| Wednesday, 16th December 2015, 8:46 am

മോദി പ്രസംഗിച്ചിടത്ത് ചാണകവെള്ളം തളിച്ച് കെ.എസ്.യു: പ്രതിഷേധക്കാര്‍ക്കുനേരെ ആര്‍.എസ്.എസ് അക്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച സ്ഥലം ചാണകവെള്ളം തളിച്ച് കെ.എസ്.യു പ്രതിഷേധം. ചാണകവെള്ളവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ചൊവ്വാഴ്ച വൈകുന്നേരം തേക്കിന്‍കാട് മൈതാനത്താണ് സംഭവം.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയുടെ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധം. മോദി പ്രസംഗിക്കുന്ന വേദികള്‍ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുമെന്ന് വി.എസ് ജോയി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചാണകവെളളവുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തുമെന്നറിഞ്ഞ് മോദി പ്രസംഗിച്ച വേദിയ്ക്കു സമീപം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വടിയും ചീമുട്ടയും കല്ലുകളുമായി തടിച്ചു കൂടിയിരുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് വന്‍പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

ഇതോടെ കെ.എസ്.യു പ്രതിഷേധം വൈകുന്നേരത്തേക്ക് മാറ്റി. വൈകുന്നേരം നാലരയോടെ തേക്കിന്‍ കാട് മൈതാനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തെറിവിളിയുമായി സ്വരാജ് റൗണ്ടിലേക്കിറങ്ങി.

പൊലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ കെ.എസ്.യുക്കാര്‍ തേക്കിന്‍ക്കാടിലേക്ക് കയറിയാല്‍ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും കല്ലും ചീമുട്ടയും വടിയും പ്രതിഷേധക്കാര്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ, മോദിക്കും വെള്ളാപ്പള്ളിക്കും ആര്‍.എസ്.എസിനുമെതിരെ മുദ്രാവാക്യം മുഴക്കിയ കെ.എസ്.യുക്കാര്‍ നടുവിലാലിലെ ഗണപതി കോവിലിന് മുന്നില്‍ ചാണകം തളിച്ചു.

സംഘര്‍ഷത്തിനിടെ കെ.എസ്.യു ലോ കോളജ് യൂണിറ്റ് സെക്രട്ടറി അഖില്‍ സാമുവലിന്റെ കൈക്ക് സാരമായി പരിക്കേറ്റു. അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന വേദികളിലെല്ലാം കെ.എസ്.യു ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുമെന്ന് വി.എസ് ജോയ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍ ചിലര്‍ റീത്തു വെച്ച് ഭീഷണിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു.

We use cookies to give you the best possible experience. Learn more