ആലപ്പുഴ: പുന:സംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍ രാജി വെച്ചു. ആലപ്പുഴ സ്വദേശികളായ അനന്തനാരായണന്‍, വിശാഖ് പത്തിയൂര്‍ എന്നിവരാണ് രാജി വെച്ചത്. വിവാഹിതരായവര്‍ കെ.എസ്.യുവിന്റെ സംസ്ഥാന കമ്മിറ്റിയില്‍ അംഗങ്ങളാകാന്‍ പാടില്ല എന്ന മാനദണ്ഡത്തിന്റെ പേരിലാണ് ഇരുവരും രാജി വെക്കേണ്ടി വന്നിരിക്കുന്നത്.
വിവാഹിതരായ വിശാഖും അനന്തനാരായണനും സംസ്ഥാന കമ്മിറ്റിയിലെത്തിയത് നേരത്തെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഏപ്രില്‍ എട്ടിനായിരുന്നു കെ.എസ്.യുവിന്റെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. അലോഷ്യസ് സേവ്യറിനെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
പുന:സംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജി വെക്കുന്നതായാണ് വിശാഖ് പത്തിയൂര്‍ രാജി പ്രഖ്യാപിച്ച് കൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. വിവാഹം കഴിഞ്ഞവരെ ഭാരവാഹികളാക്കുന്നതില്‍ സംഘടനയിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും നവമാധ്യമങ്ങളിലുള്‍പ്പെടെ സംഘടനക്കെതിരെ മോശപ്പെട്ട വാര്‍ത്തകള്‍ വരുന്നത് ശരിയല്ലെന്നതിന്റെ ബോധ്യത്തിലാണ് രാജി വെക്കുന്നതെന്നും വിശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.
താനടക്കമുള്ള ഭാരവാഹികള്‍ വിവാഹിതരാണെന്നതിന്റെ പേരില്‍ പാര്‍ട്ടിക്കകത്തും പുറത്തുമായി ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ 13 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ വിവാദത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കാത്തതിനാല്‍ രാജി വെക്കുന്നുവെന്നാണ് അനന്തനാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നേരത്തെ പുന:സംഘടനയിലെ തങ്ങളുടെ അതൃപ്തി വ്യക്തമാക്കി വി.ടി. ബല്‍റാമും കെ.ജയന്തും കെ.എസ്.യുവിന്റെ സംസ്ഥാന ചുമതലകളില്‍ നിന്ന് ഒഴിഞ്ഞിരുന്നു. കെ.എസ്.യു സംസ്ഥാന നേതൃത്വം പുന:സംഘടിപ്പിക്കുമ്പോള്‍ 25 അംഗ സമിതി മതിയെന്നായിരുന്നു കെ.പി.സി.സി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇതിന് പകരം 80 അംഗ അന്തിമ പട്ടിക പുറത്തിറക്കിയതില്‍ നേതാക്കള്‍ക്ക് എതിര്‍പ്പുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിശാഖിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെക്കുന്നു. പുന:സംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി. വിവാഹം കഴിഞ്ഞവരെ ഭാരവാഹികള്‍ ആക്കി വെക്കുവാന്‍ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നും , സംഘടനയെ നവമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മോശപ്പെട്ട തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത് സംഘടനയ്ക്ക് ഉചിതമല്ല എന്നതിന്റെ ബോധ്യത്തിലുമാണ് ഇങ്ങനെയൊരു തീരുമാനം..
കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ നല്‍കിയ പിന്തുണകള്‍ക്ക് നന്ദി
സ്‌നേഹപൂര്‍വ്വം, വിശാഖ് പത്തിയൂര്‍, കെ.എസ്.യു. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്.
ഈ മാസം 8ാം തീയതി എന്‍.എസ്.യു ഐ ദേശീയ കമ്മിറ്റി കേരള വിദ്യാര്‍ഥി യൂണിയന്റെ വൈസ് പ്രസിന്റായി എന്നെ നിയമിക്കുകയുണ്ടായി. എല്ലാ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ ആണെങ്കിലും ഞാന്‍ അടക്കമുള്ള ചില ഭാരവാഹികള്‍ വിവാഹം കഴിഞ്ഞവരാണ് എന്ന പേരില്‍ കേരളത്തില്‍ കഴിഞ്ഞ ആഴ്ചകളിലായി പാര്‍ട്ടിക്ക് അകത്തും പുറത്തുമായി ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ 13 വര്‍ഷമായി ഞാന്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനത്തിനെ ഒരു വിവാദത്തിലേക്ക് കൊണ്ടുപോവാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് എന്നെ ഏല്‍പ്പിച്ച കേരള വിദ്യാര്‍ത്ഥി യൂണിയന്റെ വൈസ് പ്രസിഡന്റ് എന്ന ഉത്തരവാദിത്വം ഞാന്‍ രാജിവെച്ച് ഒഴിയുന്നു. എന്നില്‍ വിശ്വാസം അര്‍പ്പിച്ച് എന്നെ ഈ ചുമതല ഏല്‍പ്പിച്ച പാര്‍ട്ടിക്കും നേതാക്കള്‍ക്കും , ഇക്കാലം അത്രയും എന്നോടൊപ്പം സഹകരിച്ച് എന്റെ കൂടെ പ്രവര്‍ത്തിച്ച എല്ലാ സഹപ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി.
സ്‌നേഹപൂര്‍വ്വം, അനന്തനാരായണന്‍ എച്ച്, കെ.എസ്.യു. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്.
Content Highlights: KSU state vice presidents resigned