മലപ്പുറം: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് സ്‌ക്രീന്‍ ഷോട്ടിനെതിരെ കെ.ടി. ജലീല്‍ എം.എല്‍.എ. തന്റെ പേര് എഡിറ്റുചെയ്ത് ചേര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പിതൃശൂന്യ പ്രവര്‍ത്തനങ്ങള്‍ കരുതിയിരിക്കുക എന്നും കെ.ടി ജലീല്‍ പറഞ്ഞു.
എ.ആര്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണമെന്ന നിലയിലുള്ളതാണ് വ്യാജ പോസ്റ്റില്‍ ഉള്ളത്. ‘പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിച്ചത് തെറ്റായിപ്പോയി’ എന്നടക്കമാണ് ജലീലിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജപോസ്റ്റിലെ പരാമര്‍ശങ്ങള്‍.
കഴിഞ്ഞ ദിവസം എ.ആര്‍ ബാങ്ക് തട്ടിപ്പ് ഇ.ഡി അന്വേഷിക്കണമെന്ന് കെ.ടി. ജലീല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഉചിതമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സഹകരണ മേഖലയില്‍ ഇ.ഡി അന്വേഷണങ്ങള്‍ വേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘ഇ.ഡി പലതവണ ചോദ്യം ചെയ്തതിനാല്‍ ജലീലിന് വിശ്വാസം കൂടിയിട്ടുണ്ടാകും. പ്രസ്തുത വിഷയത്തില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തത്,’ മുഖ്യമന്ത്രി പറഞ്ഞു.
ഇ.ഡി അന്വേഷണമെന്ന ആവശ്യം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള അന്വേഷണ ഏജന്‍സികള്‍ കൃത്യമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഖ്യമന്ത്രിയ്ക്ക് തന്നെ ശാസിക്കാനും തിരുത്താനുമുള്ള അവകാശമുണ്ടെന്നായിരുന്നു ഇതിന് പിന്നാലെ കെ.ടി. ജലീല്‍ പറഞ്ഞത്.
‘ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും. മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം,’ ജലീല്‍ പറഞ്ഞിരുന്നു.
എ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നും ഇതിന്റെ മുഖ്യസൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന വി.കെ. ഹരികുമാറിനും തട്ടിപ്പില്‍ വലിയ പങ്കാണുള്ളതെന്ന് ജലീല്‍ പറഞ്ഞു.
‘പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍. നഗര്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ 50,000ല്‍ പരം അംഗങ്ങളും 80,000ല്‍ അധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമര്‍ ഐ.ഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന് നടത്തിയിരിക്കുന്നത്,’ ജലീല്‍ പറഞ്ഞു.
എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐ.ഡികളും പരിശോധിച്ചാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്.
ഈ അഴിമിതിയില്‍ ലഭിച്ച പണമായിരിക്കാം എ.ആര്‍. നഗര്‍ ബാങ്കിലെ വ്യാജ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് തീയതികളും വര്‍ഷവും പരിശോധിക്കുമ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദായ നികുതി വകുപ്പ് ഒരു റാന്‍ഡം പരിശോധനയില്‍ കണ്ടെത്തിയ 257 കസ്റ്റമര്‍ ഐ.ഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ എ.ആര്‍. നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐ.ഡികളും പരിശോധിക്കപ്പെട്ടാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
KT Jaleel against fake Facebook post