18 വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. യൂണിവേഴ്‌സിറ്റി കോളജ് പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം.
അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ്.ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. 18 വര്‍ഷത്തിനുശേഷമാണ് ഇവിടെ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്.
യൂണിവേഴ്‌സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്.എഫ്.ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെ.എസ്.യു നേതൃത്വം വ്യക്തമാക്കി. ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തത്.
കൂടുതല്‍ കുട്ടികള്‍ കെ.എസ്.യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.
അതേസമയം കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. യൂണിറ്റ് രൂപീകരിച്ച ശേഷം നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. വിദ്യാര്‍ത്ഥികളെ മാത്രമാണ് കോളേജിനകത്ത് പ്രവേശിപ്പിച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളജ് അധ്യയനത്തിനായി ഇന്നാണ് തുറന്നത്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതല്‍ ഇങ്ങനെയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഇന്ന് യാതൊരു തരത്തിലുള്ള പ്രതിഷേധമോ അനിഷ്ടസംഭവങ്ങളോ കോളേജില്‍ ഉണ്ടായിരുന്നില്ല. അതേസമയം സെക്രട്ടറിയേറ്റ് പരിസരത്ത് കെ.എസ്.യു നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്.