ഡോ. അരുണ്‍കുമാര്‍ കേവലം ന്യായീകരണ ക്യാപ്‌സൂളുകള്‍ ഇറക്കേണ്ട അവസ്ഥയിലേക്ക് മാറുന്നത് ഖേദകരം; വിമര്‍ശനവുമായി കെ.എം.അഭിജിത്ത്
Kerala News
ഡോ. അരുണ്‍കുമാര്‍ കേവലം ന്യായീകരണ ക്യാപ്‌സൂളുകള്‍ ഇറക്കേണ്ട അവസ്ഥയിലേക്ക് മാറുന്നത് ഖേദകരം; വിമര്‍ശനവുമായി കെ.എം.അഭിജിത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th June 2022, 4:15 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറിനെതിരെ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. സൈബര്‍ വെട്ടുകിളികള്‍ക്ക് ന്യായീകരണ ക്യാപ്‌സ്യൂള്‍ ഇറക്കാന്‍ ബഹുമാനപ്പെട്ട ഡോ.അരുണ്‍കുമാര്‍ ഉള്‍പ്പെടെ ഇറങ്ങിത്തിരിക്കുന്നത് കഷ്ടമാണെന്ന് പറയാതിരിക്കാനും നിര്‍വാഹമില്ലെന്ന് അഭിജിത്ത് വിമര്‍ശിച്ചു.

പ്രൈസ് വാട്ടര്‍ കൂപ്പറുമായും സ്വപ്ന സുരേഷിന്റെ ജോലിയുമായും ബന്ധപ്പെട്ട് ഡോ.മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ,വ്യക്തതയുള്ള ഉത്തരം നല്‍കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനും ഭരണപക്ഷവും, ഫാന്‍സ് അസോസിയേഷനും വാദത്തിനുവേണ്ടി പോലും നിലനില്‍ക്കാത്ത ചില ക്യാപ്‌സ്യൂളുകള്‍ ഇറക്കിക്കൊണ്ട് ന്യായീകരിക്കുന്നതാണ് കഴിഞ്ഞദിവസം മുതല്‍ നാം കാണുന്നത്.

ഡോ.അരുണ്‍കുമാര്‍ ന്യായീകരണത്തിന് വേണ്ടി നിരത്തിയ വാദത്തിന്റെ സാരാംശം 2020 ജൂണ്‍ അഞ്ചിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം ഉയരുന്നതിന് മുന്‍പ് 2020 മെയ് 20ന് എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റ് ഡൗണായിട്ടുണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ സ്വര്‍ണക്കടത്തും വെബ്‌സൈറ്റും തമ്മിലെന്തെന്തിലും ബന്ധം ഉണ്ടാകുമോ എന്നുള്ളതായിരുന്നു.

എന്തായാലും ന്യായീകരണത്തിന് വേണ്ടി മുഖ്യമന്ത്രി പറഞ്ഞ പോലെ എന്റെ മകള്‍ക്ക് ജൈയ്ക്കിനെപോലെ ഒരു മെന്ററേ ഇല്ലായിരുന്നെന്ന് ഡോ.അരുണ്‍കുമാര്‍ പറഞ്ഞില്ലല്ലോ എന്നും അഭിജിത്ത് പറഞ്ഞു.

എന്താണ് ഡോ.അരുണ്‍ കുമാര്‍ ഉന്നയിച്ച വാദത്തിന്റെ വസ്തുത, ഡോ.മാത്യു കുഴല്‍നാടന്റെ പത്രസമ്മേളനത്തില്‍ കൃത്യമായി കുഴല്‍നാടന്‍ പറഞ്ഞുവെക്കുന്നത് സാമ്രാജ്യത്ത വിരുദ്ധത പ്രസംഗിച്ചിരുന്ന ഇടതുപക്ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലേറിയതിന് ശേഷം കോര്‍പ്പറേറ്റുകളെ കൂട്ടുപിടിച്ച് നടത്തിയ ചില ഇടപാടുകളെ കുറിച്ചാണ്. വീണയുടെ നിയന്ത്രണത്തിലുള്ള എക്‌സലോജിക്ക് കമ്പനിയുടെ വെബ്‌സൈറ്റ് ഡൗണ്‍ ആയത് ബഹുമാന്യനായിരുന്നു പി.ടി തോമസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് എക്‌സലോജിക്കിന്റെയടക്കം ബന്ധത്തെയും ചൂണ്ടിക്കാട്ടി പൊതുസമൂഹത്തിന് മുന്‍പില്‍ അവതരിപ്പിച്ചതിനുശേഷവുമാണെന്നും അഭിജിത്ത് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ പുറംലോകം അറിഞ്ഞപ്പോള്‍ ഇതേ എക്‌സലോജിക്കിന്റെ മെന്റര്‍, ഫൗണ്ടറായ പ്രൈസ് വാട്ടര്‍ കൂപ്പറില്‍ ഏതാണ്ട് മൂന്നുലക്ഷത്തോളം രൂപ ശമ്പളം കൊടുത്ത് ഒരു യോഗ്യതയും ഇല്ലാത്ത സ്വപ്ന സുരേഷിനെ നിയമിച്ചത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും, മുഖ്യമന്ത്രിയെ നിയന്ത്രിച്ചിരുന്ന ശിവശങ്കരന്റെയും, വീണയുടെ മെന്ററും പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഡയറക്ടറുമായ ജൈയ്ക്ക് ബാലകൃഷ്ണനുമായുള്ള ഇടപാടുകളെന്തൊക്കെ എന്നതെല്ലാം സുതാര്യമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതും തന്നെയാണും അഭിജിത്ത് വ്യക്തമാക്കി.

കാമ്പുള്ള ഈ ചോദ്യങ്ങള്‍ മാത്യു കുഴല്‍നാടന്‍ ഉന്നയിക്കുമ്പോഴാണ് പി.ആര്‍ വര്‍ക്കിലൂടെ പിണറായിയെ സംരക്ഷിക്കാന്‍ വീണ്ടും ചിലര്‍ രംഗത്തിറങ്ങുന്നത്. ഡോ.അരുണ്‍ കുമാര്‍ അങ്ങ് നല്ലൊരു അധ്യാപകനാണ്, നല്ലൊരു മോട്ടിവേറ്ററാണ്, വിഷയാധിഷ്ഠിതമായി കാര്യങ്ങളിലൂന്നി സംസാരിക്കുന്ന മികച്ച അറിവുള്ള വ്യക്തിത്വമാണ്, ‘നിഷ്പക്ഷനായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകനുമായിരുന്നു’. അതെ അങ്ങ് ഇന്ന് കേവലം ന്യായീകരണ ക്യാപ്‌സൂളുകള്‍ ഇറക്കേണ്ട അവസ്ഥയിലേക്ക് മാറുന്നുവെന്നത് ഖേദകരമാണ്. ചില്ലറ ഫാക്ട്‌സൊക്കെ പറയാന്‍ അങ്ങയുടെ പോസ്റ്റിന് അടിയില്‍ കമന്റ് ഓഫായതുകൊണ്ട് മാത്രമാണ് തന്റെ കുറിപ്പെന്നും കെ.എം. അഭിജിത്ത് കൂട്ടിച്ചേര്‍ത്തു.