കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സംഘപരിവാറിന്റെ നീക്കം: കെ.ടി. ജലീല്‍
Kerala News
കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സംഘപരിവാറിന്റെ നീക്കം: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st June 2023, 12:14 pm

കണ്ണൂര്‍: ഫാസിസ്റ്റുകളുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള വര്‍ഗീയ ധ്രുവീകരണമാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ആദ്യശ്രമം കോഴിക്കോട്ടെ എലത്തൂരില്‍ പരാജയപ്പെട്ടപ്പോള്‍ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കലാണ് സംഘപരിവാറിന്റെ ശ്രമമെന്നും അദ്ദേഹം കണ്ണൂരില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ച് കത്തിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഫാസിസ്റ്റുകളുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണമാണ്. തൃശൂര്‍ ഇങ്ങെടുക്കാനും കണ്ണൂര്‍ സ്വന്തമാക്കാനും ഹിന്ദു-മുസ്‌ലിം അകല്‍ച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് ‘അവര്‍’മനസിലാക്കിക്കഴിഞ്ഞു.

ആദ്യശ്രമം കോഴിക്കോട്ടെ എലത്തൂരില്‍ പരാജയപ്പെട്ടപ്പോള്‍ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേത്? ഇടതുപക്ഷത്തെ തകര്‍ക്കാന്‍ എന്തും ചെയ്യും സംഘപരിവാരങ്ങള്‍. കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം കരുതിയിരിക്കുക,’ കെ.ടി. ജലീല്‍ പറഞ്ഞു.

ഷഹീന്‍ബാഗില്‍ കെട്ടിത്തിരിയാതെ മാധ്യമങ്ങള്‍ ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

‘ഷഹീന്‍ബാഗില്‍ കെട്ടിത്തിരിയാതെ മാധ്യമങ്ങള്‍ ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടത്?

രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്ഫോടനത്തില്‍ 71 പേരാണ് കൊല്ലപ്പെട്ടത്.

നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കീഴ്‌ക്കോടതി നല്‍കിയ വധശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി. പ്രതികളെന്ന് പൊലീസ് പറഞ്ഞവരെ വെറുതെവിട്ടു.

ഹൈക്കോടതി വിധിന്യായത്തില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ കളമൊരുക്കിയ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ബന്ധപ്പെട്ട പോലീസ് മേധാവികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് ശക്തമായ നിര്‍ദ്ദേശവും നല്‍കി,’ കെ.ടി. ജലീല്‍ പറഞ്ഞു.

കണ്ണൂര്‍ ട്രെയ്ന്‍ കത്തിക്കലിന്റെ പശ്ചാത്തലത്തില്‍ ഇതൊക്കെ ‘മാധ്യമ ഠാക്കൂര്‍ സേന’യുടെ മനസില്‍ ഉണ്ടാകുന്നത് നന്നാകുമെന്നും സംശയം ജനിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കി കേരളത്തെ ഗുജറാത്തോ യു.പിയോ ആക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ നിര്‍ത്തിയിട്ട ഒരു കോച്ച് കത്തിയത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ പുറകില്‍ നിന്നുള്ള മൂന്നാമത്തെ കോച്ചിനാണ് പുലര്‍ച്ചെ 1.25ഓടെ തീപിടിച്ചത്.

നേരത്തെ എലത്തൂരില്‍ ഷാരൂഖ് സെയ്ഫി തീയിട്ട അതേ ട്രെയിനിനാണ് ഇന്ന് തീപിടിച്ചിട്ടുള്ളതെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ റെയില്‍വേയും കേരള പൊലീസും അട്ടിമറി സാധ്യത തള്ളിയിട്ടില്ല.

കോച്ചില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഒരു സാധ്യതയുമില്ലെന്നും റെയില്‍വേ അധികൃതര്‍ വിശദീകരിക്കുന്നു. എന്‍.ഐ.എയും കേരള പൊലീസിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. തീ പടരുന്നതിന് മുമ്പായി ഒരാള്‍ ട്രെയിനിന് സമീപത്തേക്ക് വരുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫാസിസ്റ്റുകളുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണമാണ്. തൃശൂര്‍ ഇങ്ങെടുക്കാനും കണ്ണൂര്‍ സ്വന്തമാക്കാനും ഹിന്ദു-മുസ്‌ലിം അകല്‍ച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് ‘അവര്‍’മനസിലാക്കിക്കഴിഞ്ഞു.

ആദ്യശ്രമം കോഴിക്കോട്ടെ എലത്തൂരില്‍ പരാജയപ്പെട്ടപ്പോള്‍ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേത്? ഇടതുപക്ഷത്തെ തകര്‍ക്കാന്‍ എന്തും ചെയ്യും സംഘപരിവാരങ്ങള്‍. കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം കരുതിയിരിക്കുക.

വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രക്കു നേരെ പ്രയോഗിക്കാനിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടിയിരുന്നു. അന്നത്തെ മലപ്പുറം എസ്.പി പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. ‘മലപ്പുറത്തെ ദൈവം രക്ഷിച്ചു’.

ഷഹീന്‍ബാഗില്‍ കെട്ടിത്തിരിയാതെ മാധ്യമങ്ങള്‍ ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടത്?

രാജസ്ഥാനിലെ ജയ്പൂരി ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്ഫോടനത്തില്‍ 71 പേരാണ് കൊല്ലപ്പെട്ടത്.

നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കീഴ്‌ക്കോടതി നല്‍കിയ വധശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി. പ്രതികളെന്ന് പൊലീസ് പറഞ്ഞവരെ വെറുതെവിട്ടു.

ഹൈക്കോടതി വിധിന്യായത്തില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ കളമൊരുക്കിയ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ബന്ധപ്പെട്ട പോലീസ് മേധാവികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് ശക്തമായ നിര്‍ദ്ദേശവും നല്‍കി.

കണ്ണൂര്‍ ട്രെയ്ന്‍ കത്തിക്കലിന്റെ പശ്ചാത്തലത്തില്‍ ഇതൊക്കെ ‘മാധ്യമ ഠാക്കൂര്‍ സേന’യുടെ മനസില്‍ ഉണ്ടാകുന്നത് നന്നാകും. സംശയം ജനിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കി കേരളത്തെ ഗുജറാത്തോ യു.പിയോ ആക്കരുത്.

content higghlight: kt jaleel about kannur train issue