| Thursday, 16th April 2020, 4:31 pm

കെ.എം ഷാജിയുടെ പ്രസ്താവന പച്ചനുണ; മുസ്‌ലീം ലീഗിലെ എല്ലാവരും ഷാജിയെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയ ഫണ്ട് വകമാറ്റി ചിലവഴിച്ചെന്നുള്ള കെ.എം ഷാജി എം.എല്‍.എയുടെ ആരോപണം പച്ചനുണയെന്ന് മന്ത്രി കെ.ടി ജലീല്‍. ഷാജി കൊവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും ജലീല്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മറ്റാവശ്യങ്ങള്‍ക്ക് പണമെടുത്തിട്ടില്ല. ജനങ്ങളോട് കള്ളം പറയുന്നത് മാന്യമാണോ എന്ന് മുസ്‌ലീം ലീഗ് നേതൃത്വം ആലോചിക്കണമെന്നും കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.

അനാവശ്യമായ വിവാദങ്ങളാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്. മുസ്‌ലീം ലീഗ് മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങുന്ന കാഴ്ചയായിരുന്നു ഈ അടുത്ത കാലത്തായി കണ്ടത്. ലീഗും ലീഗിന്റെ പോഷക സംഘടനകളും സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായ ഘട്ടത്തിലാണ് മുസ്‌ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരിലൊരാള എം.എല്‍.എയില്‍ നിന്നും സത്യസന്ധമല്ലാത്ത പരാമര്‍ശം വരുന്നത്.

ദുരിതാശ്വാസ ഫണ്ട് മറ്റുപല കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുമെന്ന രീതിയിലാണ് കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്ഥിരസംവിധാനമാണ്. അതിലേക്ക് എല്ലാ ബഡ്ജറ്റിലും പണം നീക്കിവെക്കാറാണ് പതിവ്. അതില്‍ നിന്നാണ് പെട്ടെന്നുള്ള കാര്യങ്ങള്‍ക്ക് വേണ്ടി, ദുരിതാശ്വാസ കാര്യങ്ങള്‍ക്ക് വേണ്ടി പണം എടുക്കുക.

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മൂലം ലഭിച്ച തുകയെല്ലാം അതത് കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കാറുണ്ട്. അക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തന്നെ നിര്‍ബന്ധബുദ്ധിയുണ്ട് എന്നതില്‍ ആര്‍ക്കും സംശയമുണ്ടെന്ന് തോന്നിയില്ല.

അതിന്റെ കൂടി തെളിവാണ് പ്രളയകാലത്തെ സഹായ നിധിയിലേക്ക് ഒഴുകിയെത്തിയ 100 കണക്കിന് കോടി രൂപ. അര്‍ഹതപ്പെട്ടവര്‍ക്ക് യഥാവിധി പണം നല്‍കിയ ചരിത്രമാണ് സര്‍ക്കാരിനുള്ളത്. അത്തരമൊരു സന്ദര്‍ഭത്തിലാണ് തീര്‍ത്തും സത്യസന്ധമല്ലാത്ത, പച്ചനുണ എഴുന്നള്ളിക്കപ്പെട്ടിരിക്കുന്നത്.

മുസ്‌ലീം ലീഗിലെ എല്ലാ നേതാക്കളും ഈ പ്രസ്താവനയോട് യോജിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ലീഗുമായി ബന്ധപ്പെട്ട എല്ലാ സംഘടനയും പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്.

ഇത്തരം പ്രസ്താവന കേരളസമൂഹം പുച്ഛിച്ചുതള്ളുകയേ ഉള്ളൂ. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് മാറി മാറി വന്ന സര്‍ക്കാരുകള്‍ പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പണം വിനിയോഗിച്ചിട്ടുണ്ട്.

മാറാട് കേസ് നടത്താന്‍, സരിത കേസ്, ഐസ്‌ക്രീം പാര്‍ലര്‍ കേസ്, കോഴക്കേസ് ഉള്‍പ്പെട പല കേസിലും സര്‍ക്കാരിന്റെ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതൊന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നല്ല. അങ്ങനെ ചെലവാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിനോ എല്‍.ഡി.എഫ് സര്‍ക്കാരിനോ സാധിക്കില്ല. അതിന് ചില മാനദണ്ഡങ്ങളുണ്ട്.

സത്യസന്ധമല്ലാത്ത പ്രസ്താവന നടത്തുന്നത് മാന്യമാണോ എന്ന് ലീഗ് ആലോചിക്കണം. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു അത്തരമൊരു സാഹചര്യത്തിലാണ് ലീഗിന്റെ ഒരു ഭാരവാഹി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് ഏവരേയും അത്ഭുതപ്പെടുത്തുന്നു.

രാഷ്ട്രീയ വിഷയങ്ങളില്‍ വിജോയിച്ച് രേഖപ്പെടുത്താം. അതിന് സമയവും സന്ദര്‍ഭവും പ്രയോഗിക്കേണ്ട വാക്കുകളില്‍ പുലര്‍ത്തേണ്ട മാന്യതയുമുണ്ട്. ഇതൊന്നും പാലിക്കപ്പെടാതെയാണ് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുകയും പിന്നീട് തിരുത്താന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നത്.

മുനീറിന്റെ സാന്നിധ്യത്തിലാണ് പരാമര്‍ശം എന്നത് ഏറെ വേദനിപ്പിക്കുന്നു. സി.എച്ചിന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് അന്നത്തെ സര്‍ക്കാര്‍ ആവുന്നത്ര സഹായം നല്‍കിയിരുന്നു. അത് ചെയ്യേണ്ടത് തന്നെയാണ്. ഇത്തരത്തിലുള്ള സഹായം എല്ലാവരും ചെയ്തിട്ടുണ്ട്.

എന്നാല്‍ കുടുംബങ്ങള്‍ക്ക് മാനഹാനി വരുത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് ശരിയായിരുന്നോ? ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട അവസരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്നത് എത്രമാത്രം നാടിന്റെ താത്പര്യത്തിന് വിരുദ്ധമാണ്.

മുഖ്യമന്ത്രിയോട് രാഷ്ട്രീയ വിയോജിപ്പുള്ളവര്‍ക്ക് അത് പറയാം. എന്നാല്‍ അസത്യം സത്യമാണെന്ന രൂപത്തില്‍ അവതരിപ്പിക്കുന്നത് മഹാ അപരാധമാണ്. ഇത്തരമൊരു ഘട്ടത്തില്‍ മുസ്‌ലീം ലീഗ് പാര്‍ട്ടിയും സെക്രട്ടറിയും തിരുത്തുകയാണ് വേണ്ടത്. ന്യായീകരിക്കാനല്ല ശ്രമിക്കേണ്ടത്. ഈ സമയത്ത് കക്ഷി രാഷ്ട്രീയം മറന്ന് ഏവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും കെ.ടി ജലീല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more