തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് കെ.എസ്.യു. അന്‍സിലിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ദേശാഭിമാനിക്ക് എങ്ങനെ കിട്ടിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ചോദിച്ചു. എസ്.എഫ്.ഐ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആരോപണം വരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ ഇന്നലെ വൈകുന്നേരം മുതല്‍ മാധ്യമങ്ങളില്‍ ‘കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍’ എന്ന തലക്കെട്ടോട് കൂടി വലിയ വാര്‍ത്തകള്‍ വരുന്നു. ജൂണ്‍ 13ാം തീയ്യതി ദേശാഭിമാനി പത്രത്തിലാണ് ആദ്യമായി അന്‍സിലിന്റെ പേരില്‍ ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രത്യക്ഷപ്പെടുന്നത്.
അന്‍സിലിനെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നാണ് കെ.എസ്.യുവിന് പറയാനുള്ളത്. കേരള സര്‍വകലാശാല ഇന്നലെയാണ് ആ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞതെങ്കില്‍ ഏഴ് ദിവസം മുമ്പ് ദേശാഭിമാനിയുടെ സ്‌റ്റേറ്റ് എഡിഷനിലത് വാര്‍ത്തയായി വരുന്നു.
അന്‍സില്‍ 2016-17 കാലഘട്ടത്തില്‍ എസ്.ഡി. കോളേജില്‍ ബി.എ. ഹിന്ദി ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിയായിരുന്നു. ആ കാലയളവില്‍ തന്നെ അവിടെ ബി.കോമിന് പഠിച്ചുവെന്ന തരത്തില്‍ ദേശാഭിമാനിയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് പ്രത്യക്ഷപ്പെടുന്നു. ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് ദേശാഭിമാനിക്ക് എവിടെ നിന്ന് ആ സര്‍ട്ടിഫിക്കറ്റ് കിട്ടി.
കേരളത്തിന്റെ ഏതെങ്കിലും കോളേജുകളില്‍ അന്‍സില്‍ ജലീലിന്റേത് എന്ന് പറയപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളുണ്ടോ? കേരള സര്‍വകലാശാലയില്‍ അന്‍സില്‍ ജലീലിന്റേത് എന്ന് പറയപ്പെടുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകളുണ്ടോ? ഏതെങ്കിലും സ്ഥാപനങ്ങളില്‍ അന്‍സില്‍ ഈ പറയുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കൊണ്ട് ജോലി നേടിയിട്ടുണ്ടോ?
ദേശാഭിമാനി പത്രത്തില്‍ വന്ന ഫോട്ടോസ്റ്റാറ്റ് കോപ്പിയുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലൊരു വാര്‍ത്ത വരുന്നു. ആ വാര്‍ത്ത വരുന്ന പശ്ചാത്തലവും ശ്രദ്ധിക്കണം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ എഴുതാത്ത പരീക്ഷ പാസായതായി മഹാരാജാസ് കോളേജിന്റെ വെബ്‌സൈറ്റില്‍ വരുന്നു. കെ.എസ്.യു. യൂണിറ്റ് ആ വിഷയം പൊതുജന സമക്ഷം കൊണ്ടുവരുന്നു.
അതിന്റെ അടുത്ത ദിവസം തന്നെ വിദ്യ എന്ന് പറയുന്ന എസ്.എഫ്.ഐയുടെ മുന്‍ നേതാവിനെതിരെ വ്യാജ എക്‌സ്പീരിയന്‍സ് ഉണ്ടാക്കിയെന്ന ആരോപണം വരുന്നു. ആ ആരോപണവും കൊണ്ടു വരുന്നത് കെ.എസ്.യുവാണ്. എസ്.എഫ്.ഐ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. ആ സാഹചര്യത്തിലാണ് ദേശാഭിമാനിയില്‍ ഇത്തരത്തിലുള്ള പത്രക്കട്ടിങ് ഫോട്ടോസ്റ്റാറ്റ് കോപ്പി പ്രത്യക്ഷപ്പെടുന്നത്.
അതിന്റെ അടുത്ത ദിവസം, ജൂണ്‍ 14ന്, അന്‍സില്‍ ആലപ്പുഴ ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്‍കിയിരുന്നു. ‘എന്റെ പേരില്‍ ദേശാഭിമാനി പത്രത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് പ്രത്യക്ഷപ്പെട്ടു. ഞാന്‍ എസ്.ഡി. കോളേജില്‍ ബി.എ ഹിന്ദി വിദ്യാര്‍ത്ഥിയാണ്. എന്റെ പേരില്‍ ബി.കോം പഠിച്ചുവെന്ന പേരില്‍ സര്‍ട്ടിഫിക്കറ്റ് വരുന്നു, അതില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്’ എന്ന് പരാതി നല്‍കുന്നു,’ അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടത് ദേശാഭിമാനിയാണെന്നും അലോഷ്യസ് പറഞ്ഞു.
‘ഇതില്‍ വ്യക്തത വരുത്തേണ്ടത് ദേശാഭിമാനിയാണ്. ഈ സര്‍ട്ടിഫിക്കറ്റ് എവിടെ നിന്ന് വന്നുവെന്ന് ദേശാഭിമാനി വ്യക്തമാക്കണം. നിഖിലിന്റെയും വിദ്യയുടെയും സര്‍ട്ടിഫിക്കറ്റ് കണ്ടെടുക്കുന്നത് ഒരു സര്‍ക്കാര്‍ കലാലയത്തില്‍ നിന്നാണ്.
എവിടെ നിന്നാണ് ദേശാഭിമാനിക്ക് ഈ സര്‍ട്ടിഫിക്കറ്റ് കിട്ടിയിരിക്കുന്നത്. അന്‍സില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നാണോ?
ഈ പരാതി ജില്ലാ മേധാവിക്ക് നല്‍കിയ അന്ന് തന്നെ ഈ സര്‍ട്ടിഫിക്കറ്റ് അവിടെയുണ്ടോയെന്ന് അന്വേഷിച്ചതായി ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചു. അവിടുത്തെ മേധാവികള്‍ പറഞ്ഞത് അത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് അവിടെയില്ലെന്നാണ്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കൈയിലെടുത്ത് തൂക്കി നോക്കി അത് വ്യാജമാണെന്ന് പറഞ്ഞതു പോലെയൊന്നും കെ.എസ്.യു പറയുന്നില്ല. അന്‍സിലിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. അത് എവിടെ നിന്ന് വന്നു, ആര് ഉണ്ടാക്കി, ദേശാഭിമാനിക്ക് എവിടെ നിന്ന് കിട്ടി. ഇനി വ്യക്തമാക്കേണ്ടത് ദേശാഭിമാനിയാണ്,’ അലോഷ്യസ് പറഞ്ഞു.
അതേസമയം അന്‍സില്‍ ജലീലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വകലാശാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒര്‍ജിനലല്ലെന്ന് പരീക്ഷ കണ്‍ട്രോളറുടെ പരിശോധനയില്‍ സര്‍വകാലശാല സ്ഥിരീകരിക്കുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റിനെതിരെ എസ്.എഫ്.ഐ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. 2016ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.കോം ബിരുദം നേടിയെന്നായിരുന്നു അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരുന്നത്.