പൈനാവ്: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു വിട്ടു എന്ന തരത്തിലുള്ള ദേശാഭിമാനി വാര്‍ത്തയ്‌ക്കെതിരെ കെ.എസ്.യു പൈനാവ് എന്‍ജിനീയറിംഗ് കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ആഷിഖ്.
ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചരണമാണെന്നും, തന്റെ വാക്കുകളെ വളച്ചൊടിച്ചാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും ആഷിഖ് പറഞ്ഞു.
എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തിന് ശേഷം കോളേജ് തുറക്കുന്നതിന് മുന്നോടിയായി ഇടുക്കി ജില്ലാ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലെ തന്റെ പ്രസ്താവനയെ വളച്ചൊടിച്ചാണ് പ്രചരണമെന്നും താന്‍ അന്നും ഇന്നും കെ.എസ്.യു തന്നെയാണെന്നും ആഷിഖ് വ്യക്തമാക്കി.
കോളേജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള യാതൊരുവിധ സംഭവങ്ങളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന പ്രസ്താവനയെയാണ് താന്‍ പാര്‍ട്ടി വിട്ടുവെന്നും കെ.എസ്.യുവിലേക്കില്ലെന്നുമുള്ള തരത്തില്‍ വാര്‍ത്തയായി ദേശാഭിമാനി പ്രസിദ്ധീകരിച്ചതെന്നും ആഷിഖ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് ഇക്കാര്യം പറയുന്നത്.
മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും കോളേജ് പ്രിന്‍സിപ്പലുമടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു തന്റെ വിശദീകരണമെന്നും ആഷിഖ് വിശദീകരിച്ചു.
കോളേജ് തുറക്കുന്നതിന് മുന്നോടിയായി, ഇടുക്കി ജില്ലാ കളക്ടറേറ്റില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ കെ.എസ്.യുവിനെ പ്രതിനിധീകരിച്ച് ഞാന്‍ പങ്കെടുക്കുകയുണ്ടായി. യോഗത്തില്‍ ജില്ലാ കലക്ടറും, ജില്ലാ പോലീസ് മേധാവിയും, കോളേജ് പ്രിന്‍സിപ്പാളും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.
എന്നാല്‍ എന്റെ നിലപാടുമായി ബന്ധപ്പെട്ട് ഇന്ന് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. യോഗത്തിലെ എന്റെ പ്രസ്താവന ഇപ്രകാരമാണ്.’ധീരജേട്ടന്‍ ഞങ്ങളുടെയും സഹപാഠിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ഞങ്ങള്‍ക്കും വളരെയധികം ദുഃഖമുണ്ട്.
കോളേജില്‍ വരുന്നതുമായി ബന്ധപ്പെട്ട് എന്റെ സഹപ്രവര്‍ത്തകരും എന്നോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ഒരു അവസ്ഥയില്‍, എങ്ങനെ യൂണിറ്റിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നുള്ള ആശങ്കയിലാണ് ഞങ്ങള്‍. ഇവിടെ സമാധാനമായി പഠിക്കുവാനുള്ള അന്തരീക്ഷം ആവശ്യമാണ്.
അതുകൊണ്ട് കോളേജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള യാതൊരുവിധ സംഭവങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് അറിയിക്കുന്നു’ എന്റെ ഈ പ്രസ്താവനയെ വളച്ചൊടിച്ചാണ്, ഞാന്‍ പാര്‍ട്ടി വിട്ടു എന്നും കെ.എസ്.യു വിലേക്കില്ല എന്നും തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
എന്റെ അറിവോടെയൊ സമ്മതത്തോടെയൊ കൂടെയല്ല ഈ വാര്‍ത്ത വന്നതും പ്രചരിക്കുന്നതും. അതുകൊണ്ട് ഇതുപോലുള്ള വ്യാജ വാര്‍ത്തകളെ ശക്തമായി എതിര്‍ക്കുന്നു. ഞാന്‍ അന്നും ഇന്നും കെ.എസ്.യുക്കാരന്‍ തന്നെയാണ്.