തൃശ്ശൂര്‍: ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തള്ളിപ്പറയില്ലെന്നും പിന്തുണയ്ക്കുമെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവെച്ച് കെ.എസ്.യു തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡ്. സുധാകരന്റെ ഈ നടപടിയില്‍ താന്‍ ഞെട്ടിപ്പോയെന്നും ഡേവിഡ് പറയുന്നു.
പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നുവെന്ന് അറിയിച്ചുള്ള വാര്‍ത്താ കുറിപ്പിലാണ് ഡേവിഡ് ഇക്കാര്യം പറയുന്നത്.
മനസില്‍ കെടാത്ത വിളക്കായി, പ്രതീക്ഷയായി സൂക്ഷിച്ച പ്രസ്ഥാനവും ത്രിവര്‍ണക്കൊടിയും മങ്ങലേല്‍ക്കാതെ ഇത്രയും നാള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ കെടാവിളക്ക് അണയുകയും ത്രിവര്‍ണക്കൊടിയുടെ തിളക്കത്തിന് മങ്ങലേറ്റിരിക്കുന്നുവെന്നും ഡേവിഡ് പറയുന്നു. ആ ത്രിവര്‍ണക്കൊടിയെ ഹൃദയത്തില്‍ നിന്നും പുറത്താക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
‘കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല. അവരുടെ പ്രശ്നങ്ങള്‍ കൂടിയായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തത് അതിനാണ്. ആരുടെയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല. പക്ഷേ, കൂടെ നിന്ന് ചതി നടത്തിയ പാരമ്പര്യം ഈ പ്രസ്ഥാനത്തിന് ഉള്ളതിനാല്‍ അത് ഞാന്‍ തിരിച്ചറിയാന്‍ വൈകിയെന്നേയുളളൂ.
ആരെയും ചതിക്കാനോ കെണിയില്‍പ്പെടുത്താനോ കബളിപ്പിക്കാനോ മറ്റൊരാളെ ചവിട്ടി നേട്ടമുണ്ടാക്കാനോ കൂടെ നില്‍ക്കുന്നവരെ കുത്താനോ ഇതുവരെയും ശ്രമിച്ചിട്ടില്ല. നാളെയും അങ്ങനെ തന്നെയായിരിക്കും എന്റെ ജീവിതം,’ ഡേവിഡ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
സഹപ്രവര്‍ത്തകയെ ഉപയോഗിച്ച് കൂട്ടിത്തല്‍ ഒരുവനെ പോക്‌സോ കേസില്‍ കുടുക്കി പ്രസ്ഥാനത്തില്‍ നിന്നും പുറത്താക്കിയവര്‍ ഇപ്പോള്‍ മറ്റൊരു ആയുധവുമായി തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഡേവിഡ് പറയുന്നു. കോണ്‍ഗ്രസും അതിന്റെ എല്ലാ പോഷകസംഘടനകളില്‍ നിന്നും രാജിവെക്കുന്നുവെന്നും ഡേവിഡ് കുറിപ്പില്‍ പറയുന്നു.
കൊലപാതകത്തില്‍ പങ്കെടുത്ത കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും അവരെ പിന്തുണയ്ക്കുന്നു എന്നുമായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ധിരജിന്റെ മരണത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും കെ. സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
ധീരജിന്റേത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. സാധാരണ ഗതിയില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ കോണ്‍ഗ്രസിന്റെ പ്രാധിനിത്യം കുറവാണെന്നും എന്നാല്‍ ഇത്തവണ അതല്ല സ്ഥിതിയെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു.
‘ധീരജിന്റെ കൊലപാതകം കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവര്‍ക്ക് ദുഖമല്ല ആഹ്ലാദമാണ്,’ സുധാകരന്‍ പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വോട്ട് എണ്ണി നോക്കിയാല്‍ അവിടേയും കെ.എസ്.യു തന്നെ ജയിക്കുമെന്നും അതില്ലാതാക്കാന്‍ കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പുറത്തുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘സാധാരണ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എഞ്ചിനീയറിംഗ് കോളേജുകളില്‍ അങ്ങനെയുണ്ടാവറില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. എന്റെ കുട്ടികള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. വളരെ നല്ല രീതിയിലുള്ള വിജയമാണ് കോളേജ് തെരഞ്ഞെടുപ്പുകളില്‍ നേടുന്നത്,’ സുധാകരന്‍ പറഞ്ഞു.
വി.എസ്. ഡേവിഡിന്റെ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം:
ഇങ്ങനെ ഒരു അറിയിപ്പ് വേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷേ, നിര്‍ബന്ധിതമായിരിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കെട്ട് പൊട്ടിച്ച് പുതിയ കാഴ്ചപ്പാടിനെ കുറിച്ച് ഞാന്‍ പങ്കുവെച്ചിരുന്നു. അപ്പോഴും മനസില്‍ കെടാത്ത വിളക്കായി പ്രതീക്ഷയായി സൂക്ഷിച്ച പ്രസ്ഥാനവും ത്രിവര്‍ണക്കൊടിയും മങ്ങലേല്‍ക്കാതെ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ ആ കെടാവിളക്ക് അണയുകയും ത്രിവര്‍ണക്കൊടിയുടെ തിളക്കത്തിന് മങ്ങലേറ്റിരിക്കുന്നുവെന്ന് മാത്രമല്ല ഹൃദയത്തില്‍ നിന്നും അതിനെ പുറത്താക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.
അങ്ങേയറ്റം വേദനയോടെ പക്ഷെ അതിലുപരി അഭിമാനത്തോടെ അത് ചെയ്യുന്നു. നേട്ടങ്ങള്‍ പ്രതീക്ഷിച്ചല്ല ഈ പ്രസ്ഥാനത്തിന് വേണ്ടി പണിയെടുത്തിരുന്നത്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വവും ചുമതലയും ഒരു വിട്ടുവീഴ്ചയുമില്ലാതെ അതിന് എന്തൊക്കെ തടസങ്ങളുണ്ടോ അതെല്ലാം നീക്കി നിര്‍വഹിക്കുകയെന്ന ഉത്തരവാദിത്വം ഈ നിമിഷത്തിലും ചെയ്തു.
കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല. അവരുടെ പ്രശ്നങ്ങള്‍ കൂടിയായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തത് അതിനാണ്. ആരുടെയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല. പക്ഷേ, കൂടെ നിന്ന് ചതി നടത്തിയ പാരമ്പര്യം ഈ പ്രസ്ഥാനത്തിന് ഉള്ളതിനാല്‍ അത് ഞാന്‍ തിരിച്ചറിയാന്‍ വൈകിയെന്നേയുളളൂ.
ആരെയും ചതിക്കാനോ കെണിയില്‍പ്പെടുത്താനോ കബളിപ്പിക്കാനോ മറ്റൊരാളെ ചവിട്ടി നേട്ടമുണ്ടാക്കാനോ കൂടെ നില്‍ക്കുന്നവരെ കുത്താനോ ഇതുവരെയും ശ്രമിച്ചിട്ടില്ല. നാളെയും അങ്ങനെ തന്നെയായിരിക്കും എന്റെ ജീവിതം. കെ.പി.സി.സി അധ്യക്ഷന്റെ വാര്‍ത്താസമ്മേളനത്തില്‍ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും പിന്തുണക്കുന്നുവെന്നും പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി.
അത് അത്ഭുതം കൊണ്ടല്ല. തെറ്റിനും അറിയാത്ത കാര്യത്തിനും എനിക്കെതിരെ നടപടിയെടുത്തതും ഇനിയും നടപടിക്ക് നീക്കം നടക്കുന്നതും അറിഞ്ഞത് കൊണ്ടാണ്. സഹപ്രവര്‍ത്തകയെ ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ പോക്സോ കേസില്‍ കുരുക്കി ഈ പ്രസ്ഥാനത്തില്‍ നിന്ന് പുറത്താക്കിയ കൂട്ടര്‍ മറ്റൊരു ആയുധവുമായി ഇപ്പോള്‍ എനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാലം കണക്ക് ചോദിക്കാതെ പോകുമെന്ന് ഞാന്‍ കരുതുന്നില്ല. അനുഭവം അതാണ്.
സൂര്യനെ പാഴ്മുറം കൊണ്ട് മറച്ചു പിടിച്ച് എത്രനേരം നില്‍ക്കാനാവും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും. കോണ്‍ഗ്രസുമായും അതിന്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു. വ്യക്തിപരമായ സൗഹൃദങ്ങള്‍ക്കും സ്നേഹബന്ധങ്ങള്‍ക്കും തടസങ്ങളുണ്ടാവരുതെന്നാണ് ആഗ്രഹം. കൂടെ നിന്നവരോടും സ്നേഹിക്കുന്നവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നു.