| Sunday, 6th October 2024, 12:15 pm

സ്വര്‍ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനാണിത്ര ഹാലിളക്കം?: കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് കെ.ടി. ജലീല്‍. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് പരിപാടിയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി. ജലീലിലിന്റെ പ്രതികരണം വിവാദമായതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് കൊണ്ട് കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനോടല്ല, തന്റെ കൂടി ഖാളിയോടാണ് താന്‍ ആവശ്യമുന്നയിച്ചതെന്നും കെ.ടി. ജലീല്‍ പറഞ്ഞു. സ്വന്തം മതത്തില്‍പെട്ടവര്‍ തെറ്റ് ചെയ്യുമ്പോള്‍ അതിനെ ചൂണ്ടിക്കാട്ടേണ്ടത് അതത് മതത്തില്‍ നിന്നുള്ളവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

തെറ്റുചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ എതിരപ്പുയരേണ്ടത് ആ മതവിഭാഗത്തില്‍ നിന്നുതന്നെയാണെന്നും അല്ലത്തപക്ഷം അത് മറ്റുള്ള മതസ്ഥരില്‍ നിന്നും ഉണ്ടാവുന്നത് ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടയാക്കുമെന്നും കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്വന്തം കണ്ണിലെ കരടുകാണാതെ ആരാന്റെ കണ്ണിലെ കരടുകാണുന്നവരോട് സമൂഹത്തിന് പുച്ഛമാണുണ്ടാവുകയെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ പിടികൂടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍പെടുന്നവരാണെന്ന മനോരമയിലെ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ ജലീല്‍ മലപ്പുറത്തിനെയും മുസ്‌ലീം സമുദായത്തിനെയും വിമര്‍ശിച്ചുവെന്നും അവഹേളിച്ചുവെന്നും കാണിച്ച് നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു. ജലീല്‍ ഇസ്‌ലാമോഫോബിക് ആണെന്നടക്കമുള്ള വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെയാണ് തന്റെ നിലപാടില്‍ ഉറച്ചുകൊണ്ട് ജലീല്‍ ഫേസബുക്ക് പോസ്റ്റ് പങ്കുവച്ചത്.

ജലീലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പിണറായി വിജയനെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയില്‍ സംഘപരിവാര്‍ വാദങ്ങളുമായി ജലീലും ഇറങ്ങിയിരിക്കുകയാണോ എന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ ചോദിച്ചിരുന്നു.

കെ.ടി ജലീലില്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നുവെന്ന് കാണിച്ച് മുസ്‌ലിം ലീഗ് ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജലീല്‍ നടത്തിയ പ്രസ്താവന അപകടകരമാണെന്നായിരുന്നു ലീഗ് പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്‌നേഹവും ഒലിപ്പിക്കുന്നവരോട്!

തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിര്‍പ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളില്‍ നിന്നാണ്. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിര്‍ക്കാന്‍ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവര്‍ക്കിടയിലെ അരുതായ്മകള്‍ പറയേണ്ടത് ഹൈന്ദവരാണ്. അല്ലാത്ത പക്ഷം, താന്താങ്ങളെ ഇകഴ്ത്താന്‍ ഇതര മതസ്ഥര്‍ കാണിക്കുന്ന കുല്‍സിത നീക്കങ്ങളായി അത്തരം ഇടപെടലുകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. മതപരിഷ്‌കരണങ്ങളും സാമൂഹ്യ നവോത്ഥാനങ്ങളും അങ്ങിനെയേ നടന്നിട്ടുള്ളൂ.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തില്‍ നടത്താന്‍ ‘മലപ്പുറം പ്രേമികള്‍’ ഉദ്ദേശിക്കുന്നത്? സ്വര്‍ണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ‘ഇതൊന്നും മതവിരുദ്ധമല്ല’ എന്നാണ്. അത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ഖാളിമാര്‍ തയ്യാറാകണമെന്ന് പറഞ്ഞാല്‍ അതെങ്ങിനെയാണ് ‘ഇസ്ലാമോഫോബിക്ക്’ ആവുക? അവനവന്റെ കണ്ണിലെ കുന്തം കാണാതെ ആരാന്റെ കണ്ണിലെ കരട് കാണുന്നവരെ കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുക.

ഒരണുമണിത്തൂക്കം തെറ്റ് ചെയ്യാത്ത മലപ്പുറംകാരനായ എന്നെ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയവനെന്നും കള്ളക്കടത്തുകാരനെന്നും ചാപ്പകുത്തി താറടിച്ച് അപമാനിക്കാന്‍ മാധ്യമപ്പടയും മുസ്ലിംലീഗും, കോണ്‍ഗ്രസ്സും, ബി.ജെ.പിയും ഒരു മെയ്യായി നിന്ന് നടത്തിയ ‘വേട്ട’ നടന്നപ്പോള്‍ ഈ നവസമുദായ സ്‌നേഹികള്‍ ഏത് മാളത്തിലാണ് ഒളിച്ചിരുന്നത്? അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയം? ഏത് പളളിക്കാട്ടിലാണ് ഇവരുടെ സമുദായപ്രേമം കുഴിച്ചുമൂടിയിരുന്നത്’? സ്വര്‍ണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനാണിത്ര ഹാലിളക്കം? ഞാന്‍ പറഞ്ഞത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടിനോടല്ല. എന്റെകൂടി ‘ഖാളി”യോടാണ്.

സ്വര്‍ണ്ണക്കടത്തുകാര്‍ വഴിയും ഹവാലക്കാര്‍ വഴിയും വിദേശത്തുനിന്ന് കിട്ടുന്ന പണം ‘ഏതെങ്കിലുമാളുകള്‍’ നാട്ടിലെത്തിക്കുന്നത് പുറത്തറിയുമെന്ന ഭീതി ആര്‍ക്കെങ്കിലുമുണ്ടോ? യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സൗകര്യം ചെയ്തു കൊടുത്തതിനെതിരെ എന്നെ ഉടന്‍ കല്‍തുറുങ്കിലടക്കണമെന്ന് കത്തെഴുതിയ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ബന്നിബഹനെതിരെ ഒരക്ഷരം ഉരിയാടാത്ത തൃത്താലയിലെ ‘തോറ്റ എം.എല്‍.എ’യുടെ ‘കറകളഞ്ഞ കാപട്യത്തിന്’ എന്തൊരു മൊഞ്ചാണ്? എല്ലാറ്റിനേയും മതത്തിന്റെ കണ്ണാടിയിലൂടെ മുടിനാരിഴകീറി പരിശോധിക്കുന്നവര്‍ സ്വര്‍ണ്ണക്കടത്തും ഹവാലയും മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാകാത്തതിന്റെ ‘ഗുട്ടന്‍സ്’ ബുദ്ധിയുള്ളവര്‍ക്ക് തിരിയും! വാദിച്ച് വാദിച്ച് കേസ് തോല്‍ക്കാന്‍ ആരും മുതിരാതിരുന്നാല്‍ അവര്‍ക്കു നന്നു. ‘നിങ്ങള്‍ ചെയ്യാത്തത് മറ്റുള്ളവരോട് കല്‍പ്പിക്കരുത്. ദൈവത്തിന്റെ അടുക്കല്‍ കൊടിയ പാപമാണത്’ (വിശുദ്ധ ഖുര്‍ആന്‍)

Content Highlight: KT JALEEL ABOUT HIS STATEMENT

We use cookies to give you the best possible experience. Learn more