എറണാകുളം: കെ.എസ്.യു നേതാക്കള്‍ക്കെതിരെ സംഘടനാതലത്തില്‍ കൂട്ടനടപടി. നാല് ജില്ലകളിലായി 87 ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ നയിക്കുന്ന ‘ക്യമ്പസ് ജാഗരൻ യാത്ര’യില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്കെതിരെയാണ് നടപടി.
രാസലഹരി മാഫിയക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യത്തോട് കൂടിയാണ് കെ.എസ്.യു യാത്ര നടത്തുന്നത്. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്ര ഇപ്പോള്‍ എറണാകുളത്ത് എത്തിയിരിക്കുകയാണ്.
ഇക്കാലയളവിലെ ഭാരവാഹിളുടെ പങ്കാളിത്തം സംബന്ധിച്ച പരിശോധനയെ തുടര്‍ന്നാണ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തത്. യാത്ര സമാപിക്കുന്ന മാർച്ച് 19ന് മതിയായ കാരണങ്ങൾ ബോധിപ്പിക്കുന്ന ഭാരവാഹികളെ തിരിച്ചെടുക്കാനും, മറ്റുള്ളവരെ സംഘടനാ പദവികളിൽ നിന്ന് നീക്കം ചെയ്യാനുമാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.
കാസര്‍ഗോഡ് 24, കണ്ണൂര്‍ 17, വയനാട് 26, കോഴിക്കോട് 20 ഭാരവാഹികളെയുമാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി സസ്പെന്‍ഡ് ചെയ്തത്. ജില്ലാ വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ സസ്പെന്‍ഷന്‍ നേരിടുന്നുണ്ട്.
സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരം ജില്ലാ ജനറൽ സെക്രട്ടറിമാരാണ് ഭാരവാഹികൾക്കെതിരെ നടപടിയെടുത്തത്.
‘പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായുള്ള സംഘടനാ നടപടിയാണിത്. ക്യാമ്പസ് ജാഗരന്‍ യാത്രയ്ക്ക് സംഘടന വലിയ പ്രാധാന്യം നല്‍കുന്നു എന്നതിന്റെ വലിയ ഉദാഹരണമായി മാറുകയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഈ നടപടി,’ അലോഷ്യസ് സേവിയര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
ലഹരിക്കെതിരായ ബോധവത്ക്കരണത്തിനായി ഇറങ്ങുമ്പോള്‍ അതില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നവര്‍ക്ക് സംഘടനാ ഭാരവാഹിത്വത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.
Content Highlight: KSU’s campus jagran march against drug abuse; 87 leaders suspended for absenteeism