| Tuesday, 4th October 2022, 9:43 pm

ആദ്യം തരൂരിന് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റ്, ഇപ്പോള്‍ പിന്തുണ ഖാര്‍ഗെക്ക്; നിലപാട് മാറ്റിയോയെന്ന് കെ.എം. അഭിജിത്തിന്റെ പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അണികളുടെ ചോദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ ശ്രദ്ധനേടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. മൂന്ന് ദിവസം മുമ്പ് ശശി തരൂരിന് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റ് ചെയ്ത അഭിജിത്ത് ഇപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണയുമായി രംഗത്തെത്തി.

കോണ്‍ഗ്രസ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയുടെ ജനാധിപത്യ-മതേതരത്വ-ബഹുസ്വര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ, ചരിത്രത്താലും വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളാലും അടയാളപ്പെടുത്തപ്പെട്ട നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നാണ് കെ.എം. അഭിജിത്ത് ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

മലക്കം മറിച്ചില്‍ ആരെ പേടിച്ചിട്ടാണ്, നേരത്തെ ശശി തരൂരിനെ പിന്തുണച്ചില്ലേ. ശശി തരൂരിന് പിന്തുണ അറിയിച്ചു ഇട്ട പോസ്റ്റ് ആദ്യം പിന്‍വലിക്ക് എന്നിങ്ങനെയാണ് കാണ്‍ഗ്രസ് അണികള്‍ തന്നെ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

‘കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ആശംസകള്‍.

ഓരോ കോണ്‍ഗ്രസുകാരനെ സംബന്ധിച്ചും ഇത് അഭിമാന നിമിഷമാണ്. നമ്മെ നയിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് മികവുറ്റ നേതാക്കള്‍ മത്സരിക്കുന്നു. ഡോ. ശശി തരൂരും, ശ്രീ.മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയും. ജനാധിപത്യ രീതിയിലൂടെ ഇവരില്‍ ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമ്പോള്‍ സമകാലിക ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കോ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കോ അവകാശപ്പെടാനില്ലാത്ത, സ്വപ്നം കാണാന്‍ സാധിക്കാത്ത ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ച് അഭിമാനബോധത്തോടെ നമുക്ക് തലയുയര്‍ത്തി നില്‍ക്കാം,’ എന്നാണ് അഭിജിത്ത് എഴുതിയത്.

‘ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും വിദൂര ഭാവിയില്‍ പോലും സ്വപ്നം കാണാന്‍ സാധിക്കാത്തതും ഇന്ത്യയെ കെട്ടിപ്പടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നതുമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായി എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശശി തരൂരിന് ഹൃദയാഭിവാദ്യങ്ങള്‍,’ എന്നായിരുന്നു തരൂരിനെ അഭിനന്ദിച്ച് രണ്ട് ദിവസം മുമ്പ് അഭിജിത്ത് പോസ്റ്റ് ചെയ്തിരുന്നത്.

CONTENT HIGHLIGHTS:  KSU State President K.M. Abhijit’s Facebook post got attention during the Congress National President election discussions

Latest Stories

We use cookies to give you the best possible experience. Learn more