കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ തനിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതികരണവുമായി കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളി.
താന്‍ പെണ്‍കുട്ടിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പൊലീസുകാരന്‍ പിടിച്ചുമാറ്റിയതെന്ന് മിവ ജോളി പറഞ്ഞു. മീഡിയാവണ്ണിനോടായിരുന്നു മിവ ജോളിയുടെ പ്രതികരണം.
ഇത്തരം വിഷയം ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു. മുഖ്യമന്ത്രി പോയതിന് ശേഷമാണ് സി.ഐയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്നും മിവ ജോളി പറഞ്ഞു.
സമരമുറകളെ ഏത് വിധേനയും അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ ഒരാളെ മാറ്റി നിര്‍ത്തിയാല്‍ ആയിരങ്ങള്‍ വേറെ വരുമെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും മിവ ജോളി പറഞ്ഞു.
‘മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും കരിങ്കൊടി പ്രതിഷേധത്തിനെത്തിയത്. വനിത പൊലീസ് അവിടെയുണ്ടായിരുന്നില്ല. പുരുഷ പൊലീസാണ് തുടക്കം മുതലേ എന്നെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചത്. കോളറില്‍ പിടിച്ച് മോശമായ രീതിയലാണ് പൊലീസ് കൊണ്ടുപോയത്.
കരിങ്കൊടിയുമായി വരുമ്പോള്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ ഞാന്‍ വനിതയാണെന്ന് മനസിലാക്കിയിരുന്നു. പൊലീസ് പെണ്‍കുട്ടിയാണെന്ന് ഇന്‍ഫോര്‍മേഷന്‍ കൊടുക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. അതുകൊണ്ട് പെണ്‍കുട്ടിയാണെന്ന് മനസിലായില്ലെന്ന ന്യായീകരണത്തിന് പ്രസക്തിയില്ല.
തുടര്‍ന്ന് അറസ്റ്റ് ചെയ്യുന്ന സമയത്ത് സി.ഐ മോശമായ രീതിയില്‍ ഇടപെട്ടു. അസഭ്യം പറയുകയും മുടിയില്‍ പിടിച്ച് വലിക്കുകയും വരെ ചെയ്തു. ആ സമയം അവിടെ വനിതാ പൊലീസ് എത്തിയിരുന്നു,’ മിവ ജോളി കൂട്ടിച്ചേര്‍ത്തു.
പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളെല്ലാം രൂക്ഷവിര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ കാക്കിയിട്ട ക്രിമിനലിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് ഉമ തോമസ് എം.എല്‍.എ പറഞ്ഞു.
ഒരു ചെറിയ പെണ്‍കുട്ടിയെ കോളറില്‍ പിടിച്ചു വലിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ സ്ത്രീ സുരക്ഷ, സ്ത്രീ സമത്വത്തിന്റെ നേര്‍ ചിത്രം. സ്വന്തം മകളുടെ പ്രായമുള്ള ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാനുള്ള മാനസികാവസ്ഥയിലേക്ക് കേരള പൊലീസ് കൂപ്പുകുത്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരും പറഞ്ഞിരുന്നത്.
അതേസമയം, സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കി. കളമശ്ശേരി സി.ഐ.പി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഒരുപറ്റം പുരുഷ പൊലീസുകാര്‍ കയറിപ്പിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തെന്ന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു.