| Wednesday, 11th May 2022, 10:15 pm

നമ്മുടെ പെണ്‍കുട്ടികള്‍ നാടിനെ നയിക്കേണ്ടവര്‍, മത-സാമുദായിക പണ്ഡിതര്‍ക്ക് അവര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ സാധിക്കട്ടെ: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഇ.കെ സമസ്ത നേതാവ് പൊതുവേദിയില്‍ വെച്ച് അപമാനിച്ചതില്‍ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്ത്. പെണ്‍കുട്ടികള്‍ നാടിനെ നയിക്കേണ്ടവരാണെന്നും അവര്‍ മുഖ്യധാരയിലേക്ക് കടന്നുവരട്ടെ എന്നുമായിരുന്നു അഭിജിത്ത് പറഞ്ഞത്.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അഭിജിത്ത് വിഷയത്തിലെ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

‘നമ്മുടെ പെണ്‍കുട്ടികള്‍ നാടിനെ നയിക്കേണ്ടവരാണ്. അവര്‍ അകത്തളങ്ങളില്‍ നിന്ന് അരങ്ങിലേക്കും, സമൂഹത്തിന്റെ മുന്‍ നിരയിലേക്കും കടന്നു വരട്ടെ.

കേരളത്തിന്റെ ഈ നിമിഷം വരെയുള്ള നവോത്ഥാന മുന്നേറ്റങ്ങളില്‍ കൂടെയുള്ള മത-സാമുദായിക പണ്ഡിതര്‍ക്ക് ഇന്നത്തെ കാലത്തിലെ കുട്ടികളുടെ മനസ്സിനെയും, ആഗ്രഹങ്ങളെയും അറിയാനും, ഉള്‍കൊള്ളാനും അവര്‍ക്കൊപ്പം നിലയുറപ്പിക്കാനും സാധിക്കട്ടെ;’ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അഭിജിത്ത് പറയുന്നു.

രണ്ട് ദിവസം മുമ്പായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ വെച്ച് ഇ.കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ചത്.

ഒരു മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്‌ലിയാരെ ചൊടിപ്പിച്ചത്.

‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്‌ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറയുന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു.

Content Highlight: KSU State President KM Abhijith responds to EK Samastha leader Abdullah Musliyar who insulted a first class student in public.

Latest Stories

We use cookies to give you the best possible experience. Learn more