national news
ലക്ഷദ്വീപിന് വേണ്ടി പ്രധാനമന്ത്രിയ്ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കുമെതിരെ ട്വീറ്റ് ചെയ്തു; കെ.എസ്.യുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 23, 04:22 pm
Sunday, 23rd May 2021, 9:52 pm

തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും ട്വീറ്റ് ചെയ്തതിന് കെ.എസ്.യുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തെന്ന് ആരോപണം

ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെയും നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ട്വീറ്റ് ചെയ്തിരുന്നു.

ഇതിനു തൊട്ടു പിന്നാലെയാണ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുകയെന്ന ആവശ്യമുന്നയിച്ച് ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്രതിഷേധ ക്യാംപയിന്‍ തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KSU twitter Account Suspended Lakshadweep