ആശയം തെറ്റായി പ്രതിഫലിക്കപ്പെട്ടു; സംവരണത്തെ അധിക്ഷേപിച്ച കാര്‍ട്ടൂണിൽ ഖേദം പ്രകടിപ്പിച്ച് കെ.എസ്.യു യൂണിയന്‍
Kerala News
ആശയം തെറ്റായി പ്രതിഫലിക്കപ്പെട്ടു; സംവരണത്തെ അധിക്ഷേപിച്ച കാര്‍ട്ടൂണിൽ ഖേദം പ്രകടിപ്പിച്ച് കെ.എസ്.യു യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2024, 8:02 pm

തിരുവനന്തപുരം: മണ്ണൂത്തി കാര്‍ഷിക കോളേജിലെ മാഗസിനില്‍ സംവരണത്തെ പരിഹസിച്ച് കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് കെ.എസ്.യു യൂണിറ്റ്. കാര്‍ട്ടൂണ്‍ സമൂഹത്തില്‍ തെറ്റായി പ്രതിഫലിക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെ.എസ്.യു പ്രസ്താവനയില്‍ പറഞ്ഞു.

‘കാര്‍ട്ടൂണിന്റെ ആശയം സമൂഹത്തില്‍ തെറ്റായി പ്രതിഫലിക്കപ്പെട്ടതില്‍ പ്രിയപ്പെട്ട വായനക്കാരോട് യൂണിയന്‍ ശക്തമായ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത വിഷയത്തിലുണ്ടായ ശ്രദ്ധക്കുറവിനെ ഒരു തരത്തിലും വിദ്യാര്‍ത്ഥി യൂണിയന്‍ ന്യായീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല,’ പ്രസ്താവനയില്‍ പറഞ്ഞു.

കാര്‍ട്ടൂണ്‍ മാഗസിനില്‍ നിന്ന് യൂണിയന്‍ പിന്‍വലിക്കുമെന്നും യൂണിയൻ അറിയിച്ചു. ഉള്ളടക്കത്തിന്റെ ആശയം ഏതെങ്കിലും വ്യക്തിക്കോ അവര്‍ ഉള്‍പ്പെടുന്ന സമൂഹത്തിനോ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിൽ ക്ഷമാപണം നടത്തുന്നതായും യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ മണ്ണൂത്തി ഹോർട്ടികൾച്ചർ ക്യാമ്പസ് യൂണിയനാണ് സംവരണത്തെ പരിഹസിച്ച് കൊണ്ടുള്ള മാ​ഗസിൻ പുറത്തിറക്കിയത്. കാർട്ടൂണിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സംവരണത്തെ തുടർന്ന് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് ലഭിച്ചതിന്റെ ബാക്കി മാത്രമാണ് ജനറൽ കാറ്റഗറിക്ക് ലഭിക്കുള്ളൂ എന്നാണ് കാർട്ടൂണിന്റെ ആശയം.

കാർട്ടൂണിനെതിരെ വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ രംഗത്തെത്തിയിരുന്നു. കെ.എസ്.യുവിന്റെ രാഷ്ട്രീയ പഠനത്തിന്റെ മോഡ്യൂൾ തയ്യാറാക്കുന്നത് സംഘപരിവാർ ഫാക്ടറികളിലാണെന്നാണ് ആർഷോ പ്രതികരിച്ചത്.

‘കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ മണ്ണൂത്തി ഹോർട്ടികൾച്ചർ ക്യാമ്പസ് യൂണിയൻ പുറത്തിറക്കിയ മാ​ഗസിനാണിത്. ആ യൂണിയനെ നയിക്കുന്ന വിദ്യാർത്ഥി സംഘടനയുടെ പേര് കെ.എസ്.യു എന്നാണ്. അവരുടെ രാഷ്ട്രീയ പഠനത്തിന്റെ മോഡ്യൂൾ തയ്യാറാക്കുന്നത് സംഘപരിവാർ ഫാക്ടറികളിലാണ്,’ ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.

Content Highlight: KSU Union expresses regret over cartoon mocking reservation