| Wednesday, 31st July 2019, 7:25 pm

'എസ്.ഡി.പി.ഐ വെട്ടിക്കൊന്നതാണെന്ന് ഉറക്കെ പറയണം'; മുല്ലപ്പള്ളിയ്‌ക്കെതിരെ കെ.എസ്.യു നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറയാതിരുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മലപ്പുറം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍. കൊന്നത് എസ്.ഡി.പി.ഐയാണെന്ന് ഉറക്കെ പറയണമെന്നും നൗഷാദ് രക്തസാക്ഷിയായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചു.

നൗഷാദിന്റേതു രാഷ്ട്രീയക്കൊലപാതകമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. പൊലീസിന് ജാഗ്രതക്കുറവുണ്ടായോ എന്നകാര്യം പരിശോധിക്കണം. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍ പ്രാദേശിക നേതൃത്വവും ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍, കെ. സുധാകരന്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളും അക്രമത്തിനു പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ഒരറ്റത്ത് ആവര്‍ത്തിച്ചു പറയുമ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രതികരണത്തിനു സാമൂഹികമാധ്യമത്തില്‍ വ്യാപക വിമര്‍ശനം വന്നിരുന്നു. എസ്.ഡി.പി.ഐയുടെ പേരെടുത്തു പറയാതെ പ്രതികരിച്ച മുല്ലപ്പള്ളിയുടെ വീഡിയോക്ക് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്നായിരുന്നു പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെയുള്ളവര്‍ രോഷം പ്രകടിപ്പിച്ചത്.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എസ്.ഡി.പി.ഐയാണെന്നു പറയാന്‍ മുല്ലപ്പള്ളി മടിക്കുന്നത് എന്തിനാണെന്നായിരുന്നു ഭൂരിഭാഗം കമന്റുകളും.

ഹാരിസ് മുതൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയാന്‍,

ചാവക്കാട് കോണ്‍ഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും ആയിരുന്ന പ്രിയ സഹപ്രവര്‍ത്തകന്‍ നൗഷാദിനെ കൊന്നതാണ്, കൊലയാളികള്‍ SDPI എന്ന വര്‍ഗീയ സംഘടനയില്‍പ്പെട്ടവരാണ്, മൊത്തം നാലു പേരെയാണ് സര്‍ വെട്ടിയത്, അവര്‍ 14 പേരുണ്ടായിരുന്നു,വെട്ടു കൊണ്ട നമ്മുടെ പ്രവര്‍ത്തകരുടെ മൊഴിയാണ് സര്‍ അവര്‍ SDPI എന്നത്, താങ്കള്‍ കുടുംബനാഥനാണ് സര്‍ കോണ്‍ഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥന്‍, രക്തസാക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണ്, മൂവര്‍ണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്, പ്രവര്‍ത്തകരെ സംരക്ഷിച്ചതിന്റെ പേരിലാണ്, പ്രവര്‍ത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്.
പ്രതികരിക്കണം സര്‍ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവര്‍ത്തകരുടെ വികാരമാണ് സര്‍.അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്.
പിണറായിക്കു സ്തുതി പാടുന്ന സി പി എമ്മിന്റെ അടിമകളെ പോലയല്ല ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍, ഞങ്ങളുടെ വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ പ്രവര്‍ത്തകരെ സംരക്ഷിക്കണമെന്ന അഭ്യാര്‍ത്ഥനയോടെ.,

ഹാരിസ് മുതൂര്‍
KSU മലപ്പുറം ജില്ലാ പ്രസിഡണ്ട്

We use cookies to give you the best possible experience. Learn more