| Saturday, 13th January 2018, 8:30 am

'ഈട'ക്ക് അപ്രഖ്യാപിത വിലക്കെന്ന് കെ.സുധാകരന്റെ ഫേസ്ബുക്ക് ലൈവ്;ആരോപണം തള്ളികളഞ്ഞ് തിയേറ്റര്‍ ഉടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പ്രശസ്ത എഡിറ്റര്‍ ബി. അജിത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന “ഈട” സിനിമക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന് കെ.സുധാകരന്റെ ആരോപണം തള്ളി തിയേറ്റര്‍ ഉടമ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു സുധാകരന്‍ ആരോപണം ഉന്നയിച്ചത്.

കണ്ണൂര്‍ പയ്യന്നൂരിലെ സുമംഗല തിയേറ്ററില്‍ ഈട പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെന്നായിരുന്നു സുധാകരന്‍ ആരോപിച്ചത്്. ടിക്കറ്റ് എടുത്തവരെ പോലും സിനിമ കാണാന്‍ സി.പി.ഐ.എമ്മുകാര്‍ അനുവദിച്ചില്ലെന്നും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ സിനിമ സി.പി.ഐ.എമ്മിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ചെറുപ്പക്കാരനെ തെരുവിലിറക്കിയ പാര്‍ട്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

സിപിഎമ്മിന്റെ ഈ നടപടിക്കെതിരേ സാഹിത്യകാരന്മാരും കലാകാരന്മാരും രംഗത്തു വരണമെന്നും ഈട എന്ന സിനിമയ്ക്കും അതു പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യത്തിനും വേണ്ടി ചെറുപ്പക്കാരെ രംഗത്തിറക്കുമെന്നും സുധാകരന്‍ ലൈവിലൂടെ പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മീഡിയകളും വാര്‍ത്തയുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ആരോപണങ്ങളെ തിയേറ്റര്‍ ഉടമ തള്ളിയിരിക്കുകയാണ്. ചിത്രത്തിന് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം വരെ തിയേറ്ററില്‍ “ഈട” നാലു ഷോ കളിച്ചിരുന്നെന്നും തിയേറ്റര്‍ ഉടമയായ ഗണേഷന്‍ പറഞ്ഞത്. ഇത് വിതരണക്കാരനുമായി ഉണ്ടായിരുന്ന കരാറിന്റെ പുറത്താണെന്നും ചിത്രത്തിന് ആളുകള്‍ കുറവായിരുന്നെന്നും പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തതോടെ രണ്ട് ഷോ ആയി കുറയ്ക്കുകയായിരുന്നെന്നും ഗണേഷന്‍ പറഞ്ഞു.

ചിത്രം തിയേറ്ററില്‍ രണ്ട് ഷോ ആയി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും നാളെയും പ്രദര്‍ശിപ്പിക്കുമെന്നും ലൈവില്‍ പറയുന്ന പോലെ തിയേറ്ററില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഒരു അടിസ്ഥാനവും വസ്തുതയുമില്ലാത്ത ആരോപണം മടിയേതുമില്ലാതെ കെ സുധാകരന്‍ പ്രചരിപ്പിക്കുകയാണെന്നുമാണെന്ന് പയ്യന്നൂര്‍ സ്വദേശിയായ ലിജിത്ത് ജി പറയുന്നത്.

We use cookies to give you the best possible experience. Learn more