ട്രോള്‍ ഗ്രൂപ്പുകളിലും മറ്റ് ചര്‍ച്ചാ ഗ്രൂപ്പുകളിലും ഇന്ന് രാവിലെ മുതല്‍ പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. ഒരു ചെറുപ്പക്കാരന്‍ സമരത്തിനിടെ പൊലീസ് മര്‍ദനത്തിന് ഇരയാവുന്ന ചിത്രമായിരുന്നു അത്. പൊലീസുമായി തെരുവ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കെ.എസ്.യു നേതാവ് കാമേഷ് നീലപ്പട ( 8b-വയസ് 42) എന്ന തലക്കെട്ടിലായിരുന്നു പലരും ചിത്രം പ്രചരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ ഉള്ളത് കെ.എസ്.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി യദുകൃഷ്ണന്‍ എം.ജെയുടെ ചിത്രമായിരുന്നു ഇത്.
തന്റെ ചിത്രം ഉപയോഗിച്ച് ബോഡി ഷെയിമിംഗ് നടത്തുകയാണെന്ന് ഇതിനെതിരെ യദുകൃഷ്ണന്‍ പ്രതികരിച്ചു. താന്‍ ജനിച്ചത് 9.10.1995ലാണെന്നും 24 വയസ്സാണ് പ്രായമെന്നും യദുകൃഷ്ണന്‍ പറഞ്ഞു.
തമാശ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ബോഡിഷെയിമിങ്ങിനെതിരായ ചിത്രം എന്നൊക്കെ പറഞ്ഞു സ്വാഗതം ചെയ്തവരാണ് എന്നെ അപഹസിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് എന്നത് മറ്റൊരു തമാശയെന്നും യദുകൃഷ്ണന്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് യദുകൃഷ്ണന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം
എന്റെ പേര് :യദുകൃഷ്ണൻ
ജനന തീയതി :9.10.1995
വയസ് :24
പഠിക്കുന്ന കോളേജ് : കൊട്ടിയം എൻ എസ് എസ് ലോ കോളേജ്, എൽ എൽ ബി നാലാം വർഷം
സംഘടനാ ഭാരവാഹിത്വം : കെ എസ് യു സംസ്ഥാന ജോ.സെക്രട്ടറി
സ്വദേശം : പട്ടാഴി, പത്തനാപുരം, കൊല്ലം ജില്ല
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രി കിടക്കയിൽ കിടന്നാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ കെ എസ് യു നടത്തിയ മാർച്ചിൽ പോലീസ് നടത്തിയ നരനായാട്ടിനെ തുടർന്നാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയത്.
കെ എസ് യു സമരത്തിന് പിന്തുണ അർപ്പിച്ചു ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല എഴുതിയ കുറിപ്പിനോടൊപ്പം പങ്ക് വച്ച സമര ചിത്രങ്ങളിൽ എന്റെയും ഫോട്ടോ ഉണ്ടായിരുന്നു. പോലീസ് എന്നെ ക്രൂരമായി മർദ്ദിക്കുന്ന ചിത്രമാണെങ്കിലും ഇടതുപക്ഷത്തെ സൈബർ പോരാളികൾ പരിഹസിക്കാൻ വേണ്ടിയാണ് എന്റെ ചിത്രം ഉപയോഗപ്പെടുത്തുന്നത്.എന്നെ വിദ്യാർത്ഥിയായി അംഗീകരിക്കാൻ പോലും ഇവർ തയാറല്ല. പ്രായമേറിയ ആളാണെന്നും യൂത്ത് കോൺഗ്രസുകാരെ സമരത്തിന് ഇറക്കിയതാണെന്നുമൊക്കെ അപഹസിക്കുന്നുണ്ട്. ശരീരഭാരമാണ് ഇവരുടെ കൂക്കുവിളികൾക്ക് കാരണം. പുരോഗമന ആശയം ഉയർത്തുന്നവർ എന്ന് അവകാശപ്പെടുത്തുന്നവരിൽ നിന്നാണ് ബോഡി ഷെയിമിങ്ങിന് ഞാൻ ഇരയാകുന്നത്. എന്നെ നേരിട്ട് പരിചയമില്ലാത്ത പലരും ഇവരുടെ ഈ സൈബർ ആക്രമണം ശരിയാണെന്ന് വിശ്വസിക്കുന്നുമുണ്ട്. ഞാൻ ആദ്യമായിട്ടല്ല പിണറായി പോലീസിൽ നിന്നും മർദ്ദനമേൽക്കുന്നത്. സ്വാശ്രയ മെഡിക്കൽ പ്രവേശനം സർക്കാർ താളം തെറ്റിച്ചപ്പോൾ 2017 കാലത്ത് സമരത്തിനിറങ്ങി ക്രൂരമായ മർദ്ദനമാണ് എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. (വിദ്യാർത്ഥികളുടെ തലയ്ക്ക് അടിക്കരുതെന്നു സർക്കുലർ ഇറക്കിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലഅല്ലലോ ഇപ്പോൾ ഭരിക്കുന്നത്)
ക്ലിഫ് ഹൗസ് മാർച്ചിന് ശേഷം ജയിൽവാസവും കഴിഞ്ഞു പുറത്തിറങ്ങിയ എന്നെ ആക്രമിക്കാനുള്ള അടുത്ത ഊഴം എസ് എഫ് ഐ ക്കാർക്കായിരുന്നു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ചു എന്റെ വലത് കാൽ എസ്എഫ് ഐ ഗുണ്ടകൾ അടിച്ചോടിച്ചു. ഈ മർദ്ദനത്തിന്റെ സ്മാരകമായി രണ്ട് സ്റ്റീൽ റോഡും എട്ടു സ്ക്രൂവും പേറികൊണ്ടാണ് ഞാൻ ഇപ്പോൾ നടക്കുന്നത്. തലയിൽ മാത്രം 21 തുന്നൽ ഇടേണ്ടിവന്നു. മരണത്തോട് മല്ലടിച്ചു 18 ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്. ആശുപത്രി വാസം കഴിഞ്ഞെങ്കിലും കാൽ നിലത്ത് ചവുട്ടി നിവർന്നു നിന്നത് 10 മാസം കഴിഞ്ഞിട്ടാണ്. മർദ്ദനത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഞാൻ വീണ്ടും പിച്ചവെച്ചു രണ്ടാം ജന്മത്തിലേക്ക് നടന്നത്.
കമ്പിയിട്ട കാലിൽ ഇന്നലെ വീണ്ടും അടികിട്ടി.പരുക്കിനൊപ്പം നീരും വേദന വർദ്ധിപ്പിക്കുന്നു. #തമാശ എന്ന സിനിമ ഇറങ്ങിയപ്പോൾ ബോഡിഷെയിമിങ്ങിനെതിരായ ചിത്രം എന്നൊക്കെ പറഞ്ഞു സ്വാഗതം ചെയ്തവരാണ് എന്നെ അപഹസിക്കാൻ മുന്നിൽ നിൽക്കുന്നത് എന്നത് മറ്റൊരു തമാശ. സ്ത്രീസമത്വവും ശാരീരിക പോരായ്മകളോടുള്ള ഐക്യപ്പെടലുമൊക്കെ സഖാക്കൾക്ക് മുദ്രാവാക്യം മാത്രമാണ്. തെരുവിലും ഫേസ്ബുക്ക് വാളിലും കാമ്പസിലുമെല്ലാം സഖാക്കൾ ഇവർക്കെതിരെ അഴിഞ്ഞാടുകയാണ്. എന്റെ ശരീരം എന്റെ അവകാശമാണ് എന്നൊക്കെയുള്ള വാക്കുകൾ നിങ്ങളെ നോക്കി ചിരിക്കുകയാണ്. എതിരാളികളെ കായികമായും മാനസികമായും എതിർക്കുകയും തരം കിട്ടുമ്പോഴെല്ലാം സദാചാര പോലീസ് ആകുകയും ചെയ്യുന്ന എസ് എഫ് ഐ നേതാക്കളുടെ പെരുമാറ്റത്തിൽ മനം നൊന്ത് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നു പോലും വിദ്യാർത്ഥിനി പഠനം ഉപേക്ഷിച്ചത് മറക്കരുത്. നിങ്ങൾ ഏത് പ്രാകൃത നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നോർക്കുക. സോഷ്യലിസവും ജനാധിപത്യവുമൊക്കെ കൊടിയിൽ എഴുതി വച്ചാൽ പോരാ. അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കണം എന്ന് പറയുമ്പോൾ അന്യന്റെ നിലവിളിയാണ് സഖാക്കൾ സംഗീതം പോലെ ആസ്വദിക്കുന്നത് എന്നോർക്കണം.നിങ്ങൾ ഭീഷണിപ്പെടുത്തി നോക്കിയപ്പോഴും, മാനസികമായി തകർക്കാൻ നോക്കിയട്ടുള്ളപ്പോഴും, കൊന്നുകളയാൻ നോക്കിയപ്പോഴും, സോഷ്യൽ മീഡിയയിൽ പരിഹസിച്ച് മുൻകാലങ്ങളിൽ ഇട്ടട്ടുള്ളപ്പോഴുമെല്ലാം ഞാൻ പതിൻമടങ്ങ് വേഗത്തിൽ ഞാൻ അതിജീവിച്ചിട്ടെ ഉള്ളു. ഇനിയും നിങ്ങളിതു തുടർന്നാൽ നിയമത്തിന്റെ വഴി തേടാൻ ഞാൻ നിർബന്ധിതമാകും