| Sunday, 10th February 2019, 7:43 am

അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ?; എ.കെ ആന്റണിയോട് കെ.എസ്.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കോണ്‍ഗ്രസിന്റെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരുന്നതിനെതിരെ കെ.എസ്.യു. എറണാകുളം ജില്ലാ സമ്മേളനത്തിലാണ് കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം കെ.എസ്.യു അവതരിപ്പിച്ചത്.

ജില്ലാ വൈസ് പ്രസിഡന്റ് എസ് ഭാഗ്യനാഥാണ് സമ്മേളനത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്.

തലമുറമാറ്റം പ്രസംഗത്തില്‍ ഒതുക്കാതെ പ്രാവര്‍ത്തികമാക്കണമെന്ന് രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. ചില കാരണവന്മാര്‍ പാരമ്പര്യസ്വത്തുപോലെ മണ്ഡലങ്ങള്‍ കൈയടക്കിവച്ചിരിക്കുകയാണ്.

ALSO READ: തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്നു; ബി.ജെ.പിയെന്ന് തൃണമൂല്‍ ,ഉള്‍പ്പാര്‍ട്ടി സംഘര്‍ഷത്തിന്റെ ഇരയെന്ന് ബി.ജെ.പി

നവോത്ഥാന കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പുത്തന്‍പ്രവണതയാണിത്. മണ്ഡലങ്ങള്‍ കൈയടക്കിവയ്ക്കുകവഴി മൂന്നു തലമുറകള്‍ക്കുവരെ വോട്ടുരേഖപ്പെടുത്താനുള്ള അസുലഭ അവസരമാണ് ഇവര്‍ പൊതുസമൂഹത്തിന് നല്‍കുന്നത്.

മുന്‍കാലങ്ങളില്‍ കേരളം അഭിമാനിച്ചിരുന്ന രാഷ്ട്രീയമൂല്യങ്ങളാണ് ഇതുവഴി തകര്‍ത്തെറിയപ്പെടുന്നത്. തങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവന്‍പോലും രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ച ത്യാഗത്തിന്റെ പ്രതീകമാണ് ഗാന്ധികുടുംബം. പക്ഷെ, ഈ പ്രസ്ഥാനത്തിനുവേണ്ടി കല്ലുകൊണ്ടുപോലും കാല്‍മുറിയാത്ത ചിലരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലിയാണ് ഇപ്പോള്‍ മുഴങ്ങുന്നത്.

ALSO READ: സ്ഥലം മാറ്റം റദ്ദ് ചെയ്തിട്ടില്ല; ബിഷപ്പ് ആഗ്നെലോ ഗ്രേഷ്യസിനെ തള്ളി ജലന്ധര്‍ രൂപത

പോസ്റ്റര്‍ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം നടത്തിയും തല്ലുകൊണ്ടും കോടതി കയറിയും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന യഥാര്‍ഥ പ്രവര്‍ത്തകരുടെ നെഞ്ചത്തേക്ക് നടത്തുന്ന ഇത്തരം സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടണം. “”അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ”” എന്ന ചോദ്യം കേരളത്തിലെ ഉന്നതനേതാക്കന്മാരോട് ചോദിക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ തയ്യാറാകണം.-പ്രമേയത്തില്‍ പറയുന്നു.

65 വയസ്സുണ്ടായിരുന്ന ആര്‍ ശങ്കറിനെ കടല്‍ക്കിഴവന്‍ എന്നുവിളിച്ച് പുറത്താക്കിയ അന്നത്തെ യുവകേസരികളുടെ ആര്‍ജവം ഉള്‍ക്കൊള്ളണമെന്നും രാഷ്ട്രീയപ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. പരിസ്ഥിതി രാഷ്ട്രീയത്തില്‍ പി.ടി തോമസ് ആയിരുന്നു ശരിയെന്നും അന്ന് പരസ്യമായി തള്ളിപ്പറഞ്ഞവര്‍ അദ്ദേഹത്തോട് മനസ്സുകൊണ്ടെങ്കിലും മാപ്പ് പറയണമെന്നും പ്രമേയത്തില്‍ പറയുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more