| Tuesday, 25th July 2023, 10:40 am

 ഭദ്രകാളി ക്ഷേത്ര വിവാദം: സംഭവിച്ചത് കീഴുദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ്; പഴി പിണറായിക്ക്: കെ.ടി. ജലീല്‍ 

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പണപ്പിരിവ് വിവാദത്തില്‍  പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഉത്തരവ് പുറപ്പെടുവിച്ച പൊലീസ് മേധാവി മലയാളിയല്ലെന്നും ഇത്തരം വരികള്‍ എഴുതി ഒപ്പിനായി വെച്ചുകൊടുക്കുമ്പോള്‍ കീഴുദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കീഴുദ്യോഗസ്ഥന്മാരുടെ  ഭാഗത്തുണ്ടായ ജാഗ്രതക്കുറവിന് പഴികേട്ടത് ഇടതുപക്ഷ സര്‍ക്കാരും പിണറായി വിജയനുമാണെന്ന് കെ.ടി. ജലീല്‍ പറഞ്ഞു.

‘കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് തൊട്ടടുത്താണ് ഭദ്രകാളി ക്ഷേത്രം. അതേ കോമ്പൗണ്ടില്‍ എന്ന് പറഞ്ഞാലും തെറ്റാവില്ല. നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ലാത്ത ക്ഷേത്രം. പുറമെ നിന്നുള്ള ഭക്തര്‍ കുറവ്.
ക്ഷേത്രത്തിലെ പൂജാദി കര്‍മങ്ങള്‍ക്ക് പോലും വിഷമിക്കുന്ന ഒരാരാധനാലയം. പൊലീസ് സേനയിലെ ഹൈന്ദവ ഭക്തരും അല്ലാത്തവരും എന്തെങ്കിലുമൊക്കെ മാസാമാസം സ്വമേധയാ കയ്യില്‍ നിന്നെടുത്ത്  ക്ഷേത്ര പൂജാരിക്ക് ശമ്പളം നല്‍കി വന്നു.

ആയിടക്കാണ് കൊവിഡ് എത്തുന്നത്. അതോടെ പിരിവുകള്‍ നിലച്ചു. ക്ഷേത്രം മുന്നോട്ടു പോകാനാകാതെ വിഷമിച്ചു. സാധാരണത്തേതില്‍ നിന്ന് ഭിന്നമായി കേവലം ഇരുപത് രൂപ പിരിവ് കടലാസിലേക്കാക്കാന്‍ ചില ‘മണ്ടന്‍മാര്‍’ തീരുമാനിച്ചു.

അങ്ങനെയാണ് ചെയ്യാന്‍ പാടില്ലാത്തത് പൊലീസ് മേധാവിയുടെ കയ്യൊപ്പോടെ പുറത്തുവന്നത്. അത് വാര്‍ത്തയായി. തേനില്‍ പൊതിഞ്ഞ വിഷം പോലെ വര്‍ഗീയതയെ ഹൃദയത്തില്‍ ചില്ലിട്ട് കൊണ്ടു നടക്കുന്ന മതേതരമാന്യന്‍മാരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത മുഴുവന്‍ അതോടെ സംഹാരഭാവം പൂണ്ട് അണപൊട്ടിയൊഴുകി.

തലയില്ലാത്ത  ‘പിരിവുത്തരവ്’ പുറപ്പെടുവിച്ച പോലീസ് മേധാവി മലയാളിയല്ല. അത്തരം വരികള്‍ എഴുതി ഒപ്പിനായി വെച്ചുകൊടുക്കുമ്പോള്‍ കീഴുദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. അവരുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവിന് പഴികേട്ടത് മുഴുവന്‍ ഇടതുപക്ഷ സര്‍ക്കാരും പിണറായി വിജയനും,’ അദ്ദേഹം പറഞ്ഞു.

തനിക്കാ വാര്‍ത്താ ശകലം ഫോര്‍വേഡ് ചെയ്തത് മതപണ്ഡിതനായ ഡോ: ഹുസൈന്‍ മടവൂരാണെന്നും ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്റെ ശ്രദ്ധയിലേക്കായി അയച്ചെന്നും ജലീല്‍ പറഞ്ഞു. അതിനുള്ളില്‍ തന്നെ വിവാദ ഉത്തരവ് മരവിപ്പിച്ചുള്ള ഉത്തരവിറങ്ങിയിരുന്നുവെന്നും ജലീല്‍ പറഞ്ഞു.

കാര്യങ്ങളുടെ നിജസ്ഥിതി ഞാന്‍ ഹുസൈന്‍ മടവൂരിനോട് പറഞ്ഞു. അപ്പോഴാണ് അദ്ദേഹം ദല്‍ഹി ഹൈക്കോടതി സമുച്ചയത്തിലുള്ള ഒരു ചെറിയ മസ്ജിദിന്റെ കാര്യം സൂചിപ്പിച്ചത്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ദല്‍ഹി ഹൈക്കോടതി സമുച്ചയത്തിലുള്ള ഒരു ചെറിയ മസ്ജിദിന്റെ പള്ളിയുടെ ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഹൈകോടതിയിലെ മുസ്‌ലിം വക്കീലന്മാരും ജീവനക്കാരും മറ്റ് അഭ്യുദയകാംക്ഷികളും സ്വമേധയാ സംഭാവനകള്‍ നല്‍കി പരിപാലിച്ചു പോരുന്നുണ്ടെന്നും ഹുസൈന്‍ മടവൂരിനെ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു.

സമാന സംഭവമാണ് കോഴിക്കോട് നടന്നതെന്നും പക്ഷെ ”പിരിവ്’ കടലാസിലായതാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ജലീല്‍ പറഞ്ഞു.

‘പിശക് ചൂണ്ടിക്കാണിക്കാം. അബദ്ധങ്ങള്‍ തിരുത്തിക്കാം. എന്നാല്‍ ഹൈന്ദവ ഫാസിസത്തിന്റെ കേരളത്തിലേക്കുള്ള കടന്നുകയറ്റമായൊക്കെ ഇത്തരം നിസ്സാര സംഭവങ്ങളെ പര്‍വതീകരിച്ച് പിണറായി വിജയനെ ‘സംഘി’യാക്കുന്ന ഏര്‍പ്പാട് കുറച്ച് കടന്ന കയ്യാണ്.
അപ്രധാനമായതിനെയും അബദ്ധങ്ങളെയും സൂക്ഷ്മതക്കുറവിനെയും ആ നിലക്ക് കാണാന്‍ പലപ്പോഴും മലയാളികള്‍ക്ക് വിശിഷ്യാ ഫാസിസത്തിന്റെ വരവിനെ ഭയപ്പെടുന്നവര്‍ക്ക് കഴിയാറില്ല. സ്ഥാനത്തും അസ്ഥാനത്തുമുള്ള ‘ഓരിയിടല്‍’ അവസാനം സ്വന്തം കുഴി തോണ്ടുന്ന സ്ഥിതിയാകും ഉണ്ടാക്കുക,’ ജലീല്‍ പറഞ്ഞു.

ക്ഷേത്ര നടത്തിപ്പിനായി ശമ്പളത്തില്‍ നിന്ന് പണം റിക്കവറി നടത്തുമെന്ന് അറിയിച്ച് സിറ്റിയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമായി കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ പേരിലുള്ള കത്ത് വിവാദമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുലി വരുന്നേ! പുലി വരുന്നേ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് തൊട്ടടുത്താണ് ഭദ്രകാളി ക്ഷേത്രം. അതേ കോമ്പൗണ്ടില്‍ എന്ന് പറഞ്ഞാലും തെറ്റാവില്ല. നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ലാത്ത ക്ഷേത്രം. പുറമെ നിന്നുള്ള ഭക്തര്‍ കുറവ്.

ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്ക് പോലും വിഷമിക്കുന്ന ഒരാരാധനാലയം. പൊലീസ് സേനയിലെ ഹൈന്ദവ ഭക്തരും അല്ലാത്തവരും എന്തെങ്കിലുമൊക്കെ മാസാമാസം സ്വമേധയാ കയ്യില്‍ നിന്നെടുത്ത്  ക്ഷേത്ര പൂജാരിക്ക് ശമ്പളം നല്‍കി വന്നു.

ആയിടക്കാണ് കൊവിഡ് എത്തുന്നത്. അതോടെ പിരിവുകള്‍ നിലച്ചു. ക്ഷേത്രം മുന്നോട്ടു പോകാനാകാതെ വിഷമിച്ചു. സാധാരണത്തേതില്‍ നിന്ന് ഭിന്നമായി കേവലം ഇരുപത് രൂപ പിരിവ് കടലാസിലേക്കാക്കാന്‍ ചില ‘മണ്ടന്‍മാര്‍’ തീരുമാനിച്ചു.

അങ്ങനെയാണ് ചെയ്യാന്‍ പാടില്ലാത്തത് പൊലീസ് മേധാവിയുടെ കയ്യൊപ്പോടെ പുറത്തുവന്നത്. അത് വാര്‍ത്തയായി. തേനില്‍ പൊതിഞ്ഞ വിഷം പോലെ വര്‍ഗീയതയെ ഹൃദയത്തില്‍ ചില്ലിട്ട് കൊണ്ടു നടക്കുന്ന മതേതരമാന്യന്‍മാരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത മുഴുവന്‍ അതോടെ സംഹാരഭാവം പൂണ്ട് അണപൊട്ടിയൊഴുകി.
തലയില്ലാത്ത  ‘പിരിവുത്തരവ്’ പുറപ്പെടുവിച്ച പോലീസ് മേധാവി മലയാളിയല്ല. അത്തരം വരികള്‍ എഴുതി ഒപ്പിനായി വെച്ചുകൊടുക്കുമ്പോള്‍ കീഴുദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. അവരുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവിന് പഴികേട്ടത് മുഴുവന്‍ ഇടതുപക്ഷ സര്‍ക്കാരും പിണറായി വിജയനും.

എനിക്കാ വാര്‍ത്താ ശകലം ഫോര്‍വേഡ് ചെയ്തത് മതപണ്ഡിതനായ ഡോ: ഹുസൈന്‍ മടവൂരാണ്. ഞാനത് ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്റെ ശ്രദ്ധയിലേക്കായി അയച്ചു. അതിനകംതന്നെ ‘വിവാദ’ ഉത്തരവ് മരവിപ്പിച്ച് മറു ഉത്തരവിറങ്ങിയിരുന്നു. കാര്യങ്ങളുടെ നിജസ്ഥിതി ഞാന്‍ ഹുസൈന്‍ മടവൂരിനോട് പറഞ്ഞു. അപ്പോഴാണ് അദ്ദേഹം ദല്‍ഹി ഹൈക്കോടതി സമുച്ചയത്തിലുള്ള ഒരു ചെറിയ മസ്ജിദിന്റെ കാര്യം സൂചിപ്പിച്ചത്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ആ പള്ളിയുടെ ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഹൈകോടതിയിലെ മുസ്‌ലിം വക്കീലന്മാരും ജീവനക്കാരും മറ്റ് അഭ്യുദയകാംക്ഷികളും സ്വമേധയാ സംഭാവനകള്‍ നല്‍കി പരിപാലിച്ചു പോരുന്നുണ്ടത്രെ.

പക്ഷെ അത് ഏതെങ്കിലും ഒരു ജഡ്ജിയുടെ ”ശാസനയായി’ പുറത്തിറങ്ങിയിരുന്നെങ്കില്‍ വലിയ പ്രശ്‌നമാകും. അവിടെ ഇപ്പോള്‍ ആരാധന നടക്കുന്നില്ലെന്നാണ് അറിവ്. ഹുസൈന്‍ മടവൂര്‍ പറഞ്ഞു നിര്‍ത്തി.
സമാന സംഭവമാണ് കോഴിക്കോട്ടും നടന്നത്. പക്ഷെ ”പിരിവ്’ കടലാസിലായതാണ് പ്രശ്‌നമുണ്ടാക്കിയത്. പിശക് ചൂണ്ടിക്കാണിക്കാം. അബദ്ധങ്ങള്‍ തിരുത്തിക്കാം. എന്നാല്‍ ഹൈന്ദവ ഫാസിസത്തിന്റെ കേരളത്തിലേക്കുള്ള കടന്നുകയറ്റമായൊക്കെ ഇത്തരം നിസ്സാര സംഭവങ്ങളെ പര്‍വ്വതീകരിച്ച് പിണറായി വിജയനെ ‘സംഘി’യാക്കുന്ന ഏര്‍പ്പാട് കുറച്ച് കടന്ന കയ്യാണ്.

ആളുകളെ പരിഭ്രാന്തരാക്കി തമാശയാക്കാന്‍ പണ്ടൊരു വികൃതിപ്പയ്യന്‍ ‘പുലിവരുന്നേ, പുലിവരുന്നേ’ എന്ന് ബഹളം വെച്ച കഥയുണ്ട്. ആര്‍പ്പുവിളി കേട്ട് പല തവണ ആളുകള്‍ ഓടിക്കൂടി. അവസാനം യഥാര്‍ത്ഥ പുലി വന്നപ്പോള്‍ ആര്‍ത്തുവിളിച്ച പയ്യനെ രക്ഷിക്കാന്‍ ആരും ചെന്നില്ല. പുലി അവനെ കടിച്ച് മുറിച്ച് അകത്താക്കി. ആ വികൃതിച്ചെക്കന്റെ അനുഭവമാകും ഇങ്ങിനെ പോയാല്‍ നമ്മളെയും കാത്തിരിക്കുന്നത്.

അപ്രധാനമായതിനെയും അബദ്ധങ്ങളെയും സൂക്ഷ്മതക്കുറവിനെയും ആ നിലക്ക് കാണാന്‍ പലപ്പോഴും മലയാളികള്‍ക്ക് വിശിഷ്യാ ഫാസിസത്തിന്റെ വരവിനെ ഭയപ്പെടുന്നവര്‍ക്ക് കഴിയാറില്ല. സ്ഥാനത്തും അസ്ഥാനത്തുമുള്ള ‘ഓരിയിടല്‍’ അവസാനം സ്വന്തം കുഴി തോണ്ടുന്ന സ്ഥിതിയാകും ഉണ്ടാക്കുക. ഫാസിസ്റ്റ് കരടിക്ക് ആഹാരമാകാന്‍ ദയവായി ന്യൂനപക്ഷങ്ങളെ വലിച്ചെറിഞ്ഞ് കൊടുക്കാതിരിക്കാന്‍ ഇത്തരം വികൃതിപ്പയ്യന്‍മാര്‍ ശ്രദ്ധിച്ചാല്‍ എത്ര നന്നായിരുന്നു.

content highlights: kt jaleel about badhrakali temple

We use cookies to give you the best possible experience. Learn more