| Saturday, 1st June 2019, 11:44 pm

കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കെ.എസ്.യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. കേസിന്റെ വിധിപ്രഖ്യാപിക്കുന്നത് വരെ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

പാലക്കാട് നെന്മാറ എന്‍.എസ്.എസ് കോളെജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ അമീഷ്, മണികണ്ഠന്‍, എസ്. ശ്യാമേഷ്, എസ്. അജയകുമാര്‍, ആദര്‍ശ്, അക്ഷയ്, സുജിത്, അജിത്, എം. ശ്രീഹരി, രാകേഷ്, മുഹമ്മദ് അന്‍ഫല്‍, വി. വീരേന്ദ്രന്‍, വി.എം വരുണ്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 21ന് ഉച്ചക്ക് രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ച കേസിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് കലാപാന്തരീക്ഷമുണ്ടാക്കി മാരകായുധങ്ങളുമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.

ജസ്റ്റിസ് ബി. സുധീന്ദ്രകുമാറാണ് അസാധാരണ ഉപാധികളോടെ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് എല്ലാ ഞായറാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവാനും അറസ്റ്റ് ചെയ്യുന്നപക്ഷം 35000 രൂപയ്ക്ക് സമാനമായ തുകക്കുള്ള രണ്ടാള്‍ ജാമ്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു തന്നെ വിട്ടയയ്ക്കാനുമാണ് ഉത്തരവ്.

ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചാല്‍ കീഴ്‌ക്കോടതിക്ക് നടപടിയെടുക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more