മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് പൊലീസ് സംരക്ഷണം; നടക്കുന്നത് കെ.എസ്.യുവിന്റെ വ്യാജപ്രചരണമെന്ന് എസ്.എഫ്.ഐ
Kerala
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് പൊലീസ് സംരക്ഷണം; നടക്കുന്നത് കെ.എസ്.യുവിന്റെ വ്യാജപ്രചരണമെന്ന് എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2017, 6:04 pm

സോഫി സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്കൊപ്പം

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ പാലയാട് ലോ കോളെജില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ കെ.എസ്.യു പ്രവര്‍ത്തകയായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വിദ്യാര്‍ത്ഥിനി ക്യാമ്പസില്‍ ഉള്ള സമയത്ത് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് ഉത്തരവ്.

ഒരു പുരുഷ പൊലീസും ഒരു വനിതാ പൊലീസുമാണ് സോഫിയ്‌ക്കൊപ്പമുണ്ടാവുക. സോഫി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ക്യാമ്പസിനു പുറത്തും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം പത്തൊമ്പതാം തിയ്യതി ക്യാമ്പസിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിയമ വിദ്യാര്‍ത്ഥിനിയും കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയുമായ സി.ജെ സോഫി സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സോഫി ഗവര്‍ണര്‍, ജില്ലാ പൊലീസ് മേധാവി, ക്യാമ്പസ് വകുപ്പ് തലവന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസ്‌

പരാതിയില്‍ പൊലീസ് ഒമ്പത് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നുവെങ്കിലും ആരെയും പിടികൂടിയിരുന്നില്ല. പരാതിയില്‍ സര്‍വ്വകലാശാല അന്വേഷണത്തിനായി ഏകാംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മീഷന്റെ അന്വേഷണം പ്രഹസനമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് സോഫി സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സോഫിയുടെ ഹര്‍ജിയില്‍ ധര്‍മ്മടം എസ്.ഐയെ ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു. കോളജില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നായിരുന്നു എസ്.ഐയുടെ വിശദീകരണം. എങ്കില്‍ ഉത്തരവാദിത്തം പൊലീസ് ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇതിനു പൊലീസ് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് സോഫിയ്ക്ക് കോളജില്‍ സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

കേസില്‍ ഉള്‍പെട്ടവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാര്‍ജി നല്‍കിയതുകൊണ്ടാണ് അറസ്റ്റ് നടക്കാത്തതെന്നാണ് ധര്‍മ്മടം പൊലീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

ക്ലാസില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ മുദ്രാവാക്യം എഴുതിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിനു വഴിവെക്കുകയായിരുന്നു. ആക്രമണത്തില്‍ മുന്‍വശത്തെ പല്ല് ഇളകിയെന്നും കഴുത്തിനും കൈക്കും പരിക്കേറ്റെന്നുമായിരുന്നു സോഫിയുടെ പരാതി. അക്രമികള്‍ മരക്കഷണം കൊണ്ട് മുഖത്തടിച്ചപ്പോഴാണ് പല്ല് ഇളകിയതെന്നാണ് അവര്‍ പറയുന്നത്. സംഘര്‍ഷത്തിനു പിന്നാലെ രണ്ടാഴ്ച അടച്ചിട്ടിരുന്ന ക്യാമ്പസ് കഴിഞ്ഞ ദിവസമാണ് തുറന്നത്.

ആക്രമണത്തില്‍ പരുക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകനായ ഉനൈസ്

ക്യാമ്പസിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ ഉനൈസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെയാണ്:

“കോളജില്‍ നിരന്തരം എസ്.എഫ്.ഐയുടെ ഭീഷണികള്‍ നേരിട്ടാണ് കെ.എസ്.യു പ്രവര്‍ത്തിക്കുന്നത് ക്ലാസില്‍ ആരോ എസ്.എഫ്.ഐക്കെതിരെ എഴുതിയെന്നാരോപിച്ച് ഷാദ്, ഫവാസ് എന്നീ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്കൊപ്പം ഞങ്ങള്‍ ക്ലാസുകളില്‍ ക്യാമ്പയിന്‍ നടത്തി. മറ്റൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. കെ.എസ്.യു പ്രവര്‍ത്തകരാരും എസ്.എഫ്.ഐക്കെതിരെ ഒന്നും എഴുതിയിട്ടില്ലെന്നും ഞങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോളെജില്‍ നിന്ന് പുറത്ത് പോകാമെന്നും ഞങ്ങള്‍ പറഞ്ഞു.

എന്നാല്‍ നിങ്ങള്‍ കാമ്പയിന്‍ നടത്തുമല്ലെ എന്ന് ചോദിച്ച് ഞങ്ങളെ മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ എനിക്ക് തലക്കടിയേറ്റ് ബോധം പോയത് കാരണം രണ്ട് ദിവസം ഐ.സി.യുവിലായിരുന്നു. പിന്നീടാണ് സോഫിക്ക് ക്രൂരമായി അടിയേറ്റ കാര്യവും മറ്റും ഞാന്‍ അറിഞ്ഞത്. ഞങ്ങളുടെ ഭാഗത്ത് സത്യമുള്ളതുകൊണ്ടാണ് ഇപ്പോള്‍ കോടതി ഇങ്ങനെയൊരു വിധി പുറപ്പടുവിച്ചത്.”

ലോകോളേജിലെ എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് പ്രചരണം

എന്നാല്‍ ആരോപണങ്ങള്‍ എസ്.എഫ്.ഐ നിഷേധിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കെ.എസ്.യുവിന് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് വരുത്തി തീര്‍ക്കാന്‍ കെ.എസ്.യു വ്യാജ പ്രചരണം നടത്തുകയാണെന്ന് എസ്.എഫ്.ഐയുടെ ജില്ലാ കമ്മറ്റിയംഗവും കോളെജിലെ അഞ്ചാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ ഹസ്സന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

“കോളെജില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ ഉന്തും തള്ളും കെ.എസ്.യു പര്‍വ്വതീകരിക്കുകയായിരുന്നു. ടീച്ചര്‍മാര്‍ എല്ലാവരും ഇതിന് സാക്ഷികളാണ്. അത് തന്നെ ആണ്‍കുട്ടികള്‍ തമ്മില്‍ നടന്ന ഒരു കലഹമാണ്. ഇതില്‍ സോഫിയെ ആരും ഒന്നും ചെയ്തിട്ടില്ല. ഈ സംഭവത്തിനുശേഷം കഴിഞ്ഞ ഒന്നാം തിയ്യതി രക്ഷിതാക്കളും അധ്യാപകരും യോഗം ചേരുകയും അതില്‍ കെ.എസ്.യു അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഒത്ത് ചേര്‍ന്ന് ക്യാമ്പസില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. മനപൂര്‍വ്വം പ്രശ്നം വഷളാക്കാനാണ് കെ.എസ്.യു ഇപ്പോള്‍ ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. പൊലീസ് പ്രൊട്ടക്ഷന്‍ നല്‍കേണ്ട പ്രശ്നങ്ങളൊന്നും ഇവിടെയില്ല.” ഹസ്സന്‍ പറഞ്ഞു.

“പെണ്‍കുട്ടിയെ ആക്രമിച്ചു എന്ന പരാതി വ്യാജമാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഞങ്ങള്‍ പരാതി നല്‍കും. യഥാര്‍ത്ഥത്തില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റേന്ന് പറയുന്ന ഉനൈസ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ പ്രിയേഷിനെയും ആദര്‍ശിനെയും ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിഷേപിക്കുകയുമാണ് ചെയ്തത്. ഇതിനെതിരെ ഞങ്ങള്‍ നിയമ നടപടി സ്വീകരിക്കും” ഹസ്സന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ എസ്.എഫ്.ഐയുടെ ആരോപണങ്ങള്‍ കെ.എസ്.യു നിഷേധിച്ചു. പേരിന് ഒരു സിന്‍ഡിക്കേറ്റ് അന്വേഷണമാണ് നടന്നത്. പ്രശ്നം ഒതുക്കിതീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. രക്ഷിതാക്കളുടെ യോഗത്തില്‍ ഭൂരിപക്ഷമാളുകളും അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പറഞ്ഞത്. യോഗത്തില്‍ ഞങ്ങള്‍ പങ്കെടുത്തു എന്ന ലിസ്റ്റില്‍ മാത്രമാണ് ഒപ്പ് വെച്ചത്. പിന്നെ സംഘര്‍ഷം നടന്നിട്ടില്ലെന്നും സംഘടനാ സ്വാതന്ത്യം എസ്.എഫ്.ഐ എത്രത്തോളം നല്‍കുന്നുണ്ടെന്നതും മറ്റു വിദ്യാര്‍ത്ഥി സംഘടനകളിലുള്ളവരോട് ചോദിച്ചാല്‍ അറിയാം. എന്ത് നടന്നാലും എസ്.എഫ്.ഐ ഇത് തന്നെയല്ലെ പറയൂ” ഉനൈസ് ചോദിക്കുന്നു.

എസ്.എഫ്.ഐ പ്രവര്‍ത്തകനായ പ്രിയേഷിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന ആരോപണവും ഉനൈസ് നിഷേധിച്ചു.
“അയാള്‍ ഏതു ജാതിയില്‍പ്പെട്ടയാളാണെന്ന് എനിക്ക് അറിയില്ല. എല്ലാവരെയും മനുഷ്യജാതിയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍” എന്നും ഉനൈസ് പറഞ്ഞു.


Also Read നോട്ടു നിരോധനത്തിന്റെ രക്തസാക്ഷികള്‍


കഴിഞ്ഞ മാസം നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് അടഞ്ഞ് കിടന്നിരുന്ന കോളെജില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി പി.ടി.എ യോഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം, നവംബര്‍ ഒന്നിനായിരുന്നു സമാധാന യോഗം വിളച്ച് ചേര്‍ത്തത്. യോഗത്തില്‍ ആറാം തിയ്യതി ക്ലാസുകള്‍ പുനരാരംഭിക്കാനും പെരുമാറ്റചട്ടം രൂപീകരിക്കാനും തീരുമാനമായിരുന്നു.

പ്രത്യേക പി.ടി.എ യോഗത്തില്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ എ. നിശാന്ത്, ക്യാംപസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ: കുഞ്ഞഹമ്മദ്, ധര്‍മ്മടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊലപ്പാടി രമേശന്‍, പി.ടി.എ പ്രസിഡന്റ് ജയറാംദാസ്, വകുപ്പ് മേധാവി കവിതാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്‌

പെടുന്നനെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വകുപ്പ് മേധാവി കവിതാ ബാലകൃഷ്ണന്‍, ഷിബു പുത്തലത്ത്, ജെ.ഷീജ, ഡി.എസ്.യു ചെയര്‍മാന്‍ വിദ്യാര്‍ത്ഥിസംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയ പ്രശ്‌നപരിഹാര സമിതി രൂപവത്ക്കരിക്കാനും തീരുമാനമായിരുന്നു. കൂടാതെ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് മാപ്പ് എഴുതി വാങ്ങാനും തീരൂമാനം എടുത്തു.

അതേസമയം സിന്‍ഡിക്കേറ്റ് നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ ഡൂള്‍ന്യൂസ് ഏകാംഗ കമ്മീഷനായ എ. നിഷാന്തുമായി ബന്ധപ്പെട്ടെങ്കിലും ഈ ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

“1-11-17 നാണ് കോളേജില്‍ ഹിയറിങ്ങും മീറ്റിങ്ങും നടന്നത്. പക്ഷേ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് 13 ാം തിയതി നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ മാത്രമാണ്. കാരണം എം.ജി യൂണിവേഴ്സിറ്റിയുടെ വി.സി തന്നെയാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടേയും വി.സി. അതുകൊണ്ട് റിപ്പോര്‍ട്ട് വി.സി കണ്ട ശേഷം മാത്രമേ റിപ്പോര്‍ട്ട് അംഗീകരിക്കാനും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനും പറ്റൂ. ഇതിനുവേണ്ടിയാണ് നവംബര്‍ 13 ാം തിയതി സിന്‍ഡിക്കേറ്റ് യോഗം നടക്കുന്നത്. അതിന് മുന്‍പ് റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നും തന്നെ പുറത്തുപറയാന്‍ പറ്റില്ല.

ഒരുപാട് പ്രശ്നങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. ഇത് പ്രമാദമായ ഒരു വിഷയമാണ്. ഒരുപാട് ദിവസം കോളേജൊക്കെ അടച്ചിടേണ്ടി വന്ന പ്രശ്നമാണ്. അതുകൊണ്ട് വി.സി ആ റിപ്പോര്‍ട്ട് കണ്ട് അംഗീകരിച്ചശേഷം മാത്രമേ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയൂ. ” എന്നായിരുന്നു സിന്‍ഡിക്കേറ്റ് മെമ്പറും പയ്യന്നൂര്‍ കോളേജ് അധ്യാപകനുമായ എ. നിഷാന്തിന്റെ പ്രതികരണം.

 

കോളെജില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് യൂണിവേഴ്‌സിറ്റി രജിസ്ട്രാറോട് ചോദിക്കാതെ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് വകുപ്പ് മേധാവി കവിത ബാലകൃഷണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. കോളെജില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് സിന്‍ഡിക്കേറ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കോളെജില്‍ സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നും കവിത പറഞ്ഞു. കോളെജില്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ നടക്കാറുണ്ടെന്നും അവര്‍ ഡൂള്‍ ന്യൂസിനോട് വെളിപ്പെടുത്തി.

നിരന്തരം സംഘര്‍ഷം നടക്കുന്ന കോളെജില്‍ സമാധാനം പുനസ്ഥാപിക്കാനാണ് കോളെജ് അധികൃതരുടെ ശ്രമം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഈ പ്രശ്‌നമെന്നത് എസ്.എഫ്.ഐക്കും പാര്‍ട്ടി നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്. അതേസമയം സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാതെ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിന് പ്രക്ഷോഭം ശക്തമാക്കാനാണ് കെ.എസ്.യു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.