കൊല്ലം: കോണ്‍ഗ്രസ് നേതാക്കളുടെ വിദ്യാര്‍ത്ഥികളായ മക്കളില്‍ എത്ര പേര്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ചോദിച്ച് കെ.എസ്.യു കൊല്ലം ജില്ലാ അദ്ധ്യക്ഷന്‍ വിഷ്ണു വിജയന്‍. കോണ്‍ഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു.
കെ.എസ്.യു കാമ്പസുകളില്‍ ഇല്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിഷ്ണു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ അവരുടെ പാര്‍ട്ടിയുണ്ട്. കെ.എസ്.യു.വിന് ആരുണ്ട്. ശാസ്താംകോട്ടയിലും കൊട്ടാരക്കരയിലും അഞ്ചലിലും കെ.എസ്.യു. ശക്തമാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പുതര്‍ക്കംമൂലം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ ചേരാന്‍ പറ്റാത്ത സാഹചര്യമാണെന്നും വിഷ്ണു വിജയന്‍ പറഞ്ഞു.
ഏത് സമരവും ഖദര്‍ ഉടയാതെയാകണം എന്ന പിടിവാശി നേതാക്കള്‍ ഉപേക്ഷിക്കണം എന്ന് കോണ്‍ഗ്രസ് കേന്ദ്ര-കേരള നേതൃത്വത്തോട് ആവശ്യപ്പെട്ട് ക്യാമ്പില്‍ പ്രമേയം പാസ്സാക്കിയിരുന്നു..
ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.
നിരാശയുടെ സമയമല്ലിതെന്നും പ്രത്യയശാസ്ത്രപരമായി കൂട്ടാവുന്നവരെ ഒപ്പം നിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മുന്നേറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഒരേ പദവിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ തല്‍സ്ഥാനത്ത് നിന്ന് മാറി പുതിയ ആളുകള്‍ക്ക് അവസരം നല്‍കണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടി വന്‍വിജയം നേടിയെങ്കിലും കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് പ്രമേയം.