മലപ്പുറം: തിരുവനന്തപുരത്ത് യു.ഡി.എഫ് ഏകോപന സമിതി ചേരുമ്പോള്‍ മലപ്പുറത്ത് പരസ്പരം ഏറ്റുമുട്ടി വിദ്യാര്‍ത്ഥി സംഘടനകള്‍. മമ്പാട് എം.ഇ.എസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴാണ് യു.ഡി.എഫിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും വിദ്യാര്‍ഥി വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് പ്രകടനം നടത്തിയത്.
ജമാഅത്തെ ഇസ്‌ലാമി പിന്തുണയ്ക്കുന്ന വിദ്യാര്‍ഥി സംഘടനയുമായി ചേര്‍ന്ന് മത്സരിച്ച കെ.എസ്.യു, എം.എസ്.എഫിനെ പരാജയപ്പെടുത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്. ഒമ്പത് ജനറല്‍ സീറ്റില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടന മൂന്ന് സീറ്റിലും കെ.എസ്.യു ആറ് സീറ്റിലും വിജയിച്ചു. എം.എസ്.എഫ് പരാജയപ്പെട്ടു.
വിജയിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ ഇതോടെ മമ്പാട് ടൗണില്‍ കഴിഞ്ഞ ദിവസം പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെയും തെറിവിളിച്ച് ആഹ്ലാദപ്രകടനം നടത്തി. കെ.എസ്.യു ഇല്ലാതെ ജില്ലയില്‍ ഒരു സീറ്റിലും ജയിക്കാന്‍ കഴിയില്ലെന്നും അവകാശപ്പെട്ടു.
അതിന് മറുപടിയായാണ് വെള്ളിയാഴ്ച വൈകിട്ടോടെ എം.എസ്.എഫും യൂത്ത് ലീഗും മമ്പാട് ടൗണില്‍ ആര്യാടനെയും ചെന്നിത്തലയെയും അധിക്ഷേപിച്ച് പ്രകടനം നടത്തിയത്. സമൂഹ മാധ്യമങ്ങളിലും പോര്‍വിളി തുടരുകയാണ്.
ഈ വര്‍ഷത്തെ കോളജ് തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിലെത്തിയതോടെയാണ് മമ്പാട് കോളജില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടി വന്നത്. പാര്‍ലമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പ് നടന്ന കോളജില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് സമാപിച്ചപ്പോള്‍ എം.എസ്.എഫ് 37, കെ.എസ്.യു 36, എസ്.എഫ്.ഐ 19, ഫ്രറ്റേണിറ്റി മൂന്ന്, സ്വതന്ത്രന്‍ ഒന്ന് എന്ന നിലയില്‍ എത്തിയിരുന്നു.
യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കേണ്ട സമയത്താണ് സംഘര്‍ഷമുണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഫ്രറ്റേര്‍ണിറ്റിയുമായി സംഖ്യത്തിലായ കെ.എസ്.യു യൂണിയന്‍ പിടിക്കുകയായിരുന്നു.