| Sunday, 13th March 2022, 3:02 pm

മന്ത്രി മാളികയില്‍ താമസിച്ച് ആന്റണി രാജു പാവപ്പെട്ട വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുകയാണ്: കെ.എം. അഭിജിത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് യാത്രാ സൗജന്യം വാങ്ങി യാത്ര ചെയ്യുന്നതില്‍ ഏതു വിദ്യാര്‍ത്ഥിക്കാണ് അപമാനമെന്നു ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്.

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് താറുമാറായ ജീവിതസാഹചര്യങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യാത്രക്കൂലി വര്‍ധന താങ്ങാന്‍ കഴിയില്ല, ഒരു തരത്തിലുള്ള വര്‍ധനയും അനുവദിക്കില്ലെന്ന് അഭിജിത്ത് പറഞ്ഞു.

‘വിദ്യാര്‍ത്ഥി കണ്‍സഷന്‍ കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകണം.

മന്ത്രി മാളികയില്‍ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തെയും, പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കില്‍ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്.യു മുന്നിലുണ്ടാകും. വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഔദാര്യമല്ല, വിദ്യാര്‍ത്ഥികളുടെ അവകാശമാണ് അത് നേടിയെടുത്തത് കെ.എസ്.യുവാണ്,” കെ.എം. അഭിജിത്ത് പറഞ്ഞു.

നിലവില്‍ രണ്ട് രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രക്കൂലി. അത് അഞ്ചു രൂപയാക്കാനാണ് സര്‍ക്കാര്‍ അലോചിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. യാത്രാ സൗജന്യം ആരുടെയും ഔദാര്യമല്ല. വിദ്യാര്‍ത്ഥികളുടെ അവകാശമാണത്. അതില്‍ കൈവെക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അഭിജിത്ത് പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ച് രൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞു.

10 വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക 2 രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

CONTENT HIGJHLIGHTS:  KSU state president K.M. Abhijit says Transport Minister Antony Raju should clarify which student is being insulted for buying free travel

Latest Stories

We use cookies to give you the best possible experience. Learn more