Kerala News
കെ.എസ്.യു പുനസംഘടനയില്‍ കെ. സുധാകരന് അതൃപ്തി; ചുമതലയൊഴിഞ്ഞ് വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 08, 11:28 am
Saturday, 8th April 2023, 4:58 pm

തിരുവനന്തപുരം: കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സംസ്ഥാനത്തെ ചര്‍ച്ചകള്‍ മറികടന്ന് പട്ടിക തയ്യാറാക്കിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. കെ.പി.സി.സി തയ്യാറാക്കി അയച്ച പട്ടികയില്‍ ദല്‍ഹിയിലെ ചിലര്‍ മാറ്റം വരുത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

മഹിളാ കോണ്‍ഗ്രസില്‍ കെ.പി.സി.സി നല്‍കിയ പട്ടികയിലുള്‍പ്പെട്ട പലരെയും അന്തിമ ഘട്ടത്തില്‍ വെട്ടിമാറ്റിയെന്നാണ് ഉയരുന്ന ആക്ഷേപം. സമാന അവസ്ഥയാണ് കെ.എസ്.യു പുനസംഘടനയിലും നടന്നതെന്നും കെ.സി. വേണു ഗോപാലിന്റെ നേതൃത്വത്തില്‍ പട്ടികയില്‍ തിരിമറി നടത്തിയെന്നാണ് ആരോപണമുയരുന്നതെന്നും മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുനസംഘടന പട്ടിക പുറത്ത് വന്നതോടെ വി.ടി. ബല്‍റാമും കെ. ജയന്തും കെ.എസ്.യുവിന്റെ സംസ്ഥാന ചുമതലകളില്‍ നിന്ന് ഒഴിയുകയും ചെയ്തിട്ടുണ്ട്.

കെ.എസ്.യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 25 അംഗ സമിതി മതിയെന്നായിരുന്നു കെ.പി.സി.സി നിലപാട്. ഇതിന് പകരം 80 അംഗ അന്തിമ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിനോടൊപ്പം കെ.എസ്.യു നേതൃത്വത്തില്‍ അവിവാഹിതര്‍ മാത്രം മതിയെന്ന നിബന്ധന എടുത്ത് കളഞ്ഞതിലും നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

നാല് വൈസ് പ്രസിഡന്റുമാരും 30 ജനറല്‍ സെക്രട്ടറിമാരും പുതുക്കിയ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 43 സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളും പട്ടികയിലുണ്ട്. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്.

അലോഷ്യസ് സേവ്യറാണ്  സംസ്ഥാന പ്രസിഡന്റ്. ആന്‍ സെബാസ്റ്റ്യനും മുഹമ്മദ് ഷമ്മാസുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തുള്ളത്. നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരായി പുനര്‍ നാമകരണവും ചെയ്തിട്ടുണ്ട്.

Content Highlight: ksu select new leaders sufhakaran against issue