തിരുവനന്തപുരം: തിരുവന്തപുരം നെയ്യാര്‍ ഡാമില്‍ നടന്ന കെ.എസ്.യു മേഖലാ ക്യാമ്പില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കൂട്ടയടിയില്‍ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍. വാര്‍ത്തക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അലോഷ്യസ് സേവിയര്‍ ആരോപിച്ചു.
‘മാധ്യമങ്ങളുടെ അജണ്ടക്ക് നിന്ന് തരാന്‍ കെ.എസ്.യുവിന് ഒരു താത്പര്യവുമില്ല. രണ്ടോ മൂന്നോ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന തര്‍ക്കമാണ് മാധ്യമങ്ങള്‍ ചേര്‍ന്ന് പര്‍വതീകരിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വിഷയവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. കെ.എസ്.യു ക്യാമ്പില്‍ വലിയ കലാപം ഉണ്ടായത് പോലെയാണ് വാര്‍ത്തകള്‍ നല്‍കിയത്,’ അലോഷ്യസ് സേവിയര്‍ പറഞ്ഞു.
പുറത്തുവന്ന ദൃശ്യങ്ങളിലെ ചോരത്തുള്ളികള്‍ ഇന്നലെ നടന്ന സംഭവത്തില്‍ നിന്നുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് എപ്പോഴത്തേതാണെന്ന് പരിശോധിക്കേണ്ടത് മാധ്യമങ്ങളാണെന്നും അലോഷിയസ് സേവിയര്‍ പറഞ്ഞു.
എന്നാൽ മാധ്യമ സൃഷ്ടിയാണെങ്കിൽ പിന്നെന്തിനാണ് നടപടി ഉണ്ടാകുമെന്ന് കെ.പി.സി.സി അറിയിച്ചതെന്ന ചോദ്യത്തിനും അലോഷ്യസ് സേവിയർ മറുപടി നൽകി. മാധ്യമങ്ങളിൽ വാർത്ത വന്ന സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നാണ് അലോഷിയസ് സേവിയര്‍ നൽകുന്ന വിശദീകരണം.
സംഘര്‍ഷത്തില്‍ കെ.എസ്.യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്തിന് ഗുരുതര പരിക്കേറ്റിരുന്നു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്തിനും പരിക്കേറ്റിട്ടുണ്ട്. രാത്രിയില്‍ മദ്യപിച്ചെത്തിയ നേതാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ഏറ്റുമുട്ടലിലേക്കെത്തുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.