തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച കെ.എസ്.യു യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ആര്യയെന്ന വിദ്യാര്‍ത്ഥിയെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്താക്കിയതായി പരാതി. സഹപാഠികള്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകളില്‍ നിന്നാണ് ആര്യയെ പുറത്താക്കിയത്.
കെ.എസ്.യുവിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം സ്വീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ ഇത്തരമൊരു നീക്കത്തിന് പിന്നില്‍ എസ്.എഫ്.ഐ ആണെന്നാണ് കെ.എസ്.യുവിന്റെ ആരോപണം.
ഭാരവാഹികളേയും കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരേയും മാനസികമായി തളര്‍ത്താനുള്ള എസ്.എഫ്.ഐയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു പ്രതികരിച്ചു. സംഭവത്തെ കുറിച്ച് അറിയില്ല. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുമെന്നും സാനു പറഞ്ഞു.