സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നു, ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെ സമരം; കെ.എസ്.യു സമരത്തിലെ സുരക്ഷാ വീഴ്ചയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
Kerala News
സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നു, ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെ സമരം; കെ.എസ്.യു സമരത്തിലെ സുരക്ഷാ വീഴ്ചയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st July 2019, 9:35 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു പ്രവര്‍ത്തക കടന്നുകയറിയതിനെച്ചൊല്ലി വിവാദം. അതീവ സുരക്ഷാ മേഖലയില്‍ സമരവുമായി കെ.എസ്.യു കടന്നുകയറുന്നത് കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സ് വിഭാഗത്തിനു വീഴ്ച വന്നതായും അതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി രേഖപ്പെടുത്തിയതായുമാണ് റിപ്പോര്‍ട്ട്.

സമരങ്ങള്‍ കണ്ടെത്തുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിനു വീഴ്ച പറ്റിയതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നതിനു പിന്നാലെ ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെ സമരക്കാരെത്തിയതിലും മുഖ്യമന്ത്രി ഇന്റലിജന്‍സ് ഉന്നതരെ അതൃപ്തിയറിയിച്ചുകഴിഞ്ഞു.

കെ.എസ്.യുവിന്റെ പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തിയപ്പോള്‍ പിടിച്ചുമാറ്റാനോ തടയാനോ ഒരു വനിതാ പൊലീസ് പോലും അവിടെയുണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗം നടക്കുന്ന ദിവസമാണ് സംഭവമുണ്ടായത് എന്നതും ഗൗരവകരമാണ്. ആവശ്യത്തിനു വനിതാ പൊലീസിനെ വിന്യസിക്കാത്തതിലും മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു.

അതേസമയം സമരം ചാനലുകള്‍ കൃത്യമായി അറിഞ്ഞിരുന്നു. സമരം ലൈവ് പോവുകയും അതേസമയം രഹസ്യാന്വേഷണ വിഭാഗത്തിന് അതറിയാതെ പോവുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അതൃപ്തിയുണ്ടായതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പി.എസ്.സി ആസ്ഥാനത്തും സര്‍വകലാശാലയ്ക്കു മുകളിലും കെ.ടി ജലീലിന്റെ ഓഫീസിനു മുന്നിലും സമരക്കാര്‍ കടന്നുകയറിയിരുന്നു. കേരളാ സര്‍വകലാശാല വൈസ് ചാന്‍സലറെ അതീവ സുരക്ഷാ മേഖലയായ രാജ്ഭവനു മുന്നില്‍പ്പോലും കെ.എസ്.യുക്കാര്‍ തടഞ്ഞിരുന്നു.

എന്നാല്‍ സമരങ്ങളുടെ സാധ്യതകളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നും രണ്ടും പേര്‍ കൂടിച്ചേര്‍ന്നു നടത്തുന്ന സമരങ്ങള്‍ കണ്ടെത്തുക ഒരു സംസ്ഥാനത്തും സാധ്യമല്ലെന്നും അവര്‍ വിശദീകരിച്ചു.