അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്ത്: കെ.ടി. ജലീല്‍
Kerala News
അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്ത്: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2023, 11:17 am

തിരുവനന്തപുരം: കേരളത്തില്‍ രാവും പകലും ചിലര്‍ സ്വര്‍ണക്കടത്ത് നടത്തുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ ചോദിച്ചു.

‘അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്ത്.
സ്വര്‍ണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കില്‍ അത് പിടിക്കാനല്ലേ കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍.

അവര്‍ക്ക് സ്വര്‍ണ്ണം കടത്തുന്നത് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ആ വകുപ്പുകള്‍ പിരിച്ചുവിട്ട് ശേഷിയുള്ളവരെ ചുമതല ഏല്‍പ്പിക്കണം,’ അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവിടെ പൊതുവിദ്യാലയങ്ങള്‍ പണിതത് വര്‍ഗീയതയെ പുറത്താക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവനവന്റെ കഴിവുകേട് മറച്ചു വെക്കാന്‍ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏര്‍പ്പാട്, കേരളത്തില്‍ നിന്ന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കില്‍ ആ പൂതി പൂവണിയില്ല മോദിജീ.

കാരണം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഞങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ പണിതത് വര്‍ഗീയക്കോമരങ്ങളെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്. അല്ലാതെ അവര്‍ക്ക് വെഞ്ചാമരം വീശാനല്ല,’ കെ.ടി. ജലീല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ യുവം പരിപാടിയിലാണ് മോദി സ്വര്‍ണക്കടത്തിനെ കുറിച്ച് സംസാരിച്ചത്.

‘കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടെ കേരളത്തില്‍ ചിലര്‍ രാവും പകലും അധ്വാനിക്കുന്നത് സ്വര്‍ണക്കടത്ത് നടത്തുന്നതിനാണ്. സ്വര്‍ണക്കടത്ത് പോലെയുള്ള കാര്യങ്ങള്‍ യുവാക്കളില്‍നിന്ന് മറച്ചുവെക്കാനാകില്ല. അധികാരത്തിലിരിക്കുന്നവര്‍ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടുന്നത് എങ്ങനെയാണെന്ന് യുവാക്കള്‍ക്ക് നന്നായറിയാം,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം യുവം പരിപാടിയെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു.

കൊട്ടിഘോഷിച്ച യുവം പരിപാടി മറ്റൊരു മന്‍കീ ബാത്ത് ആക്കി മാറ്റി പ്രധാനമന്ത്രി കേരള സമൂഹത്തിന് മുന്നില്‍ അപഹാസ്യനായെന്നാണ് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞത്.

ഏതാണ്ട് ഒരു വര്‍ഷത്തിലധികം സമയമെടുത്ത് പ്രൊഫഷണല്‍ ഏജന്‍സികളെ വച്ച് നിഷ്പക്ഷ ലേബലില്‍ നടത്തിയെടുക്കാന്‍ ശ്രമിച്ച പരിപാടിയാണ് യുവമെന്നും അതില്‍ വിമര്‍ശിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയതാണ് നരേന്ദ്ര മോദി.

content highlight: kt jaleel against narendra modi