal