| Friday, 19th July 2019, 2:18 pm

വിദ്യാര്‍ത്ഥി സംഘടനകളെ നിയന്ത്രിക്കണം; മാനദണ്ഡങ്ങള്‍ വരും; യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റുണ്ടാക്കാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടുവരണമെന്നും കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോളജുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണം ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍.

സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലില്‍ ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളുണ്ടാകും. നോട്ടീസ് പതിക്കലിനും ചുമരെഴുത്തിനുമൊക്കെ മാനദണ്ഡങ്ങള്‍ വരുമെന്നും മന്ത്രി പറഞ്ഞു. മനോരമന്യൂസിന്റെ നേരേചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇതിനൊക്കെ ഒരു നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട്. ആ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും. എല്ലാ ക്യാമ്പസുകളിലും ഒരു നോട്ടീസ് ബോര്‍ഡ് ഉണ്ടാകണം. അവിടേയേ നോട്ടീസ് പതിക്കാവൂ. ചുമരെഴുത്ത്, അതിന് പ്രത്യേകമായ ഒരു സ്ഥലം ഉണ്ടാവണം. അവിടെയേ അവര്‍ എഴുതാവൂ. – മന്ത്രി പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റുകളുണ്ടാക്കാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടുവരണമെന്ന് കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐയുടെ ഭീഷണി കാരണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന കെ.എസ്.യു നിലപാട് ഭീരുത്വമാണെന്നും മന്ത്രി പറഞ്ഞു.

‘ കേരളം പോലൊരു സംസ്ഥാനത്ത് ഒരു വിദ്യാര്‍ത്ഥി സംഘടനയെ പേടിച്ച് അവിടെ ഞങ്ങള്‍ക്ക് യൂണിറ്റുണ്ടാക്കാന്‍ കഴിയുന്നില്ല എന്ന് പറയുന്നതില്‍ പരം വലിയ ഭീരുത്വം മറ്റെന്താണുള്ളത്, അതും കോണ്‍ഗ്രസിലെപ്പോലെ സമുന്നതരായ നേതാക്കളുടെ മൂക്കിന് താഴെ. കെ.എസ്.യു എന്ന് പറയുന്ന സംഘടനയുടെ നേതൃത്വത്തിന്റെ ഠാ വട്ടത്തില്‍ അവര്‍ക്ക് തങ്ങളുടേതായ ഒരു യൂണിറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടാക്കാന്‍ പറ്റുന്നില്ല എന്നുള്ളത് നമുക്കാര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്ന കാര്യമില്ല’- ജലീല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more