| Wednesday, 13th April 2022, 8:56 am

രണ്ട് വര്‍ഷം മുമ്പ് പച്ചക്കള്ളം പറഞ്ഞ പഴയ സുഹൃത്തിന് നോമ്പിന്റെ ആദ്യ പത്തില്‍ തന്നെ ശിക്ഷ കിട്ടുമെന്ന് കരുതിയില്ല: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:മുന്‍ എം.എല്‍.എ കെ.എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ..ഡി കണ്ടുകെട്ടിയ സംഭവത്തില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍.
രണ്ട് വര്‍ഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവര്‍ക്ക് നോമ്പിന്റെ ആദ്യ പത്തില്‍ തന്നെ ശിക്ഷ കിട്ടുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഇ.ഡി, കസ്റ്റംസ്, എന്‍.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജന്‍സികളാണ് തനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തതെന്നും ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ തന്നില്‍ നിന്ന് കണ്ടുകെട്ടാനോ അവര്‍ക്ക് സാധിച്ചില്ലെന്നും ജലീല്‍ പറഞ്ഞു. ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അതെന്നും ജലീല്‍ പറഞ്ഞു.

”വിശുദ്ധ ഖുര്‍ആന്റെ മറവില്‍ ഈയുള്ളവന്‍ സ്വര്‍ണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുര്‍ആനല്ല കിട്ടിയ സ്വര്‍ണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ എന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോള്‍ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഇ.ഡി, കസ്റ്റംസ്, എന്‍.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജന്‍സികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തത്.

ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നില്‍ നിന്ന് കണ്ടുകെട്ടാനോ അവര്‍ക്ക് സാധിച്ചില്ല. ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് പരിശുദ്ധ റംസാന്‍. നോമ്പിന്റെ ആദ്യ പത്തില്‍ തന്നെ രണ്ട് വര്‍ഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവര്‍ക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. ‘നിങ്ങളുടെ നാവിനെ നിങ്ങള്‍ സൂക്ഷിക്കുക’ എന്ന പ്രവാചക വചനം എത്ര അന്വര്‍ത്ഥമാണ്,’ ജലീല്‍ ഫേസ്ബുക്കിലെഴുതി.

കഴിഞ്ഞദിവസമാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയത്. ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.

ഷാജി എം.എല്‍.എയായിരുന്ന സമയത്ത് അഴീക്കോട് സ്‌കൂളില്‍ ഒരു അധ്യാപികയ്ക്ക് സ്ഥിരനിയമനം നല്‍കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ 2016ല്‍ വിജിലന്‍സ് ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പണം ഉപയോഗിച്ച് ഭാര്യയുടെ പേരില്‍ വീടും സ്ഥലവും ഷാജി വാങ്ങിയതായി ഇ.ഡി കണ്ടെത്തുകയായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രില്‍ 18നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

Content Highlights: Jaleel Against K.M Shaji

Latest Stories

We use cookies to give you the best possible experience. Learn more