| Thursday, 9th November 2017, 8:43 am

'ഓട്ടപാത്രത്തില്‍ വെള്ളം കോരുന്ന മോദി'; നോട്ട് നിരോധന വാര്‍ഷികം വിഡ്ഢിദിനമായി ആചരിച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വ്യത്യസ്ത സമരവുമായി കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. രാജ്യമൊട്ടാകെ പ്രതിപക്ഷപാര്‍ട്ടികള്‍ നോട്ട് നിരോധനം കരിദിനമായി ആചരിച്ചപ്പോഴാണ് കെ.എസ്.യു ലോ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിഡ്ഢി ദിനാചരണം നടത്തിയത്.


Also Read: പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കണ്ട; ഇസ്‌ലാം വിശ്വാസിയായി ജീവിക്കാന്‍ ഒരു മത-രാഷ്ട്രീയത്തമ്പുരാന്റെയും സാക്ഷ്യപത്രം വേണ്ടെന്നും കെ.ടി ജലീല്‍


അവകാശപ്പെട്ട ഒരൊറ്റ ലക്ഷ്യം പോലും നിറവേറ്റാതെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ താറുമാറാക്കിയ തീരുമാനത്തെ മോദിയുടെ മുഖം മൂടിയണിഞ്ഞ് ഓട്ട പാത്രത്തില്‍ വെള്ളം കോരിയാണ് വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നവംബര്‍ എട്ട് കരിദിമനമായി ആചരിച്ചപ്പോള്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി വിഡ്ഢി ദിനം ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് കെ.എസ്.യു നേതാവ് അബ്ദുറഹ്മാന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

“രാജ്യവ്യാപകമായി കോണ്‍ഗ്രസ് നവംബര്‍ എട്ട് വിഡ്ഢി ദിനമായി ആചരിച്ചപ്പോള്‍ കെ.എസ്.യു ലോ കോളേജ് യൂണിറ്റ് കമ്മിറ്റി വിഡ്ഢി ദിനമായി ആചരിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ മോദി ജനങ്ങളെ വിഡ്ഢികളാക്കിയ ദിനമായിരുന്നല്ലോ ഇത്. അച്ഛാ ദിന്‍ ആഗയാ, അച്ഛാ ദിന്‍ ആഗയാ എന്നു മോദി പറഞ്ഞപ്പോള്‍ അച്ഛാദിന്‍ വന്നത് രാജ്യത്തെ പാവപ്പെട്ടവര്‍ക്കായിരുന്നില്ല മറിച്ച് അജിത് ഡോവലിന്റെയും അമിത് ഷായുടെയും മക്കള്‍ക്കായിരുന്നു” അബ്ദുറഹ്മാന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു


Dont Miss: ഐ.എസ് പ്രചാരകരായ ‘ബഹ്‌റൈന്‍ ഗ്രൂപ്പില്‍’ മലയാളികളും; മുജാഹിദ് നേതാവുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്


വിഡ്ഢി ദിനാചരണം കെ.എസ്.യു. കോഴിക്കോട് ജില്ലാ സെക്രട്ടറി മനു അര്‍ജുന്‍ ഉദ്ഘാടനം ചെയ്തു. നോട്ടു നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ച ദുരിതത്തെക്കുറിച്ചും സാമ്പത്തിക രംഗത്തെ തകര്‍ച്ചയെക്കുറിച്ചും പരിപാടിയുടെ അദ്ധ്യക്ഷന്‍ ജിഷില്‍ രാമചന്ദ്രന്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വിശ്വനാഥ്, എ.പി.അബ്ദു റഹ്മാന്‍, ഗൗതം രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ച ചടങ്ങില്‍ ഫൈസ നന്ദി പറഞ്ഞു.

We use cookies to give you the best possible experience. Learn more