| Thursday, 29th November 2018, 3:33 pm

കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്ക് കെ.എസ്.യു പ്രവര്‍ത്തകയുടെ പരാതി; പൊലീസും കെ.പി.സി.സിയും നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പീഡിപ്പിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കെ.എസ്.യു പ്രവര്‍ത്തകയുടെ പരാതി. തൃശൂര്‍ ജില്ലയിലെ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ യദു കൃഷ്ണനെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ ഇതുസംബന്ധിച്ച് കെ.പി.സി.സിക്കും, പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെ സമീപിക്കുന്നത്.

കെ.എസ്.യു പ്രവര്‍ത്തകയും വിദ്യാര്‍ഥിയുമാണ് താന്‍. തന്റെ ചെറുപ്രായത്തിലേ പിതാവിനെ നഷ്ടപ്പെട്ടതാണ്. വീടില്ലാത്ത തനിക്ക് വീടുവെച്ചുതരാന്‍ സ്‌കൂളിലെ എന്‍.സി.സി യൂണിറ്റ് പദ്ധതിയിട്ടിരുന്നു. വീട് നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് രാത്രി ഒമ്പതു മണിക്ക് യദുകൃഷ്ണന്റെ തന്റെ വീട്ടിലെത്തി. അസുഖം കാരണം കിടക്കുകയായിരുന്നു തന്നെ ഇയാള്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനാണ് താനാഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിലാണ് തനിക്കു വിശ്വാസം. എന്നാല്‍ ഇത്തരം വ്യക്തികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും. പെണ്‍കുട്ടികള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു തന്നെ കടന്നുവരാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിനാലുണ്ടാവുന്നത് എന്നും പരാതിയില്‍ പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.

തനിക്കു നീതി ലഭിക്കണം അതിനുള്ള അര്‍ഹത തനിക്കുണ്ട് എന്നും പെണ്‍കുട്ടി രാഹുല്‍ ഗാന്ധിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

Also Read:ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി കര്‍ഷക മാര്‍ച്ച്; പാര്‍ലമെന്റിന് മുന്നില്‍ തടഞ്ഞാല്‍ നഗ്നരായി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍

കേസുമായി ബന്ധപ്പെട്ട പൊലീസ് രേഖകളടക്കം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെ സമീപിച്ചിരിക്കുന്നത്. ഇതേ പരാതി തന്നെയായിരുന്നു നേരത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നല്‍കിയിരുന്നത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടി കഴിഞ്ഞമാസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രനെ പരാതിയുമായി സമീപിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ വലിയ തോതിലുള്ള നടപടിയൊന്നുമുണ്ടായില്ല. പിന്നീട് പെണ്‍കുട്ടിയുടെ സമ്മര്‍ദ്ദം ശക്തമായതോടെ ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. എന്നാല്‍ ഈ അന്വേഷണ കമ്മീഷന്‍ മൊഴിയെടുക്കലും മറ്റും കഴിഞ്ഞെങ്കിലും അനുകൂലമായ ഒരു റിപ്പോര്‍ട്ടും പുറത്തുവിടാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. ഇതോടെ നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകട്ടെയെന്ന നിലപാടാണ് കെ.പി.സി.സി നേതൃത്വം സ്വീകരിച്ചത്.

Also Read:മോദിസര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് വികസനത്തിന് ചൂട്ടുപിടിക്കുമ്പോള്‍ തോല്‍പിക്കപ്പെടുന്നത് നിങ്ങളാണ് സഖാക്കളേ വയല്‍ക്കിളികളല്ല

പെണ്‍കുട്ടിയുടെ പരാതിയില്‍ നിന്നും പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു മനസിലാക്കിയതിനെ തുടര്‍ന്ന് പൊലീസ് പോസ്‌കോ നിയമപ്രകാരം കേസെടുത്തിരുന്നു. അതോടൊപ്പം അറസ്റ്റുള്‍പ്പെടെയുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകണമെന്നായിരുന്നു ഇക്കാര്യത്തില്‍ പൊലീസിന്റെ നിലപാട്.

എന്നാല്‍ യദു കൃഷ്ണന്‍ ഒളിവിലാണ് എന്ന വിവരമാണ് പൊലീസിനു ലഭിച്ചത്. അതുകൊണ്ടുതന്നെ പെണ്‍കുട്ടിയുടെ പരാതിയില്‍ ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് പെണ്‍കുട്ടി പരാതിയുമായി രാഹുല്‍ ഗാന്ധിയെ സമീപിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more