| Friday, 30th June 2023, 10:56 pm

മെഡിക്കല്‍ കോളേജില്‍ മുമ്പ് പഠിച്ചവര്‍ക്ക് തോന്നാത്ത 'വിശ്വാസ ബോധം' ഏഴ് കുട്ടികള്‍ക്ക് തോന്നിയതില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കണം: ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ വിവിധ മതത്തില്‍പ്പെടുന്നവര്‍ക്ക് തോന്നാത്ത ‘വിശ്വാസ ബോധം’ ഏഴ് കുട്ടികള്‍ക്ക് തോന്നിയതിന് പിന്നില്‍ ‘നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക്’ പങ്കുണ്ടോയെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഒരു ബഹുസ്വര സമൂഹത്തില്‍ ഒറ്റപ്പെടാന്‍ ഉതകുന്ന നിലപാട് വിവേകികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ കത്തില്‍ ഐ.എം.എ വിയോജിച്ചുവെന്നും മെഡിക്കല്‍ രംഗത്തെ അവസാനവാക്ക് ആ മേഖലയിലെ പരിചയ സമ്പന്നരുടേത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതാണ് വൈദ്യശാസ്ത്രം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പിന്തുടരേണ്ടതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

‘തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏതാനും വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പാളിന് നല്‍കിയ ഒരു ഹരജിയിലെ ഉള്ളടക്കത്തോട് ഐ.എം.എ വിയോജിച്ചു. മെഡിക്കല്‍ രംഗത്തെ അവസാനവാക്ക് ആ മേഖലയിലെ പരിചയ സമ്പന്നരുടേത് തന്നെയാണ്. അതാണ് വൈദ്യശാസ്ത്രം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പിന്തുടരേണ്ടത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആരംഭിച്ചത് മുതല്‍ വിവിധ മതവിഭാഗങ്ങളില്‍പ്പെടുന്ന ആയിരക്കണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിറങ്ങിപ്പോയി. അവര്‍ക്കൊന്നും തോന്നാത്ത ‘വിശ്വാസ ബോധം’ ഏഴ് കുട്ടികള്‍ക്ക് തോന്നിയതിനും അവര്‍ക്കത് തോന്നിപ്പിച്ചതിനും പിന്നില്‍ ചില ‘നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക്” പങ്കുണ്ടോ എന്ന് സംശയിക്കണം?

ദയവായി കേരളമാകുന്ന ജലാശയത്തില്‍ ‘നഞ്ഞ്’ കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കരുത്. ഗതികിട്ടാ പ്രേതം പോലെ കേരള രാഷ്ട്രീയത്തില്‍ അലയുന്ന ചില ‘ഞാഞ്ഞൂള്‍ സംഘടനകള്‍ക്ക്’ ആളെക്കൂട്ടാന്‍ ഇതിലപ്പുറമുള്ള വികല ചിന്തകള്‍ അവര്‍ പ്രചരിപ്പിച്ചേക്കും. ‘ഭ്രാന്തി’ന് ഒരതിരുവേണം. ഒരു ബഹുസ്വര സമൂഹത്തില്‍ ഒറ്റപ്പെടാന്‍ ഉതകുന്ന നിലപാട് വിവേകികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടാ.

പടച്ച തമ്പുരാനേ ”ഫാസിസ്റ്റുകളില്‍’ നിന്നും ‘മത രാഷ്ട്രീയ സങ്കുചിതരി’ല്‍ നിന്നും ഞങ്ങളെ നീ കാത്തു സംരക്ഷിക്കേണമേ…. ആമീന്‍,’ അദ്ദേഹം പറഞ്ഞു.

നേരത്തെ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരെ ഐ.എം.എ രംഗത്തെത്തിയിരുന്നു. തിയേറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണെന്നും മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും ഐ.എം.എ പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പാളിന് നല്‍കിയ കത്ത് ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. വിദ്യാര്‍ഥികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. പ്രിന്‍സിപ്പാളിന് നല്‍കിയ കത്ത് പുറത്തുവിട്ട വ്യക്തിയെ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ ഇടയായതും അന്വേഷിക്കണമെന്നും പരാതിയിര്‍ പറയുന്നു.

ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ തലമറയ്ക്കുന്ന ശിരോവസ്ത്രവും സര്‍ജിക്കല്‍ ഹുഡും നീളം കൂടിയ കൈകളുള്ള സ്‌ക്രബ് ജാക്കറ്റും ധരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്താണ് ചോര്‍ന്നത്.

വിവിധ ബാച്ചുകളിലായുള്ള ഏഴ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് ആവശ്യമുന്നയിച്ച് പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയിരുന്നത്. 2018, 2020, 2021, 2022 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളുടെ ഒപ്പോട് കൂടിയ കത്ത് ജൂണ്‍ 26നാണ് പ്രിന്‍സിപ്പാളിന് നല്‍കിയത്.

തങ്ങളുടെ വിശ്വാസമനുസരിച്ച് ഏത് സാഹചര്യത്തിലും മുസ്ലിം യുവതികള്‍ക്ക് ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കത്തില്‍ പറയുന്നു. ആശുപത്രി മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ഓപ്പറേഷന്‍ തിയേറ്ററില്‍ നീളം കൂടിയ കൈകളുള്ള സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ കത്തില്‍ ആവശ്യപ്പെടുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഉണ്ടെന്നും ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലെ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയുന്ന നീളമുള്ള കൈകളുള്ള സ്‌ക്രബ് ജാക്കറ്റും ഹുഡും ലഭ്യമാണെന്നും വിദ്യാര്‍ത്ഥികള്‍ കത്തില്‍ സൂചിപ്പിച്ചത്.

content highlights: kt jaleel about tiruvananthapuram medical college issue

Latest Stories

We use cookies to give you the best possible experience. Learn more