കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ മറുപടിയുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. യു.ഡി.എസ്.എഫ് സഖ്യമായ മത്സരിച്ച് പരാജയപ്പെട്ടതില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം കെ.എസ്.യു വിന് മേല്‍ കെട്ടിവെക്കാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമായുള്ള ആസൂത്രിത നീക്കം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
എം.എസ്.എഫ് ലെ വിഭാഗീയതയുടേയും സംഘടനാ പ്രശ്‌നങ്ങളുടേയും ഫലമായി തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടാവാനിടയുള്ള പൊട്ടിത്തെറികളെ മറച്ചു വെക്കാനുള്ള മാര്‍ഗമായാണ് കെ.എസ്.യുവിനെ കുറ്റക്കാരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവും എം.എസ്.എഫും സഖ്യം ചേര്‍ന്ന് യു.ഡി.എസ്.എഫ് ആയാണ് മത്സരിച്ചത്. എന്നാല്‍ മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ വിജയിക്കുകയായിരുന്നു.
തുടര്‍ന്ന് തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ എം.എസ്.എഫും കെ.എസ്.യുവും പരസ്പരം പഴിചാരുകയായിരുന്നു. അതിനിടയില്‍ എം.എസ്എഫ് പ്രസിഡന്റ് പി.കെ. നവാസ് യു.ഡി.എസ്.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്…
ഇങ്ങനെ ഒരു എഫ്.ബി പോസ്റ്റ് ആഗ്രഹിച്ചിരുന്നതല്ല…
പക്ഷെ ……..
സഹോദര വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നും ബോധപൂര്‍വം ഉയര്‍ത്തി വിട്ട ഒരു കുപ്രചരണത്തില്‍ യാഥാര്‍ത്യമറിയുന്ന അവരുടെ തന്നെ നേതൃത്വത്തിന്റെ മൗനം ചില തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇടയാക്കുന്നു എന്നത് കൊണ്ടാണ് ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ നിര്‍ബദ്ധിതനാകുന്നത്.
കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് ഒറ്റയ്ക്കല്ല മത്സരിച്ചത്. ചെയര്‍മാനും വൈസ് ചെയര്‍മാനും ഉള്‍പ്പടെയുള്ള പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിച്ച കെ.എസ്.യു സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ എല്ലാവരും ഒരുമിച്ച് യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ ആയിട്ടാണ് മത്സരിച്ചത്.
അവിടെ ആര് പരാജയപ്പെട്ടാലും കെ.എസ്.യു ഉള്‍പ്പടെയാണ് പരാജയപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്ക് ഡഉടഎ പരാജയപ്പെട്ടതിന് പിന്നാലെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കെ.എസ്.യു വിന് മേല്‍ കെട്ടിവെക്കാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമായുള്ള ആസൂത്രിത നീക്കം- അത് എം.എസ്.എഫ് ലെ വിഭാഗീയതയുടേയും സംഘടനാ പ്രശ്‌നങ്ങളുടേയും ഫലമായി തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടാവാനിടയുള്ള പൊട്ടിത്തെറികളെ മറച്ചു വെക്കാനുള്ള മാര്‍ഗമാക്കി ഉപയോഗിച്ചതാണെങ്കിലും ശരി അത്തരം നീക്കങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാപ്പകലില്ലാതെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി നേതൃത്വം നല്‍കിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനോടുള്ള സ്‌നേഹം കൊണ്ട് തന്നെ പറയട്ടെ, കിട്ടിയ അവസരത്തില്‍ പണി തരാന്‍ പറ്റുന്നവര്‍ ആരുടെ തറവാട്ടിലാണ് ഉള്ളത് എന്ന് ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും.
തോറ്റത് സ്ഥാനാര്‍ത്ഥികള്‍ മാത്രമല്ല നയിച്ചവര്‍ ആണെന്ന് അടക്കം പറഞ്ഞ് ചിരി കടിച്ചമര്‍ത്തിയവര്‍ എവിടെയാണുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…
പിന്നെ കെ.എസ്.യു സ്ഥാനാര്‍ത്ഥികള്‍ക്ക് എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളെക്കാള്‍ 4-5 വോട്ടുകള്‍ അധികം കിട്ടി എന്നുള്ളതാണല്ലോ പ്രശ്‌നം. അത് കെ.എസ്.യുവിന്റെ പൊതു സ്വീകാര്യത കൊണ്ടാണ്. ഉയര്‍ത്തിപിടിക്കുന്ന പുരോഗമന ആശയങ്ങളും നവീന കാഴ്ചപ്പാടുകളും കൊണ്ടാണ്.
ഒന്നോ രണ്ടോ ബാലറ്റുകളില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രം വോട്ട് ലഭിക്കുകയും മറ്റു വോട്ടുകള്‍ എസ്.എഫ്.ഐ ക്ക് ലഭിക്കുകയും ചെയ്തു എന്ന് പറയുന്ന ചുരുക്കം പ്രതിലോമ ചിന്ത മുറുകെ പിടിക്കുന്ന എം.എസ്.എഫ് സുഹൃത്തുക്കളോട്…
അതെ അത് ശരിയാണ്. പക്ഷെ അത് നിങ്ങള്‍ കരുതുന്നത് പോലെ കെ.എസ്.യു വോട്ടുകള്‍ എസ്.എഫ്.ഐക്ക് ചെയ്തതല്ല മറിച്ച് എസ്.എഫ്.ഐ അനുഭാവം പുലര്‍ത്തുന്ന യു.യു.സി മാരുടെ വോട്ട് വ്യക്തിപരമായി ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞതാണ്.
അങ്ങനെ വോട്ട് ചെയ്യാമെന്ന് സമ്മതിച്ചവരോട് അത് പറ്റില്ല മുഴുവന്‍ പാനലിനും വോട്ട് ചെയ്യില്ലെങ്കില്‍ നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയാന്‍ ഉള്ള വിശാലമനസ്‌കതയൊന്നും തത്കാലം ഞങ്ങള്‍ക്കില്ല. ഇനി ഏത് മുന്നണി മര്യാദയുടെ പേരിലാണെങ്കിലും സംഘടനയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന ഒരു നിലപാടിനേയും മൗനവാല്മീകത്തെയും അംഗീകരിക്കാനും കഴിയില്ല.
കൂടെ നടന്നവരുടെ ചോര വീഴ്ത്തിയവരുമായി ചേര്‍ന്ന് നില്‍ക്കാനും ചങ്ങാത്തം കൂടാനും മോഹിപ്പിക്കാനും വോട്ട് മറിക്കാനും മനസ്സുള്ളവരല്ല എന്തായാലും ഞങ്ങള്‍ എന്ന് കൂടെ ഓര്‍മ്മിപ്പിക്കട്ടെ….
അവധാനതയുണ്ടാവണം…….. ഏതിലും എന്തിലും. അകല്‍ച്ചയുണ്ടാക്കാനല്ല അടുപ്പമുണ്ടാക്കാന്‍ പഠിക്കണം.
ആ പഠനത്തിന് പുസ്തക താളുകളിലെ അക്ഷര കൂട്ടങ്ങളില്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയണമെന്നില്ല. പൂര്‍വ്വസൂരികള്‍ നടന്ന വഴിത്താരകളിലൂടെ എപ്പോഴെങ്കിലും നടക്കണം. പ്രശ്‌ന സങ്കീര്‍ണ്ണതകളെ കൈകാര്യം ചെയ്ത രീതി ശാസ്ത്രത്തിന്റെ ഗൗരവതരമായ പ്രായോഗിക ജ്ഞാനം ആര്‍ജ്ജിക്കാനുള്ള മികവാര്‍ന്ന അന്വേഷണത്വര അല്പമെങ്കിലും കാണിക്കണം.
പി.മുഹമ്മദ് ഷമ്മാസ്
(കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്)
content highlight: ksu vice president agianst msf