'ഇപ്പോള്‍ എല്‍.പി.ജിയുണ്ട് ബുദ്ധിമുട്ടില്ല'; മോദിയുടെ പടുകൂറ്റന്‍ ഫ്‌ളക്‌സില്‍ കരിഓയില്‍ ഒഴിച്ച് വലിച്ച് കീറി കെ.എസ്.യു പ്രതിഷേധം
Kerala
'ഇപ്പോള്‍ എല്‍.പി.ജിയുണ്ട് ബുദ്ധിമുട്ടില്ല'; മോദിയുടെ പടുകൂറ്റന്‍ ഫ്‌ളക്‌സില്‍ കരിഓയില്‍ ഒഴിച്ച് വലിച്ച് കീറി കെ.എസ്.യു പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 4:51 pm

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധം നടക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെ ചിത്രം വെച്ച എല്‍.പി.ജിയുടെ പടുകൂറ്റന്‍ ഫ്‌ളക്‌സില്‍ കരിഓയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് മോദിയുടെ ചിത്രം പ്രവര്‍ത്തകര്‍ വലിച്ചുകീറുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി.

തിരുവനന്തപുരം രാജ്ഭവനിലേക്ക് അഞ്ച് മണിക്ക് കെ.എസ്.യുവിന്റെ രാജ്ഭവന്‍ മാര്‍ച്ചുണ്ട്. നേരത്തെ എസ്.എഫ്.ഐയുടേയും ഡി.വൈ.എഫ്.ഐയുടേയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.

നിരവധി വിദ്യാര്‍ത്ഥികളാണ് തലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. കോഴിക്കോടും വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കുന്നുണ്ട്. മാനാഞ്ചിറയിലാണ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി പ്രതിഷേധിക്കുന്നത്.

നേരത്തെ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭദേഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. ദല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, തെലങ്കാന ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധമാണ് ഇന്ന് നടക്കുന്നത്.

മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്.

നിരോധനാഞ്ജ മറികടന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തിയിട്ടുണ്ട്. പൊലീസിന് പോലും നിയന്ത്രിക്കാനാവാത്ത രീതിയിലുള്ള ജനപങ്കാളിത്തമാണ് കാണുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ എല്ലാ റോഡുകളും മെട്രോ സ്‌റ്റേഷനുകളും അടച്ചിരിക്കുകയാണ്. ദല്‍ഹിയിലേക്കുള്ള ദേശീയപാത അടച്ചിട്ടുണ്ട്. എന്‍.എച്ച് 47 ഉം മറ്റു പ്രധാന റോഡുകളുമാണ് അടച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദല്‍ഹിയിലേക്ക് എത്താതിരിക്കാനാണ് നടപടി. ഇതിനൊപ്പം ടെലഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ഇവിടെ റദ്ദാക്കിയിട്ടുണ്ട്.