കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണം: കെ.എം അഭിജിത്ത്
Kerala Politics
കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണം: കെ.എം അഭിജിത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd May 2021, 6:28 pm

കോഴിക്കോട്: കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.എസ്.യു പുനസംഘടന അനിവാര്യമാണെന്നും അഭിജിത്ത് പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍.എസ്.യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു.

കാലാവധി കഴിഞ്ഞ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് അഭിജിത്ത് പറയുന്നത്. സാധാരണ 2 വര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പിലൂടെ കമ്മിറ്റി രൂപീകരിക്കുന്നത്.

എന്നാല്‍ 2017ലാണ് ഇപ്പോഴുള്ള കമ്മിറ്റി നിലവില്‍ വന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ പോഷക സംഘടനകളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേരളത്തിലുടനീളം കോണ്‍ഗ്രസിന്റെ സംവിധാനം ദുര്‍ബലമായെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ചതെന്നും അഭിജിത്ത് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി ‘യു.ഡി.എഫ് സംവിധാനം’ പലയിടത്തും മാറിയെന്നും അഭിജിത്ത് പറഞ്ഞു.

കോണ്‍ഗ്രസ് ആള്‍ക്കൂട്ടമായതും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നാണ് കെ എം അഭിജിത്ത് മത്സരിച്ചത്. എതിരെ മത്സരിച്ച എല്‍.ഡി.എഫിന്റെ തോട്ടത്തില്‍ രവീന്ദ്രനാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ 41 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. അതില്‍ തന്നെ 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: KSU KM Abhijith NSU Congress UDF Youth Congress