Kerala News
മഹാത്മജിയെ സംഘപരിവാര്‍ ഏറ്റെടുത്തത് പോലെ വാരിയംകുന്നത്തിനെ ഹൈജാക്ക് ചെയ്യാനാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 25, 10:51 am
Thursday, 25th November 2021, 4:21 pm

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ തങ്ങളുടേതാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഗാന്ധിയുടെ ആശയങ്ങളെ ഒരു ഘട്ടത്തിലും അംഗീകരിക്കാത്ത സംഘപരിവാര്‍ ഗാന്ധിയെ ഏറ്റെടുത്തത് പോലെയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്രിട്ടീഷുകാരുടെ ചൂഷണത്തെ ഒരു തരത്തിലും എതിര്‍ക്കാത്ത ജമാഅത്തെ ഇസ്‌ലാമിയാണ് സാമ്രാജത്വ വിരുദ്ധതയുടെ പ്രതിരൂപമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

സംഘപരിവാറിനെ പോലെ ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടില്ലെന്നും ജലീല്‍ കുറ്റപ്പെടുത്തി.

ബ്രിട്ടീഷുകാരെ വിമര്‍ശിച്ചതിനോ അവര്‍ക്കെതിരായി പൊരുതാന്‍ പ്രേരിപ്പിച്ചതിനോ ഒരു നിമിഷത്തെ ജയില്‍ വാസത്തിനോ ശാസനക്കോ ഗോള്‍വാള്‍ക്കറും മൗദൂദിയും വിധേയരായിട്ടില്ല. എന്നാല്‍ ഇവരുടെ അനുയായികളാണ് ഹിന്ദു-മുസ്‌ലിം പക്ഷങ്ങളില്‍ നിന്ന് വര്‍ഗീയ വിഷം ചീറ്റുന്നതിലും സ്വാതന്ത്ര്യ സമര വീരസ്യം പറയുന്നതിലും പ്രധാനികളെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൂര്‍വികര്‍ ചെയ്ത തെറ്റിന് ഇരു പക്ഷത്തേയും പുതുതലമുറകള്‍ പ്രായശ്ചിത്തം ചെയ്യുകയാവുമെന്നും ജലീല്‍ പരിഹസിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വാരിയംകുന്നത്തിന്റെ യഥാര്‍ത്ഥ ചിത്രം ആലേഖനം ചെയ്ത ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുട ജീവിതം ആസ്പദമാക്കി റമീസ് മുഹമ്മദ് രചിച്ച പുസ്തകത്തിന് വന്‍ പ്രചാരമായിരുന്നു ലഭിച്ചിരുന്നത്.

പത്ത് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങളിലൂടെ റിസര്‍ച്ച് ടീം കണ്ടെടുത്ത വിവരങ്ങളും രേഖകളും അടങ്ങുന്നതാണ് പുസ്തകമെന്ന് റമീസ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

1921ല്‍ നടന്ന യുദ്ധത്തിന്റെയടക്കമുള്ള അപൂര്‍വമായ ഫോട്ടോകളും വാരിയംകുന്നത്തിന്റെ യഥാര്‍ത്ഥ ചിത്രവും ഫ്രഞ്ച് ആര്‍ക്കൈവ്‌സുകളില്‍ നിന്നും കണ്ടെത്തിയതാണെന്നും റമീസ് വ്യക്തമാക്കിയിരുന്നു.

പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ ജമാഅത്തെ ഇസ്‌ലാമി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ തങ്ങളുടേതായി ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളും ക്യാംപെയ്‌നുകളും നടത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KT Jaleel against Jamaat e Ismlami