അബ്ദുല്‍ ഖാദര്‍ മൗലവി കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടിന്റെ രക്തസാക്ഷിയെന്ന് കെ.ടി. ജലീല്‍; മരണത്തെപ്പോലും ദുരൂഹമാക്കുന്ന തരത്തില്‍ ജലീല്‍ തരംതാണെന്ന് എം.കെ. മുനീര്‍
Kerala News
അബ്ദുല്‍ ഖാദര്‍ മൗലവി കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടിന്റെ രക്തസാക്ഷിയെന്ന് കെ.ടി. ജലീല്‍; മരണത്തെപ്പോലും ദുരൂഹമാക്കുന്ന തരത്തില്‍ ജലീല്‍ തരംതാണെന്ന് എം.കെ. മുനീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd October 2021, 12:49 pm

തിരുവനന്തപുരം: കഴിഞ്ഞയാഴ്ച അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ സംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കെ.ടി.ജലീല്‍ എം.എല്‍.എ. എ.ആര്‍.നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെടുത്തിയായിരുന്നു ജലീലിന്റെ ആരോപണം.

മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജലീല്‍.

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടിന്റെ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നും വിവാദത്തില്‍ പേര് ഉള്‍പ്പെട്ടതിലുണ്ടായ വിഷമമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്നുമാണ് ജലീലിന്റെ ആരോപണം.

എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവി. തന്റെ പേരില്‍ താനറിയാതെ രണ്ട് കോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നറിഞ്ഞതോടെയാണ് മൗലവി തളര്‍ന്നുപോയതെന്ന് ജലീല്‍ അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ പേര് ഉള്‍പ്പെട്ടതിലുണ്ടായ മാനസിക പ്രയാസമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ഐസ്‌ക്രീം പാര്‍ലര്‍ കേസിലേതുപോലെ എ.ആര്‍.നഗര്‍ ബാങ്ക് കേസിലും ദുരൂഹമരണങ്ങള്‍ ഉണ്ടാകാമെന്ന് ആശങ്കപ്പെടുന്നുവെന്നും ജലീല്‍ പറഞ്ഞു.

അതേസമയം ജലീലിന്റെ ആരോപണത്തിന് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീറും രംഗത്തെത്തി.

മരണത്തെപ്പോലും ദുരൂഹമാക്കുന്ന തരത്തില്‍ കെ.ടി. ജലീല്‍ തരംതാണ് പോയെന്നും ഫോറന്‍സിക് കാര്യങ്ങള്‍ ഏറ്റെടുത്തത് പോലെയാണ് ജലീല്‍ സംസാരിക്കുന്നതെന്നുമാണ് മുനീര്‍ പ്രതികരിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24നായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്ന് അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണം. ജുമുഅ നമസ്‌കാരം കഴിഞ്ഞ് കണ്ണൂര്‍ താണയിലെ വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.

യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറുമായിരുന്നു. ലീഗിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: KT Jaleel about Abdul Khader Moulavi’s death, accusation against PK Kunhalikutty